വീടുകള്‍ ഉയരുന്നതെങ്ങനെ


ടി.എം. ശ്രീജിത്ത്, jithkavil@gmail.com

മഴക്കാലത്ത് മുറ്റത്ത്‌ വെള്ളംപൊന്തിയാൽ ആധിയുള്ളവർ ഏറെയുണ്ട്. എന്നാൽ നിങ്ങൾ എങ്ങോട്ടുംപോകേണ്ട, പേടിക്കേണ്ട. വീട് ഉയർത്താം

'ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ മണ്ണിട്ടുയര്‍ത്തി പുതിയവീടുകള്‍ നിര്‍മിച്ചപ്പോള്‍ ഞങ്ങളുടെ പഴയ തറവാട് മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന സ്ഥിതിയായി. ജനിച്ചുവളര്‍ന്ന വീട് പൊളിച്ചുമാറ്റി പുതുക്കിപ്പണിയാന്‍ മനസ്സുവന്നില്ല. വെള്ളപ്പൊക്ക ഭീഷണിയില്‍നിന്ന് രക്ഷനേടാന്‍ വഴിയെന്തെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് വീട് ജാക്കിവെച്ചുയര്‍ത്തി തറ ഉയരം കൂട്ടാമെന്നറിഞ്ഞത്.

പഴയ വീടിനോടുള്ള താത്പര്യംമൂലം ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു.' കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിക്കടുത്ത പുതിയോട്ടില്‍ താഴംപറമ്പ് കോവിളി ശ്രീലേഖ പറയുന്നത് കേരളത്തിലിപ്പോള്‍ പ്രചാരംനേടിക്കൊണ്ടിരിക്കുന്ന വീടുയര്‍ത്തിനിര്‍ത്തി ഉയരംകൂട്ടുന്ന സാങ്കേതികവിദ്യയെക്കുറിച്ചാണ്. മലപ്പുറം വേങ്ങര നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പലായ ശ്രീലേഖയുടെ നൂറുവര്‍ഷം പഴക്കമുള്ള തറവാടാണ് ഇത്തരത്തില്‍ ഉയര്‍ത്തിയത്. കൊട്ടാരം റോഡില്‍നിന്ന് അശോകപുരത്തേക്കുള്ള റോഡിനുസമീപമുള്ള വീടിപ്പോള്‍ നാട്ടുകാര്‍ക്കൊരു വിസ്മയക്കാഴ്ചയാണ്.

മഴക്കാലത്ത് വെള്ളത്തിനടിയിലാകുമായിരുന്ന വീട് ആറടിയോളം പൊക്കി. ദുര്‍ബലമായിരുന്ന തറയ്ക്ക് കോണ്‍ക്രീറ്റ് ബെല്‍റ്റ് വാര്‍ത്തശേഷമാണ് ഉയര്‍ത്തിയത്. ശ്രീലേഖയുടെ അമ്മ സരോജിനി അമ്മയും അച്ഛന്‍ രാമകൃഷ്ണക്കുറുപ്പുമാണ് ഈ വീട്ടില്‍ സ്ഥിരമായി താമസിച്ചിരുന്നത്. ശ്രീലേഖ അവധിക്കാലത്താണ് ഇവിടെയെത്തിയിരുന്നത്. മഴക്കാലത്ത് വീടിനകത്തുവരെ വെള്ളംകയറുന്നത് പ്രായമായ അച്ഛനും അമ്മയ്ക്കും ദുരിതമായി. എന്നാല്‍ പഴയതറവാട്ടില്‍ താമസിക്കുന്ന സുഖം പുതിയ കോണ്‍ക്രീറ്റ് വീടുകളില്‍ കിട്ടില്ലെന്നാണ് ഇവരുടെ പക്ഷം. വാട്‌സാപ്പ്ഗ്രൂപ്പില്‍നിന്നാണ് ഇവര്‍ക്ക് വീടുയര്‍ത്തുന്ന ജോലി കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തുകൊടുക്കുന്ന വെള്ളിപറമ്പ് ഉമ്മളത്തൂര്‍ റോഡ് നിര്‍മാല്യത്തില്‍ ഷിബുവിന്റെ നമ്പര്‍ ലഭിച്ചത്.

ചതുരശ്ര അടിക്ക് 250 രൂപ നിരക്കില്‍ വീടുയര്‍ത്താന്‍ കരാര്‍ ഉറപ്പിച്ചു. നിര്‍മാണ സാമഗ്രികളുടെ ചെലവ് ഉടമ വഹിക്കണമെന്നാണ് വ്യവസ്ഥ. ഉത്തരേന്ത്യക്കാരായ പത്തു തൊഴിലാളികള്‍ 60 ദിവസം ജോലി ചെയ്താണ് 1800 ചതുരശ്ര അടി വീട് ഉയര്‍ത്തിയത്. അല്പം ചില നവീകരണപ്രവൃത്തികള്‍കൂടി നടത്തി അടുത്ത ഓണമാകുമ്പോഴേക്കും വീട്ടില്‍ താമസമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.

പരിഹരിക്കാം വിള്ളലും

വീടിന്റെ ഏതെങ്കിലും ഭാഗം മണ്ണില്‍ താഴ്ന്നുപോയാല്‍ ചുമരിലുണ്ടാകുന്ന വിള്ളല്‍ പരിഹരിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാകും. താഴ്ന്നുപോയ തറ ഉയര്‍ത്തി ഒരേ വിതാനത്തിലാക്കുമ്പോള്‍ അകന്നുപോയ ചുമരും അടുക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലായി ഇതിനകം എഴുപതോളം വീടുകള്‍ ഉയര്‍ത്തിയതായി ഷിബു പറഞ്ഞു. ഇതില്‍ 25 വീടുകള്‍ ചുമരുകളില്‍ വിള്ളല്‍വീണവയാണ്. പഴയവീട് ഉയര്‍ത്തുമ്പോള്‍ ചിലപ്പോള്‍ ഒരു ഭാഗത്തെ ചുമര്‍ ഇടിഞ്ഞുപോയെന്നുവരും. ഇത്തരം സാഹചര്യത്തില്‍ പുതിയ ചുമര്‍കെട്ടിയ ശേഷമാണ് വീണ്ടും വീടുയര്‍ത്തുക.

വീട് ഉയര്‍ത്തുന്നതിന് മുമ്പ്
കോഴിക്കോട് കിണാശ്ശേരിയില്‍ പ്രവാസിയായ ഒരാളുടെ വീടിന്റെ ഒരുഭാഗം അടുത്തിടെ താഴ്ന്നുപോയി. 30 ലക്ഷം രൂപമുടക്കിയാണ് വീടുപണിതത്. ഗള്‍ഫില്‍ ജോലിചെയ്ത് സമ്പാദിച്ചതെല്ലാം വീടിനുവേണ്ടി ചെലവഴിച്ച ഇദ്ദേഹത്തിന് നിതാഖാത്തിന്റെ പേരില്‍ ജോലിയും നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കുടുംബം വീടു താഴ്ന്നുപോയതിനെത്തുടര്‍ന്ന് പകച്ചുനില്‍ക്കുമ്പോഴാണ് ഷിബുവിനെക്കുറിച്ചറിയുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കി തൊഴിലാളികളുടെ കൂലിമാത്രം ഈടാക്കി വീട് ശരിയാക്കി കൊടുക്കാമെന്ന് ഷിബു വാഗ്ദാനംചെയ്തിട്ടുണ്ട്.

ആയുഷ്‌കാല സ്വപ്നമായ വീട് വെള്ളത്തിനടിയിലാകുയോ മണ്ണില്‍ ഇരുന്നുപോകുകയോ ചെയ്യുമ്പോള്‍ ഉടമയ്ക്കുണ്ടാകുന്ന ആവലാതി ചില്ലറയല്ല. വീട് പൊളിക്കാതെതന്നെ അത് നേരേയാക്കിക്കൊടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആശ്വാസം ചില്ലറയല്ല. എന്നാല്‍, സാമ്പത്തിക പരാധീനതമൂലം പലര്‍ക്കും ഇതു ചെയ്യാന്‍ സാധിക്കാത്ത പ്രശ്‌നമുണ്ട്. വീടുയര്‍ത്തുന്നതിന് ബാങ്കുകള്‍ വായ്പ നല്‍കിയാല്‍ ഏറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് ഷിബു പറയുന്നു. തൊട്ടടുത്ത സ്ഥലം മണ്ണിട്ടുയര്‍ത്തി ഫ്‌ളാറ്റ് നിര്‍മിച്ചതിനെതുടര്‍ന്ന് വെള്ളക്കെട്ടിലകപ്പെട്ട ഏതാനും വീടുകളും ഉയര്‍ത്തിക്കൊടുത്തതായി അദ്ദേഹം പറഞ്ഞു.

സ്വന്തംവീട് ഉയര്‍ത്തി:പിന്നെ കരാറുകാരനായി

കോഴിക്കോട്ടെ പ്രമുഖ ജൂവലറിയില്‍ മാനേജരായിരുന്ന ഷിബുവിന്റെ ആദ്യപരീക്ഷണം സ്വന്തം വീട്ടിലായിരുന്നു. മഴക്കാലത്ത് തറനിരപ്പുവരെ വെള്ളംകയറി ചുമരുകള്‍വരെ നനയുന്ന അവസ്ഥയിലായിരുന്നു വീട്. പൊളിച്ചുമാറ്റി പുതുക്കിപ്പണിയാനായിരുന്നു ആദ്യം ആലോചിച്ചത്. ഷിബുവിന്റെ ചില സുഹൃത്തുക്കളാണ് തറ ഉയര്‍ത്തിനിര്‍ത്തി വീടിന്റെ ഉയരം കൂട്ടാമെന്ന് പറഞ്ഞത്.
പിന്നീടുള്ള അന്വേഷണത്തില്‍ ഉത്തരേന്ത്യക്കാരായ തൊഴിലാളികളാണ് ഇത് ചെയ്യുന്നതെന്ന് മനസ്സിലായി. പിന്നീട് അവരെ തേടിപ്പിടിച്ച് കൊണ്ടുവന്നു. ആയിരം ചതുരശ്ര അടിയിലുള്ള വീട് ഉയര്‍ത്തുക മാത്രമല്ല മുകളില്‍ ഒരു നിലകൂടി പണിയുകയും ചെയ്തു ഷിബു. പത്തുമാസം കൊണ്ട് ഇരുനില വീടിന്റെ എല്ലാ പണികളും പൂര്‍ത്തിയാക്കി. ഷിബു വീടുയര്‍ത്തി നവീകരിച്ചതിനെക്കുറിച്ച് 2013-ല്‍ മാതൃഭൂമി 'നഗര'ത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട് കേരളത്തിന്റെ പലഭാഗത്തുനിന്നും ആളുകള്‍ ഷിബുവിനെ വിളിച്ചു. അവര്‍ക്കൊക്കെ സംശയനിവാരണം നടത്തിക്കൊടുത്തു.

ചിലര്‍ക്ക് ജോലിക്കാരെ ഏര്‍പ്പാടാക്കിക്കൊടുത്തു. അങ്ങനെയാണ് ഷിബു ക്രമേണ ഈ രംഗത്ത് ചുവടുറപ്പിച്ചത്. ശ്യാം കുമാര്‍, രൂപേഷ് എന്നിവര്‍ ഒപ്പമുണ്ട്.

വീടുയര്‍ത്തല്‍ ഇങ്ങനെ

ആദ്യമായി എല്ലാ ചുമരുകളുടെയും അടിയിലെ മണ്ണുമാറ്റും. കോണ്‍ക്രീറ്റ് ബെല്‍റ്റുള്ള തറയാണെങ്കില്‍ ബെല്‍റ്റിനടിയില്‍ ജാക്കികള്‍ സ്ഥാപിക്കും അല്ലാത്തപക്ഷം നാലിഞ്ചുകനമുള്ള ഇരുമ്പുചാനല്‍ കഷണങ്ങള്‍ക്കുതാഴെയാണ് ജാക്കി ഉറപ്പിക്കുന്നത്. 'ഒന്നര അടി ഇടവിട്ടാണ് ജാക്കികള്‍ സ്ഥാപിക്കുന്നത്. ജാക്കി ഉപയോഗിച്ച് വീട് ഉയര്‍ത്തുംമുമ്പ് ഇരുമ്പുചാനലുകള്‍ വെല്‍ഡുചെയ്ത് യോജിപ്പിക്കും.
ജാക്കി തിരിച്ച് എല്ലാ ഭാഗവും ഒരേപോലെ ഉയര്‍ത്തും. പിന്നീട് ഇടവിട്ട സ്ഥലങ്ങളില്‍ തറകെട്ടും. നിലവിലുള്ള ഫൗണ്ടേഷനു മുകളില്‍ പ്രത്യേകം നിര്‍മിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ചാണ് തറ കെട്ടുന്നത്. വേണ്ടത്ര ഉയരത്തില്‍ തറകെട്ടിയശേഷം ജാക്കിയില്‍ നിന്നൊഴിവാക്കി വീടിനെ പുതിയ തറയില്‍ ഇരുത്തും.

ജാക്കി സ്ഥാപിച്ച സ്ഥലങ്ങളിലെ വിടവുകളും കെട്ടുന്നതോടെ ജോലി പൂര്‍ത്തിയാകും. ഉയരം കൂട്ടുന്നതിനനുസരിച്ച് തറ വീണ്ടും മണ്ണിട്ടു നികത്തുകയും േഫ്‌ളാറിങ് നടത്തുകയും വേണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented