ലോക്ഡൗണ്‍കാലത്ത് ഒരു കുടുംബത്തിന്റെ മൊത്തം കഷ്ടപ്പാട് മാറ്റിയ ഇത്തിരിക്കുഞ്ഞന്‍ പത്തുമണിച്ചെടിയുടെ കഥയാണ് മഞ്ജു ഹരിക്ക് പറയാനുണ്ടായിരുന്നത്. തിരുവനന്തപുരത്തുനിന്ന് മഞ്ജുവിന് വെറുതെ ഒരിഷ്ടംതോന്നി വാങ്ങിയതായിരുന്നു പത്തുമണിച്ചെടിയുടെ തണ്ട്. ഇങ്ങ് പത്തനംതിട്ടയിലെ പുല്ലാടയില്‍ വീട്ടുവളപ്പില്‍ മാറ്റിനട്ടതും അവ വളര്‍ന്ന് പന്തലിച്ചു. അങ്ങനെ കൗതുകത്തിന് വളര്‍ത്തിത്തുടങ്ങിയ പത്തുമണിച്ചെടികള്‍ ഇന്ന് മഞ്ജുവിന്റെയും കുടുംബത്തിന്റെയും വരുമാനമാര്‍ഗമായി. വിടര്‍ന്നുനില്‍ക്കുന്ന പലനിറത്തിലുള്ള പത്തുമണിപ്പൂക്കള്‍ക്കിടയിലേ മഞ്ജുവിനെ ഇപ്പോള്‍ കാണാനാവൂ.
''പ്രതീക്ഷിക്കാതെ ഭാഗ്യംതന്ന ചെടിയാണിവ. ഏറ്റവും കൂടുതല്‍ വില്പന നടന്നത് കോവിഡ് കാലത്താണ്. ലോക്ഡൗണ്‍ സമയത്ത് മൂന്നും നാലും കിലോമീറ്റര്‍ നടന്ന് പലവീടുകളിലും പത്തുമണിച്ചെടികള്‍ എത്തിച്ചിട്ടുണ്ട്. ആദ്യം ഇത് വളര്‍ന്നുവന്നപ്പോള്‍ അടുത്ത സുഹൃത്തുക്കളൊക്കെ തണ്ടുതരുമോ എന്ന് ചോദിച്ചുവന്നു. വെറുതെ വേണ്ട, പൈസതരാമെന്നുപറഞ്ഞു. ഇതുകൊള്ളാമല്ലോ, ഒരു വരുമാനമായല്ലോ എന്ന് അപ്പോഴാണ് ചിന്തിക്കുന്നത്. അങ്ങനെ പലതരം പത്തുമണിച്ചെടികള്‍ വാങ്ങി ശേഖരിച്ചുവെച്ചു. ഇതിന്റെ പരിചരണത്തെക്കുറിച്ചൊക്കെ വായിച്ചും വീഡിയോ കണ്ടും ആളുകളോട് ചോദിച്ചുമൊക്കെ മനസ്സിലാക്കി. ഇപ്പോള്‍ ഒരുദിവസം മുന്നൂറ് രൂപയ്ക്ക് മുകളില്‍ വരുമാനം കിട്ടുന്നുണ്ട്. ചില ദിവസങ്ങളില്‍ രണ്ടായിരം മൂവായിരം രൂപവരെ എത്താറുണ്ട്.''
കാര്യമായ പരിചരണമൊന്നുമില്ലാതെ പത്തുമണിച്ചെടികള്‍ വളര്‍ത്താമെന്ന് മഞ്ജു പറയുന്നു. ''ചെടിച്ചട്ടികളിലാണ് ഇവ വളര്‍ത്തുന്നത്. ആവശ്യത്തിന് സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. ചെടിച്ചട്ടിയുടെ അടിയില്‍ ഓടിന്റെയോ ഇഷ്ടികയുടെയോ കഷണങ്ങള്‍ നിരത്തിയശേഷമാണ് നടീല്‍ മിശ്രിതം നിറയ്ക്കുന്നത്. ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ മണ്ണുമായി ചേര്‍ത്ത് അല്പം വേപ്പിന്‍ പിണ്ണാക്കും കൂട്ടി നടീല്‍മിശ്രിതം തയ്യാറാക്കാം. നല്ല സൂര്യപ്രകാശം പത്തുമണിച്ചെടികള്‍ക്ക് ആവശ്യമാണ്. മഴക്കാലത്ത് ചട്ടിയില്‍ വെള്ളക്കെട്ട് ഉണ്ടാവാതെ ശ്രദ്ധിക്കണം.''
ഭര്‍ത്താവ് ഹരിയും മക്കള്‍ വിജയഹരിയും വിസ്മയഹരിയും മഞ്ജുവിനൊപ്പം കൃഷിയില്‍ കൈസഹായത്തിനുണ്ട്. അലങ്കാരമത്സ്യങ്ങള്‍ വിറ്റ് ചെറുപ്പത്തിലേ വരുമാനം കണ്ടെത്തുന്ന മിടുക്കരായ മക്കളെക്കുറിച്ചും മഞ്ജു വാചാലയായി. ഒരു കൃഷികുടുംബമായി അറിയപ്പെടാനാണ് മഞ്ജുവിന് ഏറെയിഷ്ടം.
''പലരും ഓരോ ചെടികള്‍ അന്വേഷിച്ച് വരുന്നതുകണ്ടപ്പോള്‍ ചെറിയതോതില്‍ നഴ്സറിപോലെ തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. ശ്രീമുരുക വി ആന്‍ഡ് വി ഗാര്‍ഡന്‍ എന്ന പേരില്‍. ഓര്‍ക്കിഡ് പോലുള്ള ചെടികള്‍ക്കൊപ്പം ഔഷധസസ്യങ്ങളും കൂട്ടത്തിലുണ്ട്. ഓണ്‍ലൈന്‍ വഴിയും വില്പന നടത്തിവരികയാണ്. കൂടാതെ ആട്, കോഴി, പ്രാവ്, മുയല്‍ എന്നിവയെ വളര്‍ത്തുന്നുമുണ്ട്. തേനീച്ചക്കൃഷി കൂടുതല്‍ വിപുലമാക്കണം. ഇങ്ങനെ പുതുതായി ഓരോ കാര്യങ്ങള്‍ ചെയ്യാനിഷ്ടമാണ്. വരുമാനം കിട്ടും, മനസ്സിന് സന്തോഷവും. വലിയൊരു നഴ്സറിയും ഫാമുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. അതിനൊപ്പം എന്റെ പത്തുമണിച്ചെടികളും. ഇത്തിരിപ്പോന്ന ആ ചെടികളാണ് ഇന്നെനിക്കെല്ലാം...''
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Home gardening pathu mani flower mini garden business