ഗ്രാഫ്റ്റഡ് ക്യാക്ടസ്, ഹാവോർത്തിയ, സക്കലന്റ്
കാസർകോട്: മുറിക്കുള്ളിലെ പൂന്തോട്ടത്തിലൂടെ വീടിനകത്തും നമുക്ക് പച്ചപ്പിന്റെ ശാന്തത തൊട്ടറിയാം. കോവിഡിനെതുടർന്ന് പലരും പൂന്തോട്ടം വീടിനുള്ളിലേക്കും വ്യാപിപ്പിച്ചതോടെയാണിത്. അടച്ചിരിപ്പിന്റെ വിരസതയകറ്റാനായി തുടങ്ങിയ ശീലം പിന്നീട് പുതിയ സംരംഭമാക്കി വളർത്തിയെടുത്തവരുമുണ്ട്.
ലക്കി ബാംബു അഥവാ ചൈനീസ് മുള, ക്യാക്ടസ്, സക്കലന്റ്, ഹവാത്തിയ, സ്നേക്ക്പ്ലാന്റ്, സിസി പ്ലാന്റ്, വിവിധയിനം മണിപ്ലാന്റുകൾ എന്നിവയാണ് മുറിക്കുള്ളിലെ പൂന്തോട്ടങ്ങൾക്കായി തിരഞ്ഞെടുക്കുന്ന ചെടികൾ.
പ്രധാനമായും രണ്ട് രീതിയിലാണ് മുറിക്കുള്ളിലെ പൂന്തോട്ടം (ഇന്റേണൽ ഗാർഡനിങ്) ഒരുക്കുന്നത്. മുറിക്കുള്ളിൽ വെക്കുന്നവ (ഇൻഡോർ), വരാന്തകളിൽ വെയ്ക്കുന്നവ (സെമി ഇൻഡോർ).
ഇത് രണ്ടിനും വ്യത്യസ്ത തരത്തിലുള്ള ചെടികളാണ് തിരഞ്ഞെടുക്കേണ്ടത്. ചില ചെടികൾ സൂര്യപ്രകാശം കുറവുള്ളിടത്തും വളരും. ഇവയെ മുറിക്കുള്ളിലും സൂര്യപ്രകാശം കൂടുതൽ വേണ്ട ചെടികളെ വരാന്തകളിലുമായി ക്രമീകരിക്കാം.
വീടുപണിക്കായുള്ള ഡിസൈൻ തയ്യാറാക്കുമ്പോൾത്തന്നെ മുറിക്കുള്ളിലെ പൂന്തോട്ടത്തിനുവേണ്ടി മുന്നൊരുക്കങ്ങൾ തുടങ്ങുന്നവരുണ്ട്. സാധാരണ മുറികളെ പൂന്തോട്ടത്തിനു പാകമായ രീതിയിൽ ഒരുക്കിയെടുക്കുന്നവരാണ് കൂടുതൽ.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇത്തരം പൂന്തോട്ടങ്ങൾക്കായി ശ്രദ്ധിക്കേണ്ടത്. വീടിനുള്ളിലേക്ക് ലഭിക്കുന്ന പ്രകാശത്തിന്റെയും കൃത്യമായ പരിചരണത്തിന്റെയും അടിസ്ഥാനത്തിലാണ് ചെടികളുടെ വളർച്ച സാധ്യമാകുന്നത്. നടുമുറ്റം പോലെ സൗകര്യമുള്ള വീടുകളിൽ മഴവെള്ളം നേരിട്ട് വീഴുന്ന രീതിയിൽ ക്രമീകരിക്കാം. നാംതന്നെ നനയ്ക്കുന്ന രീതിയിലാണ് ചെടികൾ ഒരുക്കുന്നതെങ്കിൽ വെള്ളം കെട്ടിനിൽക്കാതെ പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതാണ് നല്ലത്. അതിന് സാധിച്ചില്ലെങ്കിൽ ആഴ്ചകൾതോറും ചെടിച്ചട്ടിയുടെ അടിയിൽ വെയ്ക്കുന്ന പാത്രം ശുചിയാക്കാൻ മറക്കരുത്. അല്ലാത്തപക്ഷം കൊതുകുകൾ വളരുന്നതിന് കാരണമാകും.
വീടിനുള്ളിൽത്തന്നെ മണ്ണ് നിറച്ച് നടാനാണ് താത്‌പര്യമെങ്കിൽ മണ്ണിടുന്നതിനുമുൻപ് ചുറ്റുമുള്ള ഭാഗം വെള്ളം കയറാനാവാത്ത വിധം സജ്ജീകരിക്കണം. അല്ലെങ്കിൽ വെള്ളം കിനിഞ്ഞിറങ്ങി കോൺക്രീറ്റ് ഭാഗങ്ങൾക്ക് കേടുപാട് സംഭവിക്കാനിടയുണ്ട്. വീടിനുള്ളിലെ സാഹചര്യങ്ങളിൽ വളരാൻ സാധ്യതയുള്ള ചെടികളാണ് മുറിക്കുള്ളിൽ വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. അധികം ജലം ആവശ്യമില്ലാത്ത ചെടികൾ ഉൾപ്പെടുത്തുന്നതാകും അനുയോജ്യം.
എല്ലാ ചെടികളും എല്ലായിടത്തും വളരില്ല. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ നട്ട ചെടികൾ പലപ്പോഴും ഉണങ്ങിപ്പോവാം. കീടനാശിനികൾ പ്രയോഗിക്കുന്നുണ്ടെങ്കിൽ പ്രകൃതിക്കിണങ്ങുന്ന ജൈവകീടനാശിനികൾ മാത്രം ഉപയോഗിക്കുക.
പലർക്കും ചെടികളെ നിത്യേന പരിചരിക്കാൻ സമയം ലഭിച്ചെന്നുവരില്ല. ഈ സാഹചര്യങ്ങളിൽ ചെടി നനയ്ക്കാൻ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം ഉപയോഗിക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും. അല്പം സമയവും താത്‌പര്യവും മാത്രംമതി വീട്ടിനുള്ളിലും പൂങ്കാവനം തീർക്കാൻ.
അനൂപിനും ഷീബയ്ക്കും മക്കളാണീ ചെടികൾ
പെരിയ ബസാറിൽ ഏവരെയും ആകർഷിക്കുന്ന ഒരു കൊച്ചുസ്ഥാപനമുണ്ട്. ഇവിടുള്ള ചെടികൾക്ക് അച്ഛനും അമ്മയുമാവുകയാണ് അനൂപ്-ഷീബ ദമ്പതിമാർ. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അനൂപ് തന്റെ ഇഷ്ടവിനോദമായ പൂന്തോട്ടമൊരുക്കലിനെ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഇന്ന് മുറിക്കുള്ളിലും പുറത്തുമായി വളർത്താവുന്ന ധാരാളം ചെടികളുടെ അമൂല്യ കലവറയാണ് പെരിയ ബസാറിലെ ഇദ്ദേഹത്തിന്റെ കട.
മുറിക്കുള്ളിൽമാത്രം വളർത്താവുന്ന ചെടികളാണിവിടെ കൂടുതലും. വിദേശയിനങ്ങളും ഏത് കാലാവസ്ഥയിലും വളരുന്ന ചെടികളും ഇവിടെ സുലഭമാണ്. മാത്രമല്ല നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ക്യാക്ടസ്, സക്കലന്റ്, ഹവാത്തിയ, റബ്ബർ പ്ലാന്റ് തുടങ്ങിയ ചെടികളും അനൂപിന്റെയും ഷീബയുടെയും സ്നേഹത്തണലിൽ പച്ചവിരിക്കുന്നുണ്ട്. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഇവിടെയുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണീ സ്ഥാപനം. നമ്മുടെ നാട്ടിൽ പലരും ഇപ്പോൾ വീടിനുള്ളിൽ പൂന്തോട്ടമൊരുക്കാൻ താത്‌പര്യപ്പെടുന്നവരാണ്. നിരവധിയാളുകൾ ഇവിടെനിന്ന് ചെടികൾ കൊണ്ടുപോയി പരിപാലിക്കുന്നുണ്ട്. പണ്ടുള്ളതിൽനിന്ന് വ്യത്യസ്തമായി വീട് പണിയുമ്പോൾത്തന്നെ പൂന്തോട്ടമൊരുക്കുന്നതിനായി ആളുകൾ തങ്ങളെ സമീപിക്കുന്നുണ്ടെന്നും അനൂപ് പറയുന്നു.
ചെടിച്ചട്ടികൾക്കും ആവശ്യക്കാരേറെ
വീടിനുള്ളിൽ ചെടി വളർത്താനാവശ്യമായ ചെറിയ ചെടിച്ചട്ടികൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെയുള്ളത്. കോവിഡിനെത്തുടർന്നാണ് ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയത്. ചെറിയ മൺചട്ടികൾക്കും ഡിമാന്റുണ്ട്. ജൈവവളങ്ങൾ, ചകിരിച്ചോർ, കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക് എന്നിവയ്ക്കും ആവശ്യക്കാരേറെയുണ്ട്.
പി.എസ്.ഷെമീർ, ചെടിച്ചട്ടി കടയുടമ, പടന്നക്കാട്
Content highlights: home garden, interior gardening, gardening inside the room
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..