പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Ajeeb Komachi)
വീട് പണി കഴിഞ്ഞാല്‍? പിന്നെ വീട്ടുതാമസം, അതു കഴിഞ്ഞാല്‍... എന്തെങ്കിലും വിശേഷം വന്നാല്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു പെയിന്റടി, ഒരു റിപ്പയറിങ്... പിന്നെയൊന്നുമില്ലല്ലോ... ഒരു സാധാരണക്കാരന്റെ വീടിനെ പറ്റിയുള്ള ചിന്തകള്‍ ഇത്രയുമാണ്. എന്നാല്‍ വേനല്‍ ചൂടില്‍ വിള്ളല്‍ വീഴുന്ന പുറംഭിത്തിയെ എങ്ങനെ സംരക്ഷിക്കുമെന്നോ, മഴക്കാലത്ത് വീടിനുള്ളിലെ പൂപ്പല്‍ ഗന്ധം എങ്ങനെ ഒഴിവാക്കുമെന്നോ ആലോചിക്കുന്നവര്‍ കുറവാണ്. എല്ലാ സീസണിലും വീടിനെ പുത്തന്‍ പോലെ സംരക്ഷിക്കാന്‍ ചില വഴികളുണ്ട്.
വേനല്‍ക്കാലം
വേനല്‍ക്കാലമെന്നാല്‍ സഹിക്കാനാവാത്ത ചൂടെന്നാണ് ഇപ്പോള്‍ അര്‍ത്ഥം. നാട്ടിന്‍ പുറെത്ത സാധാരണവീടുകളില്‍ പോലും എസി വ്യാപകമായി തുടങ്ങിയിരിക്കുന്നു. അശാസ്ത്രീയമായി ഇന്റര്‍ലോക്ക് ചെയ്ത മുറ്റവും, ചൂടിനെ വലിച്ചെടുക്കുന്ന കോണ്‍ക്രീറ്റ് ടെറസ്സുകളും ഒരു തരി പച്ചപ്പുപോലുമില്ലാത്ത ചുറ്റുവട്ടവും എല്ലാം വീടിനുള്ളിലെ ചൂടിനെ ഒന്നിനൊന്ന് ഉയര്‍ത്തും.
കോണ്‍ക്രീറ്റ് വീടുകളില്‍ ചൂട് കുറയാന്‍ വെള്ള നിറമോ, റിഫ്ളക്ടീവായ നിറങ്ങളോ ഉപയോഗിക്കാം. ട്രെസ്സ് വര്‍ക്ക് ചെയ്യാത്ത ടെറസ്സില്‍ തെങ്ങിന്റെ ഓല നിരത്തുക, മണ്ണ് ഇഷ്ടിക, ചിരട്ട എന്നിവ നിരത്തുക തുടങ്ങിയ നാടന്‍ വഴികളും ചൂട് കുറയ്ക്കാന്‍ സഹായിക്കും. റൂഫ് ടോപ്പ് ഗാര്‍ഡനും വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.
വീട് പണിയുമ്പോള്‍ ചുറ്റുമുള്ള മരങ്ങള്‍ പരമാവധി സംരക്ഷിച്ച് തന്നെ പണിയാം. മുറ്റത്തെ ചെടിത്തോട്ടം വൃത്തിയാക്കുമ്പോള്‍ ചെടികള്‍ക്ക് ചുറ്റും വളര്‍ന്ന പുല്ലുകളും കളകളും ഇലകളും എല്ലാം അവയുടെ ചുവട്ടില്‍ തന്നെ നിക്ഷേപിക്കാം. ഇത് മണ്ണില്‍ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല നല്ല വളവുമാണ്. ലോണുകള്‍ക്ക് ഏറ്റവും ശ്രദ്ധ വേണ്ട കാലമാണിത്. കൊടും ചൂടില്‍ പുല്ല് കേടുവരാതെ കൂടുതല്‍ തവണ നനച്ചു സംരക്ഷിക്കേണ്ടി വരും.
വേനലിലെ പൊടി പലവിധ രോഗങ്ങള്‍ക്ക് കാരണമാവാറുണ്ട്. വീടിനുള്ളിലെ കര്‍ട്ടന്‍, സോഫ, റഗ്ഗുകള്‍, കാര്‍പ്പെറ്റ് ഇവയിലെല്ലാം പൊടിയടിയാനുള്ള സാധ്യതയുംഏറെയാണ്. എല്ലാം ദിവസവും ഇവ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഫംഗസുകളും പൂപ്പലുമൊക്കെ പിടിച്ചിട്ടുണ്ടാവും. വേനലില്‍ ഇവ വായുവില്‍ പാറി അലര്‍ജ്ജി പോലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കാം. വേനല്‍ തുടങ്ങുമ്പോള്‍ തന്നെ ഇതെല്ലാം നന്നായി വൃത്തിയാക്കണം.
വേനലില്‍ വീട് വൃത്തിയാക്കാന്‍ ഏറ്റവും സൗകര്യമുള്ള സമയമാണ്. പെയിന്റിങ് പോലുള്ളവയ്ക്കും പറ്റിയ സമയം. വീട് പണി നടത്തുന്നവര്‍ വേനല്‍കാലം സൂക്ഷിക്കേണ്ടതുണ്ട്. വീടിന് ഉള്ള മരം കൊടും ചൂടില്‍ ഉണങ്ങാന്‍ അനുവദിക്കരുത്. ഇത് മരത്തില്‍ വിള്ളലും വളവുകളും ഉണ്ടാക്കാന്‍ ഇടയുണ്ട്. ചുമരുകള്‍ക്കു പ്ലാസ്റ്ററിങ് ചെയ്യുമ്പോള്‍ നനവ് കുറയാതെ സൂക്ഷിക്കുക. വാര്‍ക്കുമ്പോള്‍ ബണ്ട് കെട്ടി വെള്ളം നിര്‍ത്തി ക്യൂറിങ് ചെയ്തില്ലെങ്കില്‍ വിള്ളല്‍ വരാന്‍ സാധ്യതയുണ്ട്. ധാരാളം വെള്ളം ലഭ്യമാകും എന്ന് ഉറപ്പുവരുത്തി വീട് പണിനടത്തുക.
മഴക്കാലം
മണ്‍സൂണ്‍ ടൂറിസവും മറ്റും ആഘോഷമാക്കുന്ന നമ്മുടെ നാട്ടിലെ ദീര്‍ഘമേറിയ കാലമാണ് മഴക്കാലം. അതുപോലെ ഏറെ ബുദ്ധിമുട്ടുകള്‍ വരുത്തിവയ്ക്കുന്ന കാലവും. ഈ സമയത്ത് വീടുകള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്.
മഴ തുടങ്ങുന്നതിനു മുമ്പ് വീടുകളുടെ മേല്‍ക്കൂരയില്‍ കെട്ടികിടക്കുന്ന ഇലകളും മറ്റും നീക്കം ചെയത് മഴവെള്ളം തടഞ്ഞുനില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. മഴവെള്ളടാങ്കിലേക്കുള്ള വാല്‍വ് ആദ്യ മഴയില്‍ തുറന്നു വിടാന്‍ മറക്കരുത്. ഇല്ലെങ്കില്‍ കെട്ടി കിടന്ന ചെളി ടാങ്കിന്റെ കാര്യക്ഷമതയെ ബാധിക്കും.
മഴ പെയ്തു തുടങ്ങും മുമ്പ് റൂഫ് ഗട്ടറുകളിലെ ഇലകളും ചവറുകളും നീക്കാന്‍ മറക്കരുത്. ഇല്ലെങ്കില്‍ മഴ വെള്ളം ഒഴുകിപ്പോകുന്നതിന് പകരം ഭിത്തിയിലൂടെയും മറ്റും കവിഞ്ഞ് ഒഴുകും.
ഓട് മേഞ്ഞ വീടുകള്‍ക്ക് മഴയ്ക്ക് മുമ്പ് തന്നെ ചെറിയ അറ്റകുറ്റ പണികള്‍ വരുത്താം. ചോര്‍ച്ചയാണ് വീടിന്റെ ഏറ്റവും വലിയ ശത്രു. ചുവരുകള്‍ കേടുവരുന്നതിന് പ്രാധാനകാരണങ്ങളിലൊന്ന് നനവാണ്.
മഴക്കാലം തുടങ്ങുന്നതിനു മുന്നോടിയായി കാര്‍പെറ്റുകള്‍, കുഷ്യന്‍, കിടക്കകള്‍, ഇവ വെയില്‍ കൊള്ളിച്ച് ഈര്‍പ്പം തട്ടാത്തവിധം സൂക്ഷിക്കുക. ഈര്‍പ്പം തങ്ങി നില്‍ക്കുന്ന കാര്‍പ്പെറ്റുകളും റഗ്ഗുകളും മഴക്കാലത്ത് ഒഴിവാക്കാം.
കാര്‍പ്പെറ്റുകള്‍ നന്നായി പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. മഴക്കാലത്ത് കഴിയുന്നതും പ്ലാസ്റ്റിക്ക് ചവിട്ടി ഉപയോഗിക്കുക. വേഗത്തില്‍ കഴുകാനും ഉണങ്ങാനും പ്ലാസ്റ്റിക്ക് ചവിട്ടികളാണ് അഭികാമ്യം.
മഴയില്‍ നിന്നും വീട്ടിനുളിലേക്കു കയറുമ്പോള്‍ കുടകള്‍ വെക്കാന്‍ ഒരു സ്റ്റാന്‍ഡ്, റെയിന്‍ കോട്ട് തൂക്കിയിടാനുള്ള സൗകര്യം എന്നിവ ഒരുക്കുന്നതും നല്ലതാണ്.
വീട് പണി നടത്തുന്നവര്‍ മഴക്കാലത്തിനു മുന്നേ പുറം പണികള്‍ ചെയ്തു തീര്‍ക്കുന്നത് നല്ലതാകും. പെയിന്റിംഗ്,പോളിഷിംഗ് ഇവയ്ക്കെല്ലാം ഈര്‍പ്പമുള്ള സമയം ബുദ്ധിമുട്ടുണ്ടാക്കും. തോരാതെ മഴ പെയ്യുമ്പോള്‍ പെയിന്റിംഗ്ചെയ്യുന്നത് നല്ലതല്ല. പെയിന്റ് ശരിക്ക് ഉണങ്ങാതെ വേഗം ഇളകിപ്പോകാം.
പ്ലൈവുഡ്, ജിപ്സം ബോര്‍ഡ് ഇവ നനയാതെ സൂക്ഷിക്കണം. സൈറ്റുകളില്‍ മഴയ്ക്ക് മുന്നോടിയായി ഇത്തരം സാധനങ്ങള്‍ സുരക്ഷിതമായി സംഭരിച്ചു വെക്കുന്നതാവും നല്ലത്.
മഴക്കാലത്ത് തുണി ഉണക്കലാണ് ഏറ്റവും വെല്ലുവിളി. തുണികള്‍ ശരിയായി വെയിലത്ത് ഇട്ട് ഉണക്കാന്‍ കഴിയാത്തതിനാല്‍ തുണികള്‍ക്കും ഒപ്പം തുണികള്‍ സൂക്ഷിച്ചുവയ്ക്കുന്ന അലമാരകളിലും ദുര്‍ഗന്ധമുണ്ടാകും. ഇത്അകറ്റാന്‍ അലമാരയില്‍ കര്‍പ്പൂരം വയ്ക്കാം. ഒരു കാരണവശാലും പൂര്‍ണമായും ഉണങ്ങാത്ത തുണികള്‍ അലമാരയില്‍ വയ്ക്കരുത്. കഴിയുന്നതും മഴക്കാലത്ത് വേഗം ഉണങ്ങുന്ന തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
മഴക്കാലത്ത് ഏറെ സംരക്ഷണം വേണ്ട ഒന്നാണ് തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍. ഫര്‍ണിച്ചറുകളിലെ പൂപ്പലുകള്‍ വീട്ടിലുള്ളവരുടെ മൊത്തം ആരോഗ്യത്തെ ബാധിക്കാന്‍ കാരണമാകും.
ചില തരം പ്രാണികളും തടിസാധനങ്ങളെ കേടുവരുത്താന്‍ ഇടയുണ്ട്. കര്‍പ്പൂരം, വേപ്പ് ഇവയുടെ സാന്നിധ്യം പ്രാണികളെ അകറ്റും. അതേപോലെ ഫര്‍ണിച്ചറുകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞ് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക. മണ്ണെണ്ണ, ഗ്ലിസറിന്‍ എന്നിവ പുരട്ടുന്നതും മഴക്കാലത്ത് ഫര്‍ണിച്ചറുകളെ സംരക്ഷിക്കും.
മെറ്റല്‍ ഉപകരണങ്ങള്‍ വെള്ളം നനയാതെ സൂക്ഷിക്കുക. ഈര്‍പ്പമുങ്കെില്‍ ഇത്തരം മെറ്റല്‍ ഉത്പന്നങ്ങളില്‍ തുരുമ്പ് പിടിക്കാന്‍ ഇടയാകും. മഴക്കാലത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ പ്ലഗുകള്‍ കഴിയുന്നതും സ്വിച്ച് ബോര്‍ഡില്‍ നിന്നും ഊരി ഇടുക. ഇടിമിന്നലുണ്ടാകുമ്പോള്‍ ഉപകരണങ്ങളുടെയും നിങ്ങളുടെയും സുരക്ഷയ്ക്ക് ഇത് സഹായിക്കും. നനഞ്ഞ കൈ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. ഈര്‍പ്പമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്നും ഇലക്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കണം.
തണുപ്പുകാലം
കേരളത്തില്‍ കടുത്ത മഞ്ഞു തണുപ്പും അനുഭവപ്പെടുന്ന സ്ഥലങ്ങള്‍ കുറവാണ്. എന്നാല്‍ മൂന്നാര്‍ പോലുള്ള മേഖലകളെ മഞ്ഞുകാലം കുറെച്ചല്ലാം വലയ്ക്കാറുമുണ്ട്. പലപ്പോഴും ആരോഗ്യപ്രശ്നങ്ങളുടെ കാലം കൂടിയാണ് ഇത്. അതുകൊണ്ട് കഠിനമല്ലെങ്കിലും മഞ്ഞുകാലത്തും വീടിനും വീട്ടകത്തിനും സംരക്ഷണം ഏറെ ആവശ്യമുണ്ട്, തണുപ്പ് അധികമുള്ള സ്ഥലമാണെങ്കില്‍ വാട്ടര്‍ ഹീറ്ററും മറ്റും കേടുപാടുകള്‍ തീര്‍ത്ത് വയ്ക്കുന്നത് നല്ലതാണ്.
എപ്പോഴും ജനാലയും മറ്റും തുറന്നിടുന്നത് വീടിനുള്ളില്‍ ഈര്‍പ്പം അമിതമായി കടക്കാന്‍ ഇടയാക്കും. ഇത് ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ജനാലകള്‍ക്ക് കട്ടികൂടിയ കര്‍ട്ടനുകള്‍ ഉപയോഗിക്കാം.
ശൈത്യകാലത്ത് ജനലുകളും വാതിലുകളും അടച്ചിരിക്കുന്നതിനാല്‍ വീട്ടില്‍ ദുര്‍ഗന്ധം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതിന്പരിഹാരമായി വീടിനുള്ളില്‍ സുഗന്ധമുള്ള മെഴുകുതിരികള്‍ ഉപയോഗിക്കാം. കോഫി ടേബിളിലോ സെന്റര്‍ ടേബിളിലോ മെഴുകുതിരികള്‍ ഇടയ്ക്ക് കത്തിച്ചു വയ്ക്കാം. ചെറുനാരങ്ങ അല്ലെങ്കില്‍ ലാവെന്‍ഡര്‍ പോലുള്ള സിട്രസ്സുഗന്ധങ്ങള്‍ പരീക്ഷിക്കാം.
നിലത്ത് റഗ്ഗ്, കാര്‍പ്പറ്റ് എന്നിവ വിരിക്കാം. വാതരോഗങ്ങളുള്ളവര്‍ക്ക് ഇതൊരു ആശ്വാസമായിരിക്കും. ശീതകാല വസ്ത്രങ്ങള്‍ അലമാരയില്‍ സൂക്ഷിച്ചിട്ടുങ്കെില്‍, നേരെത്ത തന്നെ പുറെത്തടുത്തു വെയില്‍ കൊള്ളിക്കാന്‍ മറക്കരുത്. അന്തരീക്ഷ ത്തില്‍ അമിത ഈര്‍പ്പമുള്ളതിനാല്‍ മഴക്കാല െത്തന്ന പോലെ തടികൊുള്ള വീട്ടുപകരണങ്ങള്‍ ധാരാളം ഈര്‍പ്പം ആഗിരണം ചെയ്യും. ഇത് തടയാ3 വീട്ടുപകരണങ്ങളില്‍ എണ്ണ പുരട്ടുന്നത് നല്ലതാണ്.
അലമാരയില്‍ കര്‍പ്പൂരമോ വേപ്പിലയോ സൂക്ഷിക്കുക. ഇത് വസ്ത്രങ്ങളെ ഫംഗസില്‍നിന്നും ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷിക്കും. ഫംഗസും പൂപ്പലും അതിവേഗം വളരുന്ന സീസണാണിത്. ഇത് തടയാന്‍ വാതിലുകളിലും ജനലുകളിലും ഉള്ള എല്ലാ വിടവുകളും ശരിയായി അടയ്ക്കുക. വിടവുകളും വിള്ളലുകളും കാണുന്ന സമയത്തുതന്നെ റിപ്പയര്‍ ചെയ്യുക.
അടുക്കളയില്‍ ടിന്നുകളില്‍ സൂക്ഷിച്ച ചേരുവകളിലും ഒരു കണ്ണുവേണം. വായുകടക്കാത്ത ജലാംശമില്ലാത്ത പാത്രങ്ങളില്‍ വേണം സുഗന്ധവ്യഞ്ജനങ്ങളും മസാലപ്പൊടികളുമൊക്കെ സൂക്ഷിക്കാന്‍. ഇല്ലെങ്കില്‍ മഴക്കാലവും മഞ്ഞുകാലവും ഇവയില്‍ഫംഗസുകളെ വളര്‍ത്തും. റെഫ്രിജറേറ്റര്‍ വിന്റര്‍ മോഡിലേക്ക് മാറ്റാനും മറക്കരുത്.
പൂന്തോട്ടത്തിന് വേണം പ്രത്യേക പരിപാലനം
ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ചെടികള്‍ നട്ടുവളര്‍ത്തുന്നതാണ് നല്ലത്. വേനലിലും പൂന്തോട്ടം മനോഹരമായിരിക്കാന്‍ ഇത് സഹായിക്കും. വേനല്‍ കടുക്കുമ്പോള്‍ ചെടികള്‍ക്ക് ഷെയ്ഡ് കൊടുക്കാം. ഓണ്‍ലൈനായോ ഹോര്‍ട്ടി ഡീലര്‍മാരുടെ പക്കല്‍ നിന്നോ ഇത് വാങ്ങാം. വേനല്‍ക്കാലത്ത് ചെടികള്‍ നനയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം രാവിലെയും വൈകുന്നേരവുമാണ്. ഈ സമയം വെള്ളത്തിനും ചൂട് കുറവായിരിക്കും. സ്പ്രിംഗളറുകള്‍ വച്ച് നനക്കുന്നതാണ് നല്ലത്. വീട്ടില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ വയ്ക്കുന്നതും വേനലില്‍ വീടിനുള്ളില്‍ പച്ചപ്പു നിറയ്ക്കും.
കടപ്പാട്
രഞ്ജിത്ത് നെടുങ്ങാടി,ഡയറക്ര്‍, ബി.ഐ.ആര്‍.ഡി (b.i.r.d.) ആര്‍ക്കിടെക്ചറല്‍ കണ്‍സല്‍ട്ടന്‍സ്, കോഴിക്കോട്
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: house care, myhome, home tips, seasonal change
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..