സ്വന്തമായി ഒരു വീട് ഏതൊരാളുടേയും സ്വപ്നമാണ്. അനുയോജ്യമായ സ്ഥലം കണ്ടെത്തലാണ് പ്രയാസം. കുറഞ്ഞ വിലയില്‍, ചതുപ്പ് നിലമല്ലാത്ത, വാഹനങ്ങള്‍ക്ക് യഥേഷ്ടം എത്താന്‍ പറ്റുന്ന, ശുദ്ധജലം ലഭിക്കുന്ന ഒരു സ്ഥലം. വീട് വെക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ ആദ്യ ആവശ്യം ഇതാണ്.

അവിടെ കിടപ്പുമുറി, ഹാള്‍, അടുക്കള എന്നിവയോടെ, ഒരു ചെറിയ പാര്‍പ്പിടം (1BHK, 2 BHK, 3 BHK). 600 ച.അടി മുതല്‍ 1200 ച.അടി വരെയുള്ളത്. നിര്‍മ്മാണ ചെലവ് ച.അടിക്കു ഉദ്ദേശം 1500 രൂപ കൂട്ടിയാല്‍ 600 ച.അടി ഉള്ള 1BHK വീട് പണിയാന്‍ വേണ്ടത് ഏകദേശം ഒമ്പതു ലക്ഷം. ഒരു ലക്ഷം രൂപയുടെ മൂന്നു സെന്റ് സ്ഥലം ഉള്‍പ്പെടെ ആകെ ചെലവ് 12 ലക്ഷം. ഒരു ഇടത്തരം കുടുംബത്തിന്  2BHK പാര്‍പ്പിടം വേണം. 900 ച.അടിയുടെ ഈ വീടിനു നിര്‍മ്മാണചെലവു 13.5 ലക്ഷം. മൂന്നുസെന്റ് സ്ഥലത്തിനു മൂന്നു ലക്ഷം വേറെ. ആകെ 16.5 ലക്ഷം രൂപ. (ഇത് ഒരു ഏകദേശ കണക്കു മാത്രമാണ് -ജൂലൈ 2020ലെ നിലവാരമനുസരിച്ച്).

സ്വന്തമായി വീടില്ലാത്തവര്‍ നമ്മുടെ സംസ്ഥാനത്ത് പെരുകുകയാണ്. സ്ഥലത്തിന്റെ വിലയാണ് വീട് എന്ന സ്വപ്നം അസാധ്യമാക്കുന്നത്. കുറഞ്ഞ വിലയ്ക്കു സ്ഥലം ലഭിക്കുക പ്രയാസമാണ്. ലഭിച്ചാലും വഴി, വെള്ളം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ഉണ്ടാവില്ല. ഇപ്പോഴുള്ള വീടുകളാവട്ടെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച സ്ഥലത്തു പണിതവയാണ്. ഒരു വ്യക്തമായ നഗരാസൂത്രണത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ടവയല്ല. വഴിയോ മറ്റു സൗകര്യങ്ങളോ അവിടെയും പരിമിതമായിരിക്കും. 

സംസ്ഥാനത്ത് ദരിദ്രരായ ഭവനരഹിതര്‍ തന്നെ അഞ്ചു ലക്ഷത്തോളം വരുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ രണ്ടു  ലക്ഷത്തോളം വീടുകള്‍ LIFE പദ്ധതി പ്രകാരം 2020 ഫെബ്രുവരിയോടെ സര്‍ക്കാര്‍ കൈമാറുകയുണ്ടായി. EWS (സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍), LIG (Low income group), MIG  (Middle income group), HIG (High income group), NRK (Non resident Keralites) എന്നീ വിഭാഗങ്ങളിലെല്ലാം ഭവനരഹിതരുണ്ട്. അവര്‍ക്കെല്ലാം ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ ഉള്ള വാസസ്ഥലം ആവശ്യമാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിനും സാംസ്‌കാരിക ഉന്നമനത്തിനും സ്വന്തമായ ഒരു വീട് അനിവാര്യമാണ്. മറ്റു പല മേഖലയിലുമെന്ന പോലെ ഇതിലും നാം മുന്നേറേണ്ടതുണ്ട്.

എന്താണ് ഇതിനൊരു പരിഹാരം?

എല്ലാ പ്രമുഖ നഗരങ്ങളോടും ചേര്‍ന്ന് സാറ്റലൈറ്റ് നഗരങ്ങള്‍ നിര്‍മ്മിക്കുക. അന്തര്‍ദേശീയ നിലവാരമുള്ള, അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ, വെള്ളപ്പൊക്ക സാധ്യത ഇല്ലാത്ത മിനി ടൗണ്‍ഷിപ്പുകള്‍. ഒരു ആസൂത്രിതനഗരം കേരളത്തില്‍ ഇപ്പോഴില്ല. വലിയ തോതില്‍ അത്രയും സ്ഥലം ലഭ്യമല്ലാത്തതാവാം കാരണം. 100 ഏക്കറിലെങ്കിലും (ഏറ്റവും കുറഞ്ഞത് 25 ഏക്കര്‍) ഒരു സംയോജിത മിനി ടൌണ്‍ഷിപ്പ് / സാറ്റലൈറ്റ് സിറ്റി സുസ്ഥിര നിലവാരത്തോടു കൂടി നിര്‍മ്മിക്കേണ്ടതുണ്ട്. അതു പരിസ്ഥിതിസൗഹൃദമായിരിക്കുകയും വേണം. തുറസ്സായ പച്ചപ്പുള്ള സ്ഥലം, തോട്ടം, കളിസ്ഥലം, സ്‌കൂള്‍, നീന്തല്‍കുളം, ആശുപത്രി, സ്‌കൂള്‍, വിനോദകേന്ദ്രം, നല്ല റോഡ്, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് സ്‌പേസ്, ഓഡിറ്റോറിയം, മലിനജല ശുദ്ധീകരണ സ്ഥലം, ശുദ്ധജല സൗകര്യം, പുനര്‍നിര്‍മ്മിക്കാവുന്ന സോളാര്‍ എനര്‍ജി എന്നിവയെല്ലാം അവിടെ വേണം. ലോകത്തിന്റെ പല ഭാഗത്തും പല വിജയകരമായ ടൌണ്‍ഷിപ്പ് മാതൃകകള്‍ ഉണ്ട്. സിംഗപ്പൂരിലും മലേഷ്യയിലും നെതര്‍ലാന്റ്‌സിലും ഡെന്‍മാര്‍ക്കിലും അമേരിക്കയിലും നൈജീരിയയിലുമൊക്കെയുണ്ട് അനുകരിക്കാവുന്ന നിരവധി മാതൃകകള്‍.

സര്‍ക്കാരിന്റെ സഹായമില്ലാതെ ഇതു നടപ്പിലാക്കാന്‍ പ്രയാസമാണ്. അതിനാല്‍ സ്വകാര്യ ബില്‍ഡേഴ്സ്, ക്രെഡായ്, സഹകരണ  സംഘങ്ങള്‍ എന്നിവരും സര്‍ക്കാരും സംയുക്തമായി PPP മാതൃകയില്‍ ഇതു ചെയ്യാവുന്നതാണ്. അടിസ്ഥാനസൗകര്യം ഒരുക്കി സര്‍ക്കാര്‍ നേരിട്ടോ, തദ്ദേശ സ്വയംഭരണവകുപ്പ് വഴിയോ (LSG), ഹൗസിംഗ് സൊസൈറ്റി വഴിയോ വീടുകള്‍ വില്‍ക്കാം. മാസ വാടക (EMI) അടവായി പിടിച്ച് അവസാനം ജന്മാവകാശം നല്‍കുന്ന രീതിയിലുമാവാം. ആകെ വിസ്തീര്‍ണ്ണത്തിന്റെ  10% മുതല്‍ 25% വരെ EWS, LIG വിഭാഗങ്ങള്‍ക്ക് സൗജന്യമായോ ഇളവുകളോടെയോ നല്‍കാം. അതിന്റെ നഷ്ടം നികത്താന്‍ ബില്‍ഡര്‍ക്ക് കൂടുതല്‍ FAR ( Floor Area Ratio) നല്‍കിയാല്‍ മതിയാകും. ടൗണ്‍ഷിപ്പ് ഓരോ വിഭാഗത്തിനായി തരം തിരിച്ചു വില്‍പ്പന നടത്തുകയും, പാര്‍പ്പിടം ഉണ്ടാക്കാന്‍ മാറ്റിവെച്ച സ്ഥലം 'ബില്‍ഡേഴ്സ് പാര്‍ക്ക് ' ആയി വിപണനം നടത്തുകയും ചെയ്യാവുന്നതുമാണ്. കേരള ബില്‍ഡിംഗ് നിയമം പാലിക്കുന്നതുകൊണ്ട് പ്ലാന്‍ പെട്ടെന്ന് പാസ്സായി കിട്ടും. വിവിധ വകുപ്പുകളുടെ അനുമതി ഏകജാലകസംവിധാനത്തിലൂടെ, പെട്ടെന്ന് തന്നെ, സമയ ബന്ധിതമായി നല്‍കാനും കഴിയും.

ടൗണ്‍ഷിപ്പ്  വികസനത്തിന് ഇപ്പോള്‍ 100 ശതമാനം വിദേശ നിക്ഷേപവും (FDI) അനുവദനീയമാണ്. വ്യത്യസ്തരായ ബില്‍ഡേഴ്സിനെ അവിടേയ്ക്കു ക്ഷണിക്കാം. നിര്‍മ്മാണ ചിലവ് കുറവും കൂടുതലുമുള്ള പലതരം ബില്‍ഡേഴ്സിന്റെ പാര്‍പ്പിടങ്ങള്‍ മിതമായ വിലക്ക് ആധുനിക ടൗണ്‍ഷിപ്പില്‍ ലഭ്യമാകും. MIG, HIG, NRK വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ശേഷിക്കനുസരിച്ച നിലവാരവും സൗകര്യങ്ങളുമുള്ള വീടുകള്‍ കിട്ടും. EWS, LIG വിഭാഗത്തിനു സര്‍ക്കാര്‍ വഴി പാര്‍പ്പിടം നല്‍കുമ്പോള്‍ ബില്‍ഡര്‍ക്ക് കൂടുതല്‍ FAR നേടുകയും ചെയ്യാം. സ്ഥലലഭ്യത അനുസരിച്ചു സംസ്ഥാനത്തിലെ എല്ലാ നഗരങ്ങളുടെയും അടുത്തായി ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാന്‍ കഴിയണം. ആവശ്യക്കാരുടെ തോതിനു ആനുപാതികമായും സ്വയം പര്യാപ്തമായും വേണം നിര്‍മിതി. ആസൂത്രണമില്ലാതെ രൂപപ്പെട്ട പഴയ നഗരങ്ങളില്‍ നിന്നുള്ള കാലോചിതമാറ്റത്തിന് ഇതുവഴി വെക്കും. ആധുനിക സുഖസൗകര്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാകുകയും ചെയ്യും. അനുബന്ധമായി ലക്ഷങ്ങളുടെ തൊഴില്‍ അവസരവും ഉണ്ടാകും.

ഇതൊരു നൂതന ആശയമൊന്നുമല്ല. സത്യത്തില്‍, നമ്മുടെ ജാഗ്രതകുറവ് മൂലം അര്‍ഹിക്കുന്ന ജീവിതസൗകര്യം (ease of living) നമുക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അതു വര്‍ത്തമാനകാലത്തു തന്നെ നമുക്കു ലഭിക്കേണ്ടതുണ്ട്. സമയ ബന്ധിതമായ നടപടികള്‍ വഴി അതു സാധ്യമാക്കാവുന്നതേയുള്ളൂ. സംസ്ഥാനത്തിന്റെ ആകെയുള്ള മാറ്റത്തിനും ഇതു വഴിയൊരുക്കും. ഒരുമിച്ചു പരിശ്രമിച്ചാല്‍ നമുക്ക് ഒരു നവകേരളം തന്നെ സൃഷ്ടിക്കാം.

(എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമാണ് ലേഖകന്‍)

Content Highlights: Housing problems in kerala What is the solution?