സൗന്ദര്യവും സൗകര്യവുമുള്ള ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മിക്കുന്ന പ്രശസ്ത വാസ്തുശില്പി ജി. ശങ്കറിനെ സമീപിച്ച് ഒരാള്‍ ആവശ്യപ്പെട്ടതിങ്ങനെ: ''സര്‍ എനിക്കൊരു ലോ കോസ്റ്റ് വീടുണ്ടാക്കിത്തരണം, പൈസ എത്രയായാലും വേണ്ടില്ല.'' കെട്ടിടം എന്നാല്‍ 'കെട്ട ഇടം' ആവരുത് എന്ന നിര്‍ബന്ധബുദ്ധിയാണ് ശങ്കറിന്റെ വീടുകളെ ഇപ്രകാരം ജനങ്ങള്‍ക്ക് പ്രിയങ്കരമായ, മനോഹരശില്പങ്ങളാക്കി മാറ്റുന്നത്.

ഞങ്ങള്‍ പരിചയപ്പെടുന്നത് ലണ്ടനില്‍വെച്ചാണ് എന്നതാണ് കൗതുകകരം. വര്‍ഷം 2007. 'ഗ്ലോബല്‍ കേരളാ ഇനിഷ്യേറ്റീവ്' എന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനമായിരുന്നു. ഉദ്ഘാടനച്ചടങ്ങ് നടന്നത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍. ഞാനെഴുതിയ 'ആധുനിക മലയാള ശൈലി' എന്ന പുസ്തകം അന്നവിടെ പ്രകാശിപ്പിച്ചിരുന്നു. ശങ്കര്‍ എന്നോട് ഒരു പുസ്തകം വാങ്ങിക്കൊണ്ടുപോയി. രാത്രി മുഴുവന്‍ ഇരുന്ന് അത് വായിച്ചുതീര്‍ത്തു. പിറ്റേ ദിവസത്തെ സമ്മേളനത്തില്‍ അദ്ദേഹം സംസാരിച്ചത് എന്റെ പുസ്തകത്തെപ്പറ്റിയായിരുന്നു. തിരക്കുപിടിച്ച ഒരു എന്‍ജിനീയറായ അദ്ദേഹത്തിന് ഭാഷാസാഹിത്യ വിഷയങ്ങളില്‍ ഇത്ര അഗാധമായ ജ്ഞാനമുണ്ടായതെങ്ങനെ എന്നു ഞാന്‍ സംശയിക്കാതിരുന്നില്ല. പിന്നീടൊരിക്കല്‍ തന്റെ വിചിത്രമായ ജീവിതകഥ അദ്ദേഹം എന്നോട് വെളിപ്പെടുത്തി.

ജി. ശങ്കര്‍ ജനിച്ചത് ആഫ്രിക്കയിലാണ്. അച്ഛന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. 'സ്വാഹിലി' എന്ന ഗോത്രവര്‍ഗ ഭാഷയാണ് ആദ്യം പഠിച്ചത്. നാട്ടില്‍വന്നു മൂന്നാംക്ലാസില്‍ ചേര്‍ന്നപ്പോഴാണ് ഒരു നിലത്തെഴുത്താശാനെ വെച്ച് മലയാളം പഠിക്കുന്നത്. പിന്നെ മലയാളം വായനയില്‍ കമ്പം കയറി. ആറാം ക്ലാസില്‍ വെച്ചുതന്നെ ചങ്ങമ്പുഴ, കെ. സുരേന്ദ്രന്‍, എം.ടി, കാക്കനാടന്‍ എന്നിവരുടെ കിട്ടാവുന്ന കൃതികളെല്ലാം തേടിപ്പിടിച്ച് വായിച്ചു. 'മലയാളരാജ്യം' എന്ന വാരികയില്‍ വന്ന പുനര്‍ജന്മകഥകള്‍ വായിച്ചപ്പോള്‍ മരിക്കണം എന്ന ആഗ്രഹം കലശലായി. സാര്‍ത്രിന്റെയും കമ്യുവിന്റെയും കൃതികള്‍ വഴി അസ്തിത്വദുഃഖവും പിടികൂടി. ജീവിതകാമനയും മരണാസക്തിയും തുല്യ തീവ്രതയില്‍ ബാധിച്ചപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടു. ആത്മഹത്യ ചെയ്യണമെന്ന ചിന്തയുമായി നാളുകള്‍ പോക്കി. കുറച്ചുനാള്‍ പഠനമുപേക്ഷിക്കുകയും ചെയ്തു.

അക്കാലത്താണ് ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെടുന്നത്. അതുവഴി കിട്ടിയ ഇടതുപക്ഷ വീക്ഷണം 'വായിച്ചുവളര്‍ന്ന' തന്റെ കാഴ്ചപ്പാടുകളെ നേരെയാക്കി. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ മനുഷ്യന്റെ യഥാര്‍ഥ ദുഃഖമെന്തന്ന് നേരിട്ട് അറിയാനായി. 'നാളെ' എന്നൊന്നില്ലാത്ത, ഒരു കൂരപോലും സ്വന്തമായില്ലാത്ത ആ പരമദരിദ്രര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്താലേ തന്റെ ജീവിതത്തിന് ഒരു നീതിവത്കരണമുണ്ടാവൂ എന്ന തോന്നലില്‍നിന്നാണ് ഒരു ആര്‍കിടെക്ട് ആവാനുള്ള തീരുമാനം. പഠിക്കാന്‍ മിടുക്കനായിരുന്നു. കണക്ക് വെറുപ്പായിരുന്നെങ്കിലും കണക്കിന് മുഴുവന്‍ മാര്‍ക്കും കിട്ടി. അന്നൊക്കെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ജിനീയറിങ് പ്രവേശനം.

അക്കാലത്ത് വാസ്തുവിദ്യ എന്നാല്‍ ബ്രിട്ടീഷ് വാസ്തുവിദ്യയാണ്. പാവപ്പെട്ടവന്റെ വാസ്തുവിദ്യ വേണമെന്ന് പറഞ്ഞു. കലഹിക്കുന്ന ശങ്കര്‍ അധികൃതര്‍ക്ക് തലവേദനയായി. പ്രൊഫഷണല്‍ കോളേജുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം കൊണ്ടുവരുന്നതില്‍ ശങ്കറും മുഖ്യപങ്കുവഹിച്ചു. 'സംസ്‌കാര' എന്നൊരു സംഘടനയുണ്ടാക്കി എന്‍ജിനീയറിങ് പഠനത്തിന് ഒരു സാംസ്‌കാരികമുഖം നല്‍കി. കലാകാരന്മാരെയും എഴുത്തുകാരെയും കോളേജില്‍ കൊണ്ടുവന്നു. അധ്യാപകരുടെ അപ്രിയം കാരണം തോല്‍വി ഉറപ്പിച്ചിരുന്നെങ്കിലും കഷ്ടിച്ച് കടന്നുകൂടി.

സിനിമ കാണാന്‍ പോകുമ്പോള്‍ പരിചയപ്പെട്ട ഫിലിപ്പ് എന്ന സുഹൃത്തിന്റെ വീടാണ് ആദ്യം പണിതത്. പകുതിസമയം താന്‍ താന്‍തന്നെ പണിക്കാരനായും പ്രവര്‍ത്തിച്ചു. നിര്‍മാണ സാമഗ്രികളെപ്പറ്റിയുള്ള പ്രായോഗിക ജ്ഞാനത്തിന് അത് ഉപകാരപ്പെട്ടു. 1983-ല്‍ ഉപരിപഠത്തിന് ഇംഗ്ലണ്ടില്‍ പോയി. 1987-ല്‍ ഹാബിറ്റാറ്റ് എന്ന പ്രസ്ഥാനത്തിന് രൂപംകൊടുത്തു. ആ വര്‍ഷം പതിമൂന്ന് വീടുകള്‍ പണിതു. 1990 ആയപ്പോഴേക്കും വീടുകളുടെ എണ്ണം ആയിരം കടന്നു. ലാറി ബേക്കറെ ഗുരുതുല്യനായി കരുതുന്ന ശങ്കറിനെ അദ്ദേഹത്തിന്റെ ലാളിത്യവും സൗന്ദര്യബോധവും വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.

ഭാരതത്തിന്റെ അതിര്‍ത്തികളും കടന്ന് ശങ്കറിന്റെ വീടുകള്‍ മൊറോക്കോ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലുമുയര്‍ന്നു. ചേരികളിലെ പുനരധിവാസവും ഭൂകമ്പ ദുരിതമേഖലകളിലെ വീടുകളുടെ പുനരുദ്ധാരണവുമാണ് ശങ്കറിനെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനാക്കിയത്. ലാത്തൂര്‍ മുതല്‍ ഉത്തരാഖണ്ഡ് വരെ ആയിരക്കണക്കിന് വീടുകളാണദ്ദേഹം നിര്‍മ്മിച്ചത്. ആറ് ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ ബംഗ്ലാദേശില്‍ നിര്‍മിച്ച മണ്‍കെട്ടിട സമുച്ചയത്തിന് തുല്യമായി ലോകത്തില്‍ മറ്റൊന്നില്ല. ഇതിനകം ഒന്നേകാല്‍ ലക്ഷത്തില്‍പ്പരം വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു അദ്ദേഹം. ഏറ്റവും മികച്ച ഹരിത ഗൃഹനിര്‍മാണത്തിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. 2011-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.

ഞങ്ങളുടെ ലണ്ടന്‍ ദിനങ്ങളിലൊരു ദിവസം ഒരു സുഹൃത്തിന് ഒരു അക്കിടിപറ്റി. ഒരു രാത്രി വെറുതെ ഒന്ന് ചുറ്റിനടക്കാനിറങ്ങിയ അയാളെ ഒരു അക്രമി കത്തികാട്ടി ഭയപ്പെടുത്തി കൈയിലുള്ള പണമത്രയും പിടിച്ചുവാങ്ങി. മാത്രമല്ല, അയാളെ ഒരു ടോയ്​ലറ്റിലാക്കി പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇക്കഥ കേട്ടപ്പോള്‍ ''പണം ഹോട്ടലിലെങ്ങാന്‍ വെച്ചിട്ട് പോയാല്‍ പോരായിരുന്നോ'' എന്നൊരാള്‍ ചോദിച്ചു. അപ്പോള്‍ ശങ്കര്‍ പറഞ്ഞു: ''അത് കൂടുതല്‍ അപകടമാണ്. അവന്‍ ചോദിച്ചപ്പോള്‍ പണം കൊടുത്തതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി. അല്ലെങ്കില്‍ അവന്‍ ആ കത്തി വയറ്റില്‍ കുത്തിക്കയറ്റി സ്ഥലംവിടുമായിരുന്നു.'' എന്നിട്ടദ്ദേഹം തനിക്ക് പിണഞ്ഞ ഒരപകടത്തെപ്പറ്റി പറഞ്ഞു:

''ഐക്യരാഷ്ട്രസഭയുടെ ലോക പാര്‍പ്പിടസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫിലിപ്പീന്‍സിലെ മനിലയിലെത്തിയ അദ്ദേഹത്തിന്റെ സഹായിയായി അടുത്തുകൂടിയ ഒരു മനുഷ്യന്‍ ഒരുദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഒരു ഗ്ലാസിലുള്ള പാനീയം നീട്ടിക്കൊണ്ട് അയാള്‍ കുടിക്കാനാജ്ഞാപിച്ചു. അയാളുടെ മറ്റേ കൈയില്‍ തോക്കായിരുന്നതിനാല്‍ അതുവാങ്ങി കുടിച്ചു. പിറ്റേന്ന് കൈവശമുള്ളതെല്ലാം നഷ്ടപ്പെട്ട് വളരെ ദൂരെയുള്ള ഒരു ഗ്രാമപാതയില്‍ അബോധാവസ്ഥയില്‍ കിടന്ന ശങ്കറിനെ ഒരു ടാക്‌സിക്കാരനാണ് രക്ഷപ്പെടുത്തിയത്. പുറത്തുപോകുമ്പോള്‍ കൈയില്‍ കുറെ പണം കരുതിയിരിക്കണം എന്നാണിക്കഥയുടെ ഗുണപാഠം.

ശങ്കര്‍ സൃഷ്ടിച്ച വാസ്തുവിപ്ലവത്തില്‍ അമര്‍ഷംപൂണ്ട വന്‍കിട റിയല്‍ എസ്റ്റേറ്റ് ലോബി അദ്ദേഹത്തെ അപായപ്പെടുത്താന്‍ നോക്കിയതിന്റെ സ്മാരകമായി കൈത്തണ്ടയില്‍ സ്റ്റീല്‍ കമ്പികളുമായാണ് അദ്ദേഹത്തിന്റെ ജീവിതം.

താന്‍ സൃഷ്ടിച്ച വീടുകളെക്കാള്‍ സുന്ദരമാണ് അദ്ദേഹത്തിന്റെ മലയാളം. ഒതുക്കവും തെളിച്ചവുമുള്ള ആ രചനാശൈലി വാസ്തുബ്രഹ്മത്തിന്റെയെന്നപോലെ നാദബ്രഹ്മത്തിന്റെയും ഉപാസകനാണ് താനെന്ന് തെളിയിക്കുന്നു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: how g shankar became an architect