സുബൈർ വാഴക്കാടും അദ്ദേഹത്തിന്റെ പുതിയ വീടിന്റെ മാതൃകയും|photo:facebook.com/AfiAhmedUPC,.instagram.com/subai_rvazhakkad/
ഫുട്‌ബോള്‍ രക്തത്തില്‍ കൊണ്ടുനടക്കുന്നവരുണ്ട്. ഫുട്‌ബോള്‍ ഒഴിവാക്കിയിട്ടൊന്നും ചിന്തിക്കാന്‍ കഴിയാത്തവര്‍. അത്തരത്തിലൊരാളാണ് സുബൈര്‍ വാഴക്കാട്. മലപ്പുറത്തിന്റെ തനത് ഭാഷയില്‍ ഫുട്‌ബോള്‍ വിവരിച്ച് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണദ്ദേഹം.
ഇപ്പോള്‍ അദ്ദേഹത്തിന്റെ വീടാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഫുട്‌ബോള്‍ പ്രേമം മൂത്ത് വീടിന്റെ മതിലിന് മുഴുവന്‍ അര്‍ജന്റൈന ജഴ്സിയുടെ നിറമായ നീലയും വെള്ളയുമാണ് നല്‍കിയിരിക്കുന്നത്. വീടിന് മുകളിലാകട്ടെ ഫുട്ബോളും മെസ്സിയുടെ ജഴ്സിയും ഒരുക്കിയിട്ടുണ്ട്. വീടുകളിലൊന്നും കണ്ടു പരിചിതമല്ലാത്തതാണ് ഈ വീടിന്റെ മാതൃക.
യുഎഇയിലെ പ്രവാസി വ്യവസായിയും സ്മാര്‍ട് ട്രാവല്‍ എംഡിയുമായ അഫി അഹമ്മദാണ് സുബൈറിന്റെ സ്വപ്‌ന ഭവനം നിര്‍മ്മിച്ച് നല്‍കിയത്. അദ്ദേഹത്തിന്റെ പിതാവ് യു.പി.സി. അഹമ്മദ് ഹാജിയുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന വീടിന് യു.പി.സി. വില്ല എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും ഈ മാസം 19-ന് താക്കോല്‍ ദാനം നടക്കുമെന്നും അഫി അഹമ്മദ് അറിയിച്ചിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പ് വേളയിലാണ് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ സുബൈര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് തനി മലപ്പുറം ഭാഷയില്‍ മത്സരങ്ങളെ അവലോകനം ചെയ്യുന്നതും കമന്ററി പറയുന്നതുമായ സുബൈറിന്റെ വീഡിയോകള്‍ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി.
രസം പിടിപ്പിക്കുന്ന കമന്ററി പറച്ചിലിനിടയിലും സ്വന്തമായി വീടെന്ന സ്വപ്നം സുബൈറിനൊരു നോവായിരുന്നു. ഇതറിഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അഫി അഹമ്മദ് സുബൈറിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാക്കുനല്‍കുകയായിരുന്നു. ആ വാക്ക് വെറുംവാക്കായില്ല.
സുബൈറിന് ഖത്തറില്‍ പോയി ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനുള്ള എല്ലാ ചെലവും വഹിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും സുബൈര്‍ ആ വാഗ്ദാനം സ്നേഹപുരസരം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ജനുവരി ഒന്നിന് സുബൈറിന്റെ വീട്ടിലെത്തിയാണ് അഫി ആദ്യ ഘട്ട ചെലവിനായി നാല് ലക്ഷം രൂപ നല്‍കിയത്. 70 ദിവസങ്ങള്‍ കൊണ്ട് വീട് പണി പൂര്‍ത്തീകരിച്ചു.
ഇത്രയും വേഗം വീട് പണി പൂര്‍ത്തിയായതിനുള്ള സന്തോഷവും അഫി പങ്കുവെച്ചു. എന്‍ജിനീയര്‍ സഫീറിന്റെ ജെംസ്റ്റോണ്‍ എന്ന കമ്പനിയാണ് വീടിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നടത്തിയിരിക്കുന്നത്. സ്വാഗത സംഘം രൂപവത്ക്കരണത്തിന് ശേഷം 19-ന് നടക്കുന്ന താക്കോല്‍ ദാന ചടങ്ങ് കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ പ്രദേശവാസികള്‍.
Content Highlights: Home with Argentina football theme ,home, Argentina, football lover,Subair Vazhakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..