കാലിഫോര്‍ണിയയിലെ ലേക്ക് തഹോയിലെ ഒരു വീട് വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്. 650,000 ഡോളറാണ് വില. 2,116 ചതുരശ്രയടി വലിപ്പം. പുറമേ നിന്ന് കാണാന്‍ ഒരു സാധാരണ വീട്. രണ്ട് നിലയുള്ള ഈ വീടിന് ഉള്‍വശം നിരവധി നിഗൂഢതകളുടേതാണ്. 

home

വീടിന്റെ താഴത്തെ നില മൊത്തം വലിച്ചു വാരിയിട്ട സാധനങ്ങളാണ്. പ്രേതബാധ പോലെ. മുകളിലെ മുറികളില്‍ എത്തിയാലാണ് രസകരം. മനോഹരമായ ഗൗണുകളണിഞ്ഞ് ഒരു പാര്‍ട്ടിക്ക് വേണ്ടി ഒരുങ്ങി നില്‍ക്കുന്ന പലതരം പാവകളാണ് മുകളിലെ മുറികളിലെല്ലാം. ഓരോ മുറിയിലും ഓരോ തരം പാവക്കൂട്ടങ്ങള്‍. 1962- ല്‍ നിര്‍മിച്ച് ഈ വീടിന് അഞ്ച് കിടപ്പുമുറികളാണ് ഉള്ളത്. ഒരു മുറിയില്‍ കുറഞ്ഞത് എട്ട് പാവകളെങ്കിലും ഉണ്ട്. ചെറിയ പാവകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അടുക്കളയിലും പാവകളെ കാണാം. എല്ലാവരും അടിപൊളി പാര്‍ട്ടിവെയറുകള്‍ അണിഞ്ഞാണ് നില്‍ക്കുന്നത്. 

home

കട്ടിലിലും സോഫയിലുമെല്ലാം സാധാരണ മനുഷ്യര്‍ ഇരിക്കുന്നതുപോലെയും കണ്ണാടിക്കുമുന്നില്‍ നിന്ന് ഒരുങ്ങുന്നതുപോലെയുമെല്ലാമാണ് പാവകളുടെ സ്ഥാനം. റിയല്‍ എസ്റ്റേറ്റ് ഏജെന്‍സിയായ ഡെബ് ഹോവാര്‍ഡ് ആന്‍ഡ് കമ്പനിയാണ് ഈ വീടിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. 

home

വീടിനുള്ളില്‍ പലയിടത്തും ആര്‍ട്ട് വര്‍ക്കുകളും മറ്റും ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. പലതും ക്രിസ്ത്യന്‍ മതവിശ്വാസവുമായി ബന്ധപ്പെട്ടവയാണ്. ഒന്ന് രണ്ട് മുറികളില്‍ മാലാഖമാരുടെ പ്രതിമകളും ഒരു മുറിയില്‍ വലിയൊരു വെര്‍ജിന്‍ മേരി ശില്‍പവും ഉണ്ട്. ഭാഗ്യം കൊണ്ട് കുളിമുറിയില്‍ പാവകളൊന്നുമില്ല. 

ഒരു മുറിയില്‍ രണ്ട് കുട്ടികളുടെ പാവയും ഒരു നായയുടെ പാവയും ഒരുക്കിയിട്ടുണ്ട്. കാണുന്നവര്‍ക്ക് ഇത് പാവകള്‍ താമസിച്ചിരുന്ന വീടാണോ എന്ന് തന്നെ സംശയം തോന്നും. 

home

എന്തിനാണ് ഈ വീട്ടില്‍ ഇത്രയധികം പാവകള്‍ എന്നോ ആരാണ് ഇവ ഇവിടെ വച്ചത് എന്നോ ആര്‍ക്കും ഒരു പിടിയുമില്ല. എന്തായാലും ഈ വീട് വാങ്ങാന്‍ എത്തുന്നവര്‍ പാവകളെ കണ്ടു മടങ്ങിപ്പോകുന്നതായാണ് വാര്‍ത്തകള്‍.

Content Highlights: house listing advertises property filled with creepy mannequins