ചെലവ് ചുരുക്കി വീട് പണിയുക എന്നത് സത്യത്തില്‍ സാധ്യമല്ലാത്തൊരു കാര്യമാണ്. വീട് പണിയുമ്പോള്‍ യഥാര്‍ഥത്തില്‍ ഒന്നിനും നമുക്ക് ചെലവ് കുറയ്ക്കാനാവില്ല. ഒരു കല്ലിന് 40 രൂപയാണെങ്കില്‍ ആ കല്ല് 20 രൂപയ്ക്ക് തരാന്‍ ആരും തയ്യാറാവില്ല. അപ്പോള്‍ എങ്ങനെയാണ് വീടുപണിയില്‍ ചെലവ് ചുരുക്കാനാവുക? പോംവഴി ഒന്നേയുള്ളൂ, വീടിന്റെ പ്ലാന്‍ ചുരുക്കുക. നമുക്ക് ജീവിക്കാന്‍ എത്ര സ്‌ക്വയര്‍ഫീറ്റ് വേണം എന്നു തീരുമാനിച്ചുകൊണ്ട് വീടുപണി ആരംഭിക്കാം. 
 
ഉദാഹരണത്തിന് ചെറിയൊരു ഫ്‌ളാറ്റില്‍ താമസിക്കുന്നവരാണെങ്കില്‍ അവിടുത്തെ അടുക്കള 60 സ്‌ക്വയര്‍ഫീറ്റ് മാത്രമായിരിക്കുമുണ്ടാവുക. ആ അടുക്കളയില്‍ നിന്നാണ് മൂന്ന് നേരം ഭക്ഷണമുണ്ടാക്കുന്നതും 30 പേരൊക്കെ കഴിക്കുന്നതും. പക്ഷേ, അവര്‍ വീടുണ്ടാക്കുമ്പോള്‍ ആവശ്യപ്പെടുന്നതാവട്ടെ 300-400 സ്‌ക്വയര്‍ഫീറ്റുള്ള അടുക്കള വേണമെന്നാവും. അതുകൂടാതെ വര്‍ക്ക് ഏരിയ, സ്റ്റോര്‍ റൂം എന്നിവ വേറെയും. അപ്പോള്‍ 60 സ്‌ക്വയര്‍ ഫീറ്റ് 600ലേക്കെത്തുമ്പോള്‍ ചെലവും കൂടും. 

സാധാരണ ഒരു ബെഡ്‌റൂമിന് 10/10 വിസ്തീര്‍ണം ധാരാളമാണ്. അതിനുള്ളില്‍ ഒരു വാര്‍ഡ്രോബും മാത്രം മതി. പക്ഷേ, പുതിയ വീട് നിര്‍മിക്കുമ്പോള്‍ ഈ വിസ്തീര്‍ണം പോരാതാവും. വലിയ ബെഡ്‌റൂം തന്നെ വേണ്ടിവരും. ഏകദേശം 12/12 വിസ്തീര്‍ണത്തില്‍. പിന്നെ റൈറ്റിങ് ടേബിള്‍ പോലുള്ള അവശ്യങ്ങള്‍ വേറെയും ലിസ്റ്റ് ചെയ്യും. ഡൈനിങ് സ്‌പേസില്‍ കൂടിപ്പോയാല്‍ ആറുപേര്‍ക്കിരിക്കാവുന്ന സെറ്റ് മതി.  ഇങ്ങനെ 1200-1300സ്‌ക്വയര്‍ഫീറ്റില്‍ നല്ലൊരു ചെറിയ വീട് നമുക്ക് പണിയാനാവും. അതുകൊണ്ട് ആദ്യം തന്നെ നമ്മുടെ ആവശ്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയശേഷം വീടിന്റെ പ്ലാന്‍ വരയ്ക്കാം. 

ഡിസൈനറിന് അടുത്തെത്തും മുമ്പ് തന്നെ ഒരു പേപ്പറില്‍ നമ്മുടെ മനസ്സിലുള്ള വീടിന്റെ പ്ലാന്‍ സ്വയം വരച്ചുനോക്കാം. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ സുഖവും സൗകര്യങ്ങളും മനസ്സിലാക്കിക്കൊണ്ട് തന്നെ പുതിയ വീട് പ്ലാന്‍ ചെയ്യാം. 

നമുക്ക് സ്വസ്ഥമായും സുഖമായും കിടന്നുറങ്ങാനും ചെലവഴിക്കാനും പറ്റുന്നൊരിടമാവണം വീട്. എടുത്താല്‍ തീരാത്ത കടവും ലോണും പേറി ആജീവനാന്തം ടെന്‍ഷനടിച്ച് നടക്കാനിടവരരുത്. കൈയിലെത്ര പണമുണ്ടോ അതിലൊതുങ്ങുന്ന വീട് മതിയെന്ന് മനസ്സിലുറപ്പിച്ചാല്‍ മാത്രം മതി. 

ഇനി കൈയില്‍ കുറച്ചുപൈസയേ ഉള്ളുവെങ്കില്‍ സഹകരണബാങ്കുകളില്‍ സര്‍ഫാസി പിടിച്ചുവെച്ച വീടുകളുണ്ടാവും. ബാങ്കില്‍ നിന്ന് ലോണെടുത്തിട്ട് തിരിച്ചടക്കാനാവാതെ കഷ്ടപ്പെടുന്നവരുണ്ടാവാം. ആ വീട് വാങ്ങി അല്പം മോടിപിടിപ്പിച്ചാല്‍ ചെറിയ മുതല്‍മുടക്കില്‍ നമുക്കൊരു വീട് സ്വന്തമാക്കാം. സ്ഥലം വാങ്ങുന്നതിനും പുതിയ വീട് പണിയുന്നതിന്റെയുമൊക്കെ ആകെ ചെലവ് കുറയുകയും ചെയ്യും. 
 
(കടപ്പാട്- ജയന്‍ ബിലാത്തിക്കുളം, ഡിസൈനര്‍, കോഴിക്കോട്)

Content Highlights: how to build a cost efficient house