ലോക്ഡൗണ്‍കാലമാണ്, വീടുപണികളൊക്കെ നിലച്ചിട്ട് മാസങ്ങളായി. മഴക്കാലത്തിന് മുമ്പേ പണിതീര്‍ക്കണമെന്ന് കരുതിയ വീടുകളും പണിതീരാതെ കിടക്കുന്നു. ലോണെടുത്താണ് വീട് പണിയെങ്കില്‍ അതും തലവേദനയായി. ലോണ്‍ ഉടനേ അടക്കേണ്ട എന്നേയുള്ളു. പക്ഷേ തിരിച്ചടക്കണമല്ലോ. വീട് പണിയൊട്ട് കഴിഞ്ഞുമില്ല, എന്ന അവസ്ഥ. ലോണ്‍ തിരിച്ചടക്കാന്‍ സമയമായാല്‍ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാകും 

ഈ സമയത്ത് വീട് നിര്‍മാണത്തെ പറ്റി 53 മണിക്കൂറും മുപ്പത്തിനാല് സെക്കന്‍ഡും നീളുന്ന ഫേസ്ബുക്ക് ലൈവിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് ആര്‍കിടെക്ട് ജയന്‍ ബിലാത്തിക്കുളം. മകള്‍ ഗൗരിയും മകന്‍ കൃഷ്‌നനുണ്ണിയുമുണ്ട് ഒപ്പം.  വീടുപണിയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും തമാശകള്‍ പറഞ്ഞുമാണ് ലൈവ് കടന്ന് പോകുന്നത്.  മേക്കോവര്‍ വരുത്തുകയും ചെലവ് ചുരുക്കുകയുമൊക്കെ ചെയ്ത് പണിതുയര്‍ത്തിയ വീടുകളുടെ വീഡിയോയിലൂടെ മലയാളികള്‍ക്ക് പ്രചോദനമാകുകയും ചെയ്യുന്നുണ്ട് ഈ ജനകീയ ലൈവ്. സ്വസ്ഥം ഗൃഹസ്ഥം എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ജനകീയ ലൈവ് ചെയ്യുന്നത്. 

മലയാളികളുടെ വലിയവീടുകളോടും ആഡംബരത്തോടുമുള്ള ഭ്രമമാണ് പണിതീരാത്ത പലവീടുകളുടെയും പിന്നിലെന്നും അദേഹം പറഞ്ഞു വയ്ക്കുന്നു. വീടുനിര്‍മ്മാണത്തിന്റെ കല്ലും പാറപ്പൊടിയും മുതല്‍ ബില്‍ഡിങ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട എഴുപത് ശതമാനം സധാനങ്ങളും അന്യസംസ്ഥാനത്ത് നിന്നാണ് വരുന്നത്.  ലോക്ഡൗണായതോടെ ഇവയൊന്നും ലഭ്യമല്ലാതെയായി. അതോടെ ലോക്ഡൗണായ വീട് നിര്‍മാണ മേഖലയെ കരകയറ്റാനുള്ള വഴികളും ആര്‍കിടെക്ട് ജയന്‍ ബിലാത്തിക്കുളം പങ്കുവയ്ക്കുന്നു.

പുതിയ വീടുകളില്‍ ചിമ്മിണി പോലുള്ളവ പണിയുന്നതിലെ മണ്ടത്തരങ്ങള്‍, മോഡേണ്‍ ചിമ്മിണികള്‍ പോലുമുണ്ടാക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, സാധാരണ വീടുകളില്‍ ഡബിള്‍ ഡോറുള്ള ഫ്രിഡ്ജ് വേണോ, പതിനഞ്ച് ലക്ഷം രൂപയ്ക്ക് സ്ഥലവും വീടും കൂടി വാങ്ങാന്‍ എന്ത് ചെയ്യണം, ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വീടുകളില്‍ ഒരുക്കാവുന്ന സൗകര്യങ്ങള്‍ ഇങ്ങനെ എല്ലാത്തിനും ഉത്തരമുണ്ട് ഇതില്‍.

Content Highlights: Home Makeover ideas from Jayan Bilathikkulam Face book live