ശ്രീദീപം യൂണിറ്റ് അംഗങ്ങൾ നിർമാണ പ്രവർത്തിക്കിടെ
വീടുനിര്‍മാണം ആണുങ്ങള് കൈയടക്കിവെച്ച മേഖലയാണ്. സിമന്റും കട്ടയും ചുമന്നെത്തിക്കാനും വെള്ളം നനയ്ക്കാനും തുടങ്ങി ചെറിയ സഹായങ്ങള്ക്കുമാത്രം സ്ത്രീകള്‍ ഭാഗമാകുന്ന നിര്‍മാണമേഖലയില്‍ കൈക്കരുത്ത് തെളിയിച്ച് വീടുകള്‍ പടുത്തുയര്‍ത്തിയ പെണ്കൂട്ടായ്മയുണ്ട് പനമരത്ത്. വിട്ടുവീഴ്ചകളില്ലാതെ കെട്ടുറപ്പുള്ള വീടുകള്‍ കെട്ടിപ്പൊക്കി വീടുകള്‍ക്ക് ദീപമാവുന്ന കുടുംബശ്രീയുടെ 'ശ്രീദീപം' നിര്‍മാണയൂണിറ്റ്.
2017-ലാണ് കുടുംബശ്രീ നിര്‍മാണമേഖലയിലേക്ക് കൈവെക്കുന്നത്. തിരഞ്ഞെടുത്ത കുടുംബശ്രീപ്രവര്ത്തകര്ക്കായി പനമരത്തുനടത്തിയ 41 ദിവസത്തെ പരിശീലനമാണ് ശ്രീദീപം തെളിയാന്‍ കാരണമായത്.
ഇന്ന് ആറുവീടുകള്‍ നിര്‍മിച്ചും വീടുകള്‍ അറ്റകുറ്റപ്പണി നടത്തിയും തെളിഞ്ഞുനില്ക്കുകയാണവര്.

ഒത്തുചേരലിന്റെ ഒത്തൊരുമ
കുടുംബശ്രീയുടെ നിര്‍മാണമേഖലയിലെ പരിശീലനത്തില്‍ ആദ്യം 45 പേരാണുണ്ടായിരുന്നത്. പിന്നീടത് ചുരുങ്ങി 12 പേരായി. പരിശീലനം പൂര്‍ത്തിയാക്കിയതോടെ ആറുപേര്‍ ചേര്‍ന്ന് ശ്രീദീപം തുടങ്ങി. വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങളായ ഷീജാ സന്തോഷ്, ശ്രീജാ സുധാകരന്, വീണാ രാജേന്ദ്രന്, ജമീല അഷറഫ്, റംല അഷറഫ്, ടെസി ജോണ്സണ് എന്നിവരാണ് ശ്രീദീപത്തിന്റെ സാരഥികള്‍. മാനന്തവാടി ഡബ്ല്യു.എസ്.എസ്. കെട്ടിടത്തിന്റെ അടുക്കള, ശൗചാലയം നിര്‍മാണത്തിലൂടെയായിരുന്നു പരിശീലനം. മികച്ചപരിശീലനത്തിനൊപ്പം കുടുംബശ്രീ ജില്ലാമിഷന്റെ പൂര്‍ണ പിന്തുണകൂടിയായപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ 'ശ്രീദീപം' ഫീല്‍ഡിലിറങ്ങി. നടവയലില്‍ ഗോത്രപരിശീലനകേന്ദ്രത്തിന്റെ ഹാള്‍ ടെന്‍ഡര്‍ വിളിച്ചെടുത്ത് പൂര്‍ത്തീകരിച്ചു. പനമരം എല്‍.പി. സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മിച്ചു. ഇതിനുശേഷം കണിയാമ്പറ്റ പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചണുകള്‍ പണിതു. പനമരം പഞ്ചായത്തിലെ അഗതി ആശ്രയ വീടുകളുടെ അറ്റകുറ്റപ്പണിയും നടത്തി. പ്രവൃത്തിയില്‍ മികവുതെളിയിച്ചതോടെ പെണ്‍കരുത്ത് നാടറിഞ്ഞു. പൊഴുതനയില്‍ മൂന്നുസ്നേഹവീടുകളുടെ നിര്‍മാണച്ചുമതല കൈകളിലെത്തി. പിന്നാലെ കാരാപ്പുഴയില്‍ രണ്ടുവീടുകളും പനമരം കൈതക്കലില്‍ ഒരുവീടും നിര്‍മിച്ചു. പ്രളയം തകര്‍ത്തെറിഞ്ഞ പുത്തുമലയില്‍ കേടുപാടുകളുണ്ടായ വീടുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനും അവര്‍ മുന്നിലുണ്ടായിരുന്നു. ഇതുവരെ 45 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.

കുടുംബശ്രീ ജില്ലാമിഷന് നല്കിയ 41 ദിവസത്തെ പരിശീലനമാണ് ശ്രീദീപത്തിന്റെ അടിത്തറ. കൈമുതലായുള്ളത് ആറുപേരുടെ ആത്മവിശ്വാസം. പ്രവൃത്തിയുടെ ഭൂരിഭാഗവും ആറുപേരുടെയും നേതൃത്വത്തിലാണ് ചെയ്യുക. ആവശ്യമായ നിര്‍ദേശങ്ങളും നിര്‍മാണപ്രവൃത്തിയിലെ കണക്കുകളും മറ്റും പറഞ്ഞുനല്‍കാന്‍ മേസ്തിരിയും ഇവര്‍ക്കൊപ്പമുണ്ട്. സെന്ററിങ്, വാര്‍പ്പ് തുടങ്ങിയ കൂടുതല്‍ ആള്‍ബലം ആവശ്യമുള്ള പ്രവൃത്തികള്ക്കുമാത്രമാണ് ആണ്തൊഴിലാളികളുടെ സഹായം തേടുക. വയറിങ്, പ്ലംബിങ് എന്നിവയിലും ഇവര്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..