ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് സ്‌കൂളില്ല. മാതാപിതാക്കളാകട്ടെ വര്‍ക്ക് ഫ്രം ഹോമിലും. അടുത്ത കാലത്തൊന്നും കുട്ടികള്‍ ഇങ്ങനെ വീട്ടില്‍ കുടുങ്ങിപ്പോയിട്ടുണ്ടാവില്ല. കുട്ടികളെ അടക്കിയിരുത്താന്‍ യാതൊരു വഴിയുമില്ലാത്ത അവസ്ഥയാണ്. ഇത് മറികടക്കാന്‍ അവര്‍ക്ക് ചെറിയ ചില 'ചലഞ്ചുകള്‍' നല്‍കിയാലോ? 

കളര്‍ ബ്ലോക്കിങ് 
വീട്ടു ചുമരിന്റെ ഏതെങ്കിലും ഒരു ഭാഗം കുട്ടികള്‍ക്ക് വിട്ടുകൊടുക്കാം. അതില്‍ അവര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പെയിന്റ് ചെയ്യട്ടെ. മഞ്ഞ, പിങ്ക് എന്നിങ്ങനെയുള്ള ബ്രൈറ്റ് കളറുകളും കോണ്‍ട്രാസ്റ്റ് ഷേഡുകളുമൊക്കെയിട്ട് അവരുടെ കരവിരുത് പ്രദര്‍ശിപ്പിക്കട്ടെ. ഇതൊക്കെ കുട്ടികള്‍ക്ക് വളരെ രസകരമായ ഒരു അന്തരീക്ഷം ഒരുക്കാന്‍ സഹായിക്കും. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഷെയര്‍ ചെയ്യാം. ഭാവിയിലേക്ക് സൂക്ഷിക്കുകയും ആകാം. 

ലെഗോ ബോക്‌സ് 
കുട്ടികള്‍ക്ക് ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യാന്‍ സഹായിക്കുന്നതാണ് ലെഗോ ബോക്‌സ്. അതുപയോഗിച്ച് അവര്‍ക്ക് ഇഷ്ടമുള്ള വസ്തുക്കള്‍ക്ക് രൂപം നല്‍കട്ടെ. അവ വീടിനകത്ത് ഡിസ്‌പ്ലേ ചെയ്യാം. 

നല്‍കാം ഡി.ഐ.വൈ. ആക്ടിവിറ്റികള്‍
ഇപ്പോള്‍ പലതരം ആക്ടിവിറ്റികള്‍ യുട്യൂബിലും മറ്റും ലഭ്യമാണ്. ഇതുപോലെ കുട്ടികളെ അവര്‍ക്ക് ഇഷ്ടമുള്ള ആക്ടിവിറ്റികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാം. ഉപകാരപ്രദമാവുന്ന തരത്തിലുള്ള ആക്ടിവിറ്റികളാണ് ഇത്തരത്തില്‍ ചെയ്യിക്കേണ്ടത്. ഇവ ചെയ്യുന്ന വീഡിയോകള്‍ ഫോണില്‍ ഷൂട്ട് ചെയ്ത് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാം. ഇത്തരം ആക്റ്റിവിറ്റികളില്‍ നിന്ന് തയ്യാറാക്കുന്ന ഏറ്റവും അടിപൊളിയായ ഒരു ഐറ്റം വീട്ടില്‍ മനോഹരമായി ഡിസ്‌പ്ലേ ചെയ്യുക.

വീട്ടിലെ ഓഫീസ് റൂം മനോഹരമാക്കാം
ഇത് വളരെ രസകരമായിരിക്കും. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ എല്ലാവരും വീടിനകത്ത് ഒരു ചെറിയ ഓഫീസ് സ്‌പേസ് തയ്യാറാക്കിയിരിക്കും. ഇവിടെയുള്ള ഫര്‍ണിച്ചറും ഷെല്‍ഫുമൊക്കെ സൂപ്പറാക്കാന്‍ ഒരു ചലഞ്ച് നല്‍കാം. ഏറ്റവും നന്നായി ചെയ്താല്‍ ഒരു ഗിഫ്റ്റ് ഓഫര്‍ ചെയ്യുക. നിറങ്ങള്‍ക്ക് അനുസരിച്ചും മറ്റും അവിടെയുള്ള വസ്തുക്കള്‍ മനോഹരമായി അറേഞ്ച് ചെയ്യാന്‍ പറയുക. അവര്‍ക്ക് മനസ്സില്‍ തോന്നുന്ന രീതിയില്‍ അവര്‍ ടാസ്‌ക് പൂര്‍ത്തിയാക്കട്ടെ. അത് രസകരമായിരിക്കും.

Content Highlights: Home decor challenge for Kids during Lockdown, Home