പെയിന്റിങ്ങിന് ലക്ഷങ്ങള്‍ ചെലവാക്കാന്‍ ഒരു മടിയുമില്ലാത്ത മലയാളികളുണ്ട്. എന്നാല്‍ ഇഷ്ടപ്പെട്ട് പണിത സ്വപ്ന വീടിന് നല്‍കുന്ന പല കളര്‍ തീമുകളും അവസാനം പാളിപ്പോകുന്നതും കാണാറുണ്ട്. മറ്റു പലരുടെയും വീടുകള്‍ക്ക് നല്‍കിയിരിക്കുന്ന നിറങ്ങളില്‍ കണ്ണുടക്കിയാണ് പലരും സ്വന്തം വീടിന് പെയിന്റടിക്കുന്നത്. അതാണ് പ്രശ്‌നമാകുന്നത്. ഓരോ നിറങ്ങള്‍ക്കും ഓരോ റോളുകളുണ്ടെന്നും അതിനനുസരിച്ച് വേണം അവ ഉപയോഗിക്കാന്‍ എന്നും പലപ്പോഴും ആരും ഓര്‍ക്കാറില്ല. 

നിറങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഒരോ നിറവും അവിടെ താമസിക്കുന്നവരുടെ മൂഡില്‍ പല മാറ്റങ്ങളും വരുത്താന്‍ ഇടയാക്കും. അക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് വേണം വീടിന്റെ ഇന്റീരിയറില്‍ നിറങ്ങള്‍ ഉപയോഗിക്കാന്‍. 

ചുവപ്പ്: പ്രസരിപ്പിന്റെ നിറമാണ് ചുവപ്പ്. ആവേശവും ആകാംഷയും തീഷ്ണതയുമൊക്കെ സൂചിപ്പിക്കാന്‍ ചുവപ്പാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേകത ഉയര്‍ത്തിക്കാണിക്കാന്‍ ചുവപ്പു നിറം വളരെ മികച്ചതാണ്. എന്നാല്‍ ചുവപ്പു നിറം ധാരണയില്ലാതെ ഉപയോഗിച്ചാല്‍ അത് കാഴ്ചക്കാരന് അസഹ്യമായി മാറും. 

മഞ്ഞ: നല്ല ചിയര്‍ഫുള്‍ മൂഡ് നല്‍കുന്ന നിറമാണ് മഞ്ഞ. വീടിനകത്തെ ഓരോ ചെറിയ സ്‌പേസും ജീവസ്സുറ്റതാക്കി മാറ്റാനുള്ള കഴിവ് മഞ്ഞ നിറത്തിനുണ്ട്. ഏതെങ്കിലും ഒരു സ്‌പെഷ്യല്‍ കാര്യം ഹൈലൈറ്റ് ചെയ്യാനും മഞ്ഞ വളരെ നല്ലതാണ്. കുട്ടികളുടെ റൂമിനും മഞ്ഞ ചേരും. 

പച്ച: പ്രകൃതിയുടെ നിറമാണ് പച്ച. കണ്ണുകള്‍ക്ക് കുളിരും റിലാക്‌സിങ് മൂഡും ഇവ നല്‍കും. എന്നാല്‍ ഇത് വിവേക ശൂന്യമായി ഉപയോഗിച്ചാല്‍ ഈ നിറം ഒരു ക്ലിനിക്കിന്റെ ഓര്‍മകള്‍ ഉണര്‍ത്തും. 

നീല: വളരെ കൂള്‍ ആയ, ആശ്വാസം നല്‍കുന്ന തരം മൂഡ് നല്‍കുന്നതാണ് നീല നിറം. 

പര്‍പ്പിള്‍: സോഫ്റ്റ് ആന്‍ഡ് റിലാക്‌സിങ്. അങ്ങനെ പറയണം പര്‍പ്പിള്‍ നിറത്തെ. ഈ നിറത്തിനൊരു യുണീക്‌നെസ്സുണ്ട്. അതാണ് ഈ നിറത്തെ ശക്തമാക്കുന്നതും വേറിട്ട് നിര്‍ത്തുന്നതും. 

ബ്രൗണ്‍: കംഫര്‍ട്ടബിള്‍ നിറമെന്ന് പറയാം ബ്രൗണിനെ. എപ്പോഴും ഫര്‍ണിച്ചറുകള്‍ക്ക് യോജിക്കുന്ന നിറമാണ്. 

വൈറ്റ്: ശാന്തതയുടെയും പരിശുദ്ധിയുടെയും അടയാളമാണ് വെളുത്ത നിറം. ഒരു സ്‌പേസിനെ കൂടുതല്‍ ബ്രൈറ്റാക്കാന്‍ വെള്ള നിറമാണ് ബെസ്റ്റ് ചോയ്‌സ്. 

ബ്ലാക്ക്: കൂള്‍ ആണ് കറുപ്പ് നിറം. വോള്‍ കളറായി ബ്ലാക്ക് ഉപയോഗിക്കുമ്പോള്‍ നല്ല വെളിച്ചം ആവശ്യമായി വരും. കറുപ്പ് നിറം സാധാരണയായി ലോഹങ്ങള്‍ക്കോ മറ്റ് ഫര്‍ണീച്ചറുകള്‍ക്കോ ആണ് ഉപയോഗിക്കാറുള്ളത്. ഒരു മോഡേണ്‍, സ്ലീക്ക് ലൂക്കാണ് ബ്ലാക്കിനുള്ളത്. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ആര്‍ക്കിടെക്റ്റ നിഷ വി. കുമാര്‍