മുക്കുള്ളിലൊരു വീടുണ്ട്. അതില്‍ ജീവിക്കാനാകണം നാം പുറത്തൊരു വീട് പണിയേണ്ടത്. അതുകൊണ്ടുതന്നെ നാമൊരു വീട് പണിയുന്നത് അപ്പുറത്തുമിപ്പുറത്തുമിരിക്കുന്ന വീടുകള്‍ നോക്കിയല്ല. നമ്മുടെ അകമേക്ക് നോക്കിയാകണം. നമുക്കും നമ്മോടൊപ്പം ആ വീട്ടില്‍ക്കഴിയാന്‍ പോകുന്നവര്‍ക്കും എന്താണ് വേണ്ടത് എന്നെല്ലാം പരസ്പരം കൂടിയാലോചിച്ച് ആ പാരസ്പര്യത്തില്‍നിന്നും ഉയര്‍ന്നുവരേണ്ടതാണ് നമ്മുടെ ഭവനം. വായുവും വെളിച്ചവും ആവോളം കയറിയിറങ്ങുന്നതാവണം ഭവനം. അതിനാദ്യം നാം നമ്മുടെ അകത്തു നിറച്ചുവെച്ചിരിക്കുന്ന മുന്‍വിധികളില്‍നിന്ന് മോചിതരാകണം. തുറന്ന മനസ്സും തുറന്ന ഹൃദയവുമുണ്ടെങ്കിലേ ഇരുട്ടില്ലാത്ത ഭവനം അകത്തും പുറത്തും പണിയാനാവൂ. ലാവോത്സു എന്ന ചൈനീസ് ദാര്‍ശനികന്‍ പറയും: ''നാം വീടു പണിയുമ്പോള്‍ ചുമരും വാതിലും ജനലും പണിയും. എന്നാല്‍, വീടിനെ വാസയോഗ്യമാക്കുന്നത് അതിനുള്ളിലെ ഒഴിഞ്ഞ ഇടങ്ങളാണ്.'' അതേ, ഒന്നുംചെയ്യാത്ത ഇടത്തെ നന്നായി ഉപയോഗിക്കാനാണ് നാം ചുറ്റും ചുമരും ജനലുമെല്ലാം കെട്ടുന്നത്. എന്നാല്‍, ആ ഒഴിഞ്ഞ ഇടങ്ങളെയും നാം വേണ്ടതും വേണ്ടാത്തതുമെല്ലാംകൊണ്ട് കുത്തിനിറയ്ക്കുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്നത് ഭവനത്തിന്റെ പവിത്രതയും ശാന്തിയുമാണ്.

ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളാണ് എന്നും നമ്മെ ആശ്വസിപ്പിച്ചിട്ടുള്ളത്. ആകാശത്തു വിരിഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങളെനോക്കി മലര്‍ന്നുകിടക്കുമ്പോഴും കടലിന്റെ അനന്തതയിലേക്ക് നോക്കി സ്വയം ഇല്ലാതാകുമ്പോഴും മലമുകളിലിരുന്ന് താഴ്വരയെ നോക്കി ദീര്‍ഘശ്വാസം വിടുമ്പോഴും അതെല്ലാം നമ്മെ വീണ്ടുംവീണ്ടും ആകര്‍ഷിക്കുന്നത് അവിടെയെല്ലാം വിശാലമായ ഒഴിഞ്ഞ ഇടങ്ങളുടെ അനന്തത ഉള്ളതുകൊണ്ടാണ്. അതുപോലെയുള്ള ആശ്വാസം സ്വഭവനത്തില്‍ ലഭിക്കണമെങ്കില്‍ നമ്മുടെ വീടിനകവും കൂടുതലും ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളുള്ളതാകണം.പൊടിയും അഴുക്കും പിടിക്കുന്ന അലങ്കാര ഫര്‍ണിച്ചറുകള്‍കൊണ്ട് നാം അകം കുത്തിനിറയ്ക്കുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്നത് ഭവനത്തിന്റെ സമാധാനവും ലാളിത്യവുമാണ്. അകത്തെ ഇടത്തിനനുസരിച്ചുള്ള ലളിതമായ ഫര്‍ണിച്ചറുകളും മനസ്സിലും കണ്ണിനും സൗമ്യത നല്‍കുന്ന കടുപ്പംകുറഞ്ഞ വര്‍ണങ്ങളിലുള്ള കര്‍ട്ടനുകളും ഉപയോഗിക്കുമെന്നുറപ്പുള്ള പാത്രങ്ങളും മാത്രം മതിയെന്നു തീരുമാനിച്ചാല്‍തന്നെ വീടിനൊരു സമാധാനമാണ്. വീടിനകത്തും പുറത്തും അടിക്കുന്ന പെയ്ന്റും കഴിയുന്നത്ര കണ്ണില്‍ തുളച്ചുകയറുന്ന വര്‍ണങ്ങളാവാതിരുന്നാല്‍ അതു നമ്മുടെയും നമ്മോടുചേര്‍ന്നു നില്‍ക്കുന്ന വരുടെയും മനസ്സിന് കുളിര്‍മയായി മാറും.

നാം ഒരു വീടു പണിയുമ്പോള്‍ നമ്മെ തന്നെയാണ് പണിയുന്നത്. അത് ആരെയെങ്കിലും തോല്പിക്കാനോ ആരോടെങ്കിലും പകപോക്കാനോ അല്ല. മറിച്ച് നമ്മുെട ജീവിതത്തെ കൂടുതല്‍ ശാന്തമാക്കാനും സ്‌നേഹമസൃണമാക്കാനുമാണെന്ന സത്യം നാം മറക്കാതിരിക്കണം. എല്ലാ കര്‍മവും കഴിഞ്ഞ് ഒന്നു വിശ്രമിക്കാനുള്ള ആ ഇടത്തെ കഴിയുന്നത്ര ഒഴിവുള്ളതാക്കുകയാണ് വേണ്ടത്. നാമെല്ലാം പറയാറുണ്ടല്ലോ; എല്ലാം കഴിഞ്ഞിട്ടുവേണം ഒന്നൊഴിഞ്ഞിരിക്കാനെന്ന്. അങ്ങനെ ഒഴിഞ്ഞിരിക്കാനുള്ള ഇടവും ഒഴിവുള്ളതായാലേ ശാന്തിയുണ്ടാകൂ. വ്യവസ്ഥയുള്ളിടത്തേ സ്വസ്ഥതയുണ്ടാകൂ. ഇരിക്കേണ്ടത് ഇരിക്കേണ്ടിടത്ത് ഇരിക്കുക എന്നതുതന്നെയാണ് വ്യവസ്ഥ. അങ്ങനെ ഇരിക്കുമ്പോഴാണ് വീടിനകത്ത് നാം പറഞ്ഞ ഒഴിവുണ്ടാവുക. നിരന്ത ശ്രദ്ധ ആവശ്യമായ ഒരു ധ്യാനമാണത്. ആ ധ്യാനത്തിലാണ് ജീവിതമിരിക്കുന്നത്. അടുക്കും ചിട്ടയോടും കൂടി വൃത്തിയായി നാം ഭവനത്തെ സൂക്ഷിക്കുമ്പോള്‍ നാംപോലുമറിയാതെ നമ്മുടെ മനസ്സിലും ഒരടുക്കും ചിട്ടയും ഏകാഗ്രതയും ഉണ്ടായിവരും. വേണ്ടത് വേണ്ട സമയത്ത് ചെയ്യാനുള്ള മനസ്സാന്നിധ്യം കൊതിക്കുന്നവര്‍ ആദ്യം അലങ്കോലമായിക്കിടക്കുന്ന സ്വന്തം മുറി ഒന്നു വൃത്തിയാക്കിയാല്‍ മതി. മനസ്സ് തനിയേ സ്വസ്ഥമാകുന്നത് അനുഭവിക്കാനാകും. വീടുപോലെത്തന്നെയാണ് വീടിനു ചുറ്റുമുള്ള പരിസരവും. വൃത്തിയുള്ള പരിസരമില്ലാതെ എത്ര നല്ല വീടു പണിതാലും അതു ഭവനമാകുന്നില്ല. പ്രഭാതത്തിലുണര്‍ന്ന് ഉമ്മറത്തു വന്നിരുന്ന് പുറത്തേക്കു നോക്കുമ്പോള്‍ മുറ്റത്തു വിരിച്ചിട്ട ടൈല്‍സല്ല കണികാണേണ്ടത്. മറിച്ച് ഹൃദയഹാരിയായ ഹരിതാഭയാകണം. നനവുള്ള മണ്ണാകണം. കണ്ണിനെയുണര്‍ത്തുന്ന പൂക്കളാകണം. മണ്ണും പുല്ലും ചെടികളും നിറഞ്ഞ മുറ്റമില്ലാതെ വീടൊരിക്കലും ഭവനമാകില്ലെന്ന് നമുക്ക് മറക്കാതിരിക്കാം.

അതെ. ജീവിതത്തെ അതിന്റെ തനിമയില്‍ അനുഭവിക്കാന്‍ ലളിതവും സൗമ്യവുമായ അന്തരീക്ഷമൊരുക്കല്‍ തന്നെയാണ് പ്രധാനം. ലളിതമായ ഭവനം ലളിതമായ മനസ്സിനെ സമ്മാനിക്കും. അത് ചുറ്റുപാടുകളെ തുറന്നനുഭവിക്കാനുള്ള ഹൃദയത്തെ ഉണര്‍ത്തിത്തരും. ഹൃദയമുണര്‍ന്ന ജീവിതങ്ങളെ ചുറ്റുപാടുള്ളവര്‍ സ്‌നേഹിക്കും. മറ്റുള്ളവരുടെ സ്‌നേഹത്തിനു പാത്രമാകാനുള്ള വഴി അവരവരുടെ ജീവിതത്തെ ഉന്മേഷമുള്ളതാക്കുകതന്നെയാണ്. അതു നാം തുടങ്ങേണ്ടത് നമ്മുെട അകത്തുനിന്നും നാം കഴിയുന്ന ഭവനത്തില്‍നിന്നുമാകണം. വീട്ടിലല്ല നമുക്ക് പൂജാമുറി വേണ്ടത്. മറിച്ച് വീടുതന്നെ പൂജാമുറിയായി മാറുകയാണ് വേണ്ടത്. വീട് ഒരു പ്രാര്‍ഥനാലമായി മാറുമ്പോഴാണ് നമ്മുടെ ചിന്തയും വാക്കും കര്‍മവുമെല്ലാം ശുദ്ധമാവുക. നമ്മുടെ ചിന്തയാണ് നമ്മുടെ ഭവനത്തിന്റെ ഊര്‍ജമായി മാറേണ്ടത്. നമ്മുടെ മക്കളുടെ ആന്തരിക വളര്‍ച്ചയ്ക്ക് ആദ്യ വിദ്യാലയമായിരിക്കുന്ന ഭവനം എന്നെന്നും നന്മയുടെയും സ്‌നേഹത്തിന്റെയും തരംഗങ്ങള്‍കൊണ്ട് വലയംചെയ്തു നില്‍ക്കേണ്ടതുണ്ട്. നമുക്കറിയാവുന്ന ജീവിതം ഇതാണ്. ഇത്തിരിക്കാലം ഈ ഭൂമിയില്‍ നാം അതിഥിയായെത്തിയവരാണ്. അവിടെ ഒരനുഗ്രഹംപോലെ നമുക്കു ജീവിക്കാനായി പണിയുന്ന മറ്റൊരു ഭൂമിപോലെയാണ് നമ്മുടെ ഭവനം. ഒരതിഥിയെ നാം എങ്ങനെയാണോ വീട്ടിലേക്ക് സ്വീകരിക്കുന്നത് അതുപോലെയാവണം നാം നമ്മുടെ വീടിനെ നമ്മുെട ഹൃദയത്തിലേക്ക് സ്വീകരിക്കേണ്ടത്. അപ്പോഴാണ് വീടിനോടു കാണിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് നാം ബോധവാന്മാരാകുക.

ഒരു വീടു പണിയുക എളുപ്പമാണ്. ഇത്തിരി പണമുണ്ടായാല്‍ മതി. എന്നാല്‍, പണിത വീടിനെ പ്രസന്നതയോടും പ്രകാശത്തോടെയും നിലനിറുത്തുക എളുപ്പമല്ല. അതിന് അത്രയും ശ്രദ്ധയും സ്‌നേഹവുമുള്ള ഹൃദയമുണ്ടാകണം. ആ ഉണര്‍വുള്ള ഹൃദയത്തിലാണ് വീട് ഒരു ഉദാത്തമായ ഭവനമായി മാറുക. നമുക്കുതന്നെ നമ്മോട് ആദരവു തോന്നുന്ന രീതിയില്‍ അതിനെ കൊണ്ടുനടക്കുമ്പോഴാണ് അതു കുടുംബത്തിനുതന്നെ ഐശ്വര്യമാവുക. ആ നന്മയിലേക്ക് നമ്മെയും നമ്മുടെ ഭവനത്തെയും വിലയിപ്പിക്കാന്‍ നമുക്കാകട്ടെ. സ്‌നേഹം.

Content Highlights: home dream home