വീടുകൾ പണിയുമ്പോൾ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ കൗതുകകരമായ വസ്തുക്കൾ കൊണ്ട് വീടിനെ മോടിപിടിപ്പിച്ച ഒരു യുവാവുണ്ട് കൊച്ചിയിൽ. ചേന്ദമം​ഗലം സ്വദേശിയായ നിഖിലാണ് തന്റെ വീട് കൗതുക വസ്തുക്കളുടെ കലവറയാക്കിയിരിക്കുന്നത്. 

​ഗേറ്റ് മുതൽ അകത്തളം വരെ വെറൈറ്റികളുടെ ഘോഷയാത്രയാണ് നിഖിലിന്റെ വീട്. കണ്ടുശീലിച്ചിട്ടുള്ളവയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് വീട്ടിലെ ​ഗേറ്റ്. ഒറ്റവാക്കിൽ സ്ക്രാപ് ​ഗേറ്റ് എന്നു പറയാം. വണ്ടി റിപ്പയർ ചെയ്യുമ്പോഴുള്ള സ്പ്രോക്കെറ്റുകൾ വെൽഡ് ചെയ്താണ് ​ഗേറ്റ് തയ്യാറാക്കിയത്. സ്ക്രാപ് വിൽക്കുന്ന കടകളിൽ നിന്ന് ശേഖരിച്ചാണ് നിർമിച്ചതെന്ന് നിഖിൽ പറയുന്നു. പെട്ടെന്ന് തുരുമ്പിക്കില്ല എന്നതും ദീർഘകാലം നിലനിൽക്കും എന്നതും ഈ ​ഗേറ്റിന്റെ മികവായി നിഖിൽ പറയുന്നു.

മതിലിലുമുണ്ട് പ്രത്യേകത. ഫെൻസിങ് മെഷും മെറ്റലും കൊണ്ടാണ് മതിൽ നിർമിച്ചിരിക്കുന്നത്. മെറ്റലിനു പകരെ ഉരുളൻ കല്ലുകളും ഉപയോ​ഗിക്കാമെന്ന് നിഖിൽ. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് മതിലെല്ലാം നശിച്ചിരുന്നു. ഇതോടെയാണ് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന മതിൽ പണിയാമെന്ന് തീരുമാനിക്കുന്നത്. വെള്ളം കയറിയാലും പുറത്തു പോവാവുന്ന രീതിയിലാണ് നിർമാണം. മോടികൂട്ടാനായി ഇരുവശത്തും സ്പോട് ലൈറ്റും നൽകിയിട്ടുണ്ട്.

വീടിന്റെ അകത്തളം മ്യൂസിയത്തിനു തുല്യമാണ്. വെള്ളപ്പൊക്കത്തെ അതിജീവിച്ചതിന്റെ പ്രതീകമായി ഫോട്ടോ കൊളാഷ് വച്ച് ഒരു ഡ്രീം ക്യാച്ചർ സിറ്റ്ഔട്ടിൽ തന്നെ കാണാം. പഴയ ടയർ കൊണ്ടുള്ള ഇരിപ്പിടമാണ് സിറ്റ്ഔട്ടിലുള്ളത്. ടയറിന് വെള്ളയും നീലയും നിറം പൂശി മനോഹരമാക്കിയിട്ടുണ്ട്. ധാരാളം ചെടികളും കരകൗശലവസ്ത്കുക്കളും സിറ്റ്ഔട്ടിൽ കാണാം. 

മുറികളിലൊന്നിൽ നിറയെ ബോട്ടിൽ ആർട്ടുകളാണ്. നിഖിലിന്റെ വരുമാന മാർ​ഗങ്ങളിലൊന്നുമാണിത്. നാലുമണിക്കൂറോളം ഇരുന്നാണ് പല ബോട്ടിൽ വർക്കുകളും ചെയ്യാറുള്ളതെന്ന് നിഖിൽ പറയുന്നു.  വീടിന്റെ ചുമർഭാ​ഗങ്ങളിലൊരിടത്ത് ഇരുപത്തിയഞ്ചു പൈസ കൊണ്ട് തയ്യാറാക്കിയ കലാസൃഷ്ടിയും മനോഹരമാണ്. നിലവിൽ മൂല്യമില്ലാത്ത ഇരുപത്തിയഞ്ചു പൈസ പലയിടങ്ങളിൽ നിന്നായി കിട്ടിയതോടെയാണ് അതുപയോ​ഗപ്രദമാക്കാമെന്ന് ചിന്തിക്കുന്നതെന്ന് നിഖിൽ പറയുന്നു.