
Photos: H&P Architects
കൃഷിസ്ഥലങ്ങള്‍ ഇല്ലാതാകുകയും നഗരവത്കരണം വ്യാപകമാവുകയും ചെയ്യുന്നകാലത്ത് ഇത്തിരി കൃഷിയൊക്കെ മട്ടുപ്പാവിലോ വീടിനുള്ളിലെ കുറച്ചിടത്തോ ഒക്കെ ചെയ്യുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൃഷി സ്ഥലം തന്നെ വേണം എന്നുള്ളവര്‍ എന്ത് ചെയ്യും. വിയറ്റ്നാമിലെ മാക്കോക്കേയിലെ ഈ വീട് തരും ഉത്തരം. വീടിന് മുകളില്‍ നെല്ല് വരെ കൃഷി ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം.
ഭൂമി തന്നെ ഒരു കുഞ്ഞ് ക്യൂബ് പോലെ ഉയര്‍ന്ന് നിന്നാല്‍ എങ്ങനെയുണ്ടാവും. അതാണ് ഈ വീട് കാണുമ്പോള്‍ തോന്നുക. മഴവെള്ളം സംഭരിക്കാനും പുനരുപയോഗിക്കാനും അത് ഉപയോഗിച്ച് കൃഷി ചെയ്യാനും സാധിക്കുന്ന രീതിയിലാണ് വീടിന്റെ മേൽക്കൂര (Roof) ഒരുക്കിയിരിക്കുന്നത്. ഒരു വലിയ ചതുരപ്പെട്ടിയെ പല തട്ടുകളായി തിരിച്ചതുപോലെയാണ് വീടിനുള്‍വശം. രണ്ട് നിലയാണ് ഇത്. 75 സ്ക്വയര്‍ മീറ്ററില്‍ കോണ്‍ക്രീറ്റിലും ചുടുകട്ടയിലുമാണ് വീടിന്റെ നിര്‍മാണം. കട്ടകള്‍ എക്സ്പോസ് ചെയ്യുന്നതുപോലെയാണ് ഇന്റീരിയറും എക്സ്റ്റീരിയറും.

റൂഫിലെ പോലെ തന്നെ വീടിനുള്ളിലും ധാരാളം പച്ചപ്പും ഹരിതാഭയും കാണാം. വീടിനുള്ളില്‍ കോണ്‍ക്രീറ്റ് ഹോള്‍ഡിങില്‍ ഒരു ഇന്‍ഡോര്‍ ട്രീ വളര്‍ത്തിയിരിക്കുന്നു. റൂഫില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന പാത്രങ്ങളിലും ചെടികള്‍ വളര്‍ത്തിയിട്ടുണ്ട്. വീടിനുള്ളില്‍ ഉപയോഗിക്കുന്ന വെള്ളവും പുനരുപയോഗിക്കുന്ന രീതിയിലുള്ള സംവിധാനം ഇവിടെയുണ്ട്.
വീടിന് വലിയ ജനാലകളാണ് നല്‍കിയിരിക്കുന്നത്. പരമാവധി സ്വാഭാവികമായ വെളിച്ചം ലഭിക്കുന്നതിന് ഇത് സഹായിക്കും.

വീടിനുള്ളില്‍ ഡൈനിങിനും ലിവിങിനുമായി ഒറ്ററൂമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് കിച്ചണിലേയ്ക്കും ഒരു ബെഡ്റൂമിലേയ്ക്കും പോകാം. ഒറ്റ കോമണ്‍ ബാത്ത് റൂമാണ് ഉള്ളത്. മുകളിലത്തെ ഭാഗത്ത് ഒരു യോഗ ഹാളും വലിയ ലിവിങ് സ്പേസും നല്കിയിരിക്കുന്നു. ഇവിടെ നിന്നാണ് ടെറസിലേക്കുള്ള സ്റ്റെയര്‍. വീടിന്റെ മേല്‍ക്കൂരയില്‍ ഒരു ഭാഗം ഗ്ലാസ് റൂഫിങാണ്. ഇതിന് താഴെയായാണ് ചെടികള്‍ തൂക്കിയിട്ടിരിക്കുന്നത്.

എല്ലാത്തിനും വേണ്ടിയുള്ള വീട് എന്നാണ് ആര്ക്ടെക്റ്റുമാര് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. ജീവിക്കുന്നതിന് ആവശ്യമായ ഭക്ഷണം സ്വയം ഉണ്ടാക്കുക, മിനിമലിസ്റ്റിക് ലൈഫ് ശീലമാക്കുക, അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക.. വീടിന്റെ നിര്‍മാതാക്കളായ എച്ച് ആന്‍ഡ് പി ആര്‍കിടെക്റ്റ്സ് പറയുന്നു.
Content Highlights: house in Vietnam to have a large space on roof for agriculture
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..