കാലാവസ്ഥ മാറുമ്പോള്‍ വീടിന് വേണം കരുതലേറെ


അഴുക്കിലും നനവിലും വളരുന്ന പൂപ്പലും ഫംഗസും അണുബാധയ്ക്കു കാരണമാകും

പ്രതീകാത്മക ചിത്രം | Photo: canva.com/

സുഖമുള്ള തണുപ്പിനൊപ്പം അഴുക്കുംകൂടി വീട്ടിലേക്കെത്തുന്ന സമയമാണ് മഴക്കാലം. ചുവരിലും തറയിലും വീട്ടുപകരണങ്ങളിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ അഴുക്കുകള്‍, അധികം കൈയെത്താത്ത മൂലകളില്‍ വേനല്‍ ബാക്കിവെച്ച പൊടി എന്നിവയൊക്കെ മഴക്കാലത്ത് ഈര്‍പ്പംപറ്റി വലിയ ശല്യക്കാരാകാറാണ് പതിവ്. അവിടെ പൂപ്പലും ഫംഗസും വളരും. വീടുതന്നെ സൂക്ഷ്മജീവികളുടെ വളര്‍ത്തുകേന്ദ്രങ്ങളാവുമെന്നര്‍ഥം. തുമ്മലും ജലദോഷവും മറ്റ് അണുബാധകളുമൊക്കെ പിന്നാലെയെത്തുകയും ചെയ്യും. വിലകൂടിയ നമ്മുടെ വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം പൂപ്പലും നനവും കാരണം കേടുവരാനും സാധ്യതയേറെ.. മഴക്കാലത്ത് വീട്ടകം സുരക്ഷിതമാക്കാന്‍ ചില പൊടിക്കൈകളിതാ..

കാര്‍പ്പറ്റ്വീട്ടിനുള്ളിലേക്കെത്താതെ അഴുക്കിനെ ചെറുത്ത് സ്വയം ഏറ്റുവാങ്ങുന്നവരാണ് ഉമ്മറത്തും പിറകിലെ വാതില്‍പ്പടിയിലുമിടുന്ന ചവിട്ടികള്‍. അതുകൊണ്ട് അവ അപ്പപ്പോള്‍ തന്നെ സോപ്പുപയോഗിച്ച് വൃത്തിയാക്കുകതന്നെ വേണം. ചെളിപിടിച്ച ചവിട്ടികളില്‍ പെട്ടെന്ന് പൂപ്പല്‍ വരാനും ദുര്‍ഗന്ധം വമിക്കാനുമിടയുണ്ട്. അതുവഴി രോഗാണുക്കള്‍ വീടിനുള്ളിലേക്കെത്താനും. നനഞ്ഞ ചവിട്ടികള്‍ പെട്ടെന്ന് തന്നെ മാറ്റിയിടുകയോ ഉണക്കിയെടുക്കുകയോ വേണം. എളുപ്പം ഉണങ്ങാത്തതും ചെളിപിടിക്കുന്നതുമായ തുണിയുടെയും ജൂട്ടിന്റെയും ചവിട്ടികള്‍ മഴക്കാലത്ത് ഒഴിവാക്കാം. പകരം പ്ലാസ്റ്റിക്, റബര്‍ കാര്‍പ്പറ്റുകളുപയോഗിക്കാം. പെട്ടെന്ന് വൃത്തിയാക്കാനും ഉണങ്ങാനും ഇതാണു നല്ലത്. മുഷിയാനിടയുള്ളതിനാല്‍ വിലകൂടിയ കാര്‍പറ്റുകള്‍ മഴക്കാലത്ത് ഒഴിവാക്കാം.

ചുവരും തറയും

വീട്ടിലെ ചുവരുകളിലും തറയിലും അടിഞ്ഞുകൂടിയ ചെളി കഴുകിയും തുടച്ചും വൃത്തിയാക്കിവെക്കുന്നത് മഴക്കാലത്ത് അധികം പൂപ്പല്‍ വളരാതിരിക്കാന്‍ സഹായിക്കും. വേനലിന്റെ അവസാനംതന്നെ ചുവരുകള്‍ പെയിന്റടിക്കുന്നത് നന്നാവും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍

സ്ഥിരം ഉപയോഗിക്കാത്ത കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഐപാഡ്, ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ മഴക്കാലത്ത് തുടച്ച് വൃത്തിയാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുസൂക്ഷിക്കാം. തുറന്നുവെക്കുന്നത് ഈര്‍പ്പം നില്‍ക്കാനും ഉപകരണങ്ങള്‍ കേടുവരാനും കാരണമാകും. സ്ഥിരം ഉപയോഗിക്കുന്നവയാണെങ്കില്‍ ഉണങ്ങിയ തുണികൊണ്ട് ഇടയ്ക്കിടെ തുടച്ച് നനവില്ലെന്ന് ഉറപ്പാക്കുക

അലമാര

തുണിത്തരങ്ങള്‍ ഉണക്കുന്നത് മഴക്കാലത്ത് വലിയ വെല്ലുവിളിയാണ്. ആശിച്ചുമോഹിച്ചുവാങ്ങിയ വിലകൂടിയ വസ്ത്രങ്ങള്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ മഴക്കാലത്ത് കരിമ്പന്‍ പിടിച്ചുപോകും. മഴ പെയ്യുന്ന സമയമാണെങ്കില്‍ വീടിനുള്ളില്‍ ഫാനിട്ട് വസ്ത്രങ്ങള്‍ ഉണക്കാനിടാം. പലതും ഉണങ്ങിക്കിട്ടുമെങ്കിലും തണുപ്പുവിടണമെന്നില്ല. അതുകൊണ്ട് വെയില്‍ തെളിയുമ്പോള്‍ മുറ്റത്തിട്ട് ചൂടുപിടിപ്പിച്ചശേഷം മാത്രം അലമാരയില്‍ വെക്കാന്‍ ശ്രദ്ധിക്കുക. പാതി ഉണങ്ങിയ വസ്ത്രങ്ങള്‍ അലമാരയില്‍ വെക്കരുത്. മറ്റ് വസ്ത്രങ്ങളിലേക്ക് പൂപ്പലും ദുര്‍ഗന്ധവും പടരാനിടയുണ്ട്. സിലിക്കാജെല്‍ വാഡ്രോബുകളില്‍ സൂക്ഷിച്ചാല്‍ തങ്ങിനില്‍ക്കുന്ന ജലാംശത്തെ അത് പെട്ടെന്ന് വലിച്ചെടുക്കും. അലക്കിയ വസ്ത്രങ്ങളില്‍ നിന്ന് മുഷിഞ്ഞവ മാറ്റിയിടണം. ഇടയ്ക്കിടെ അലമാര തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക.

ബെഡ്ഷീറ്റ്

അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പത്തിന്റെ ഒരംശം എപ്പോഴും ബെഡ്ഷീറ്റുകളിലേക്കും പടരും. അവിടെയും പൂപ്പലും സൂക്ഷ്മജീവികളും വളര്‍ന്നേക്കും. അതിനാല്‍ ഒരാഴ്ചകൂടുമ്പോഴെങ്കിലും ബെഡ്ഷീറ്റുകള്‍ ചൂടുവെള്ളത്തില്‍ അലക്കുക. നന്നായി ഉണക്കിയശേഷം മാത്രം വിരിക്കുക. ഇസ്തിരിയിടുന്നതും നല്ലതാണ്.

ഫര്‍ണിച്ചര്‍

കാഴ്ചയ്ക്ക് ഭംഗിയും ഗൃഹാതുരതയുമൊക്കെയാണെങ്കിലും വീട്ടിലെ മരഉരുപ്പടികള്‍ക്ക് മഴക്കാലം അത്ര നല്ലതല്ല. മരമേശകളും കട്ടിലും ഗോവണികളുമെല്ലാം അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ നനവുതട്ടി കേടുവരാനും പൂപ്പല്‍ പിടിക്കാനും പ്രാണികള്‍ കുത്താനുമൊക്കെയിടയുണ്ട്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ഫര്‍ണിച്ചറുകളുടെ കാലുകള്‍ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞുവെക്കാം. പൂപ്പലുണ്ടെങ്കില്‍ ഗ്ലിസറിന്‍ പഞ്ഞിയില്‍ മുക്കി തുടച്ചുവൃത്തിയാക്കാം. പോളിഷ് ചെയ്യുന്നതും ഫര്‍ണിച്ചറുകളുടെ ആയുസ്സ് കൂട്ടും. ഉണങ്ങിയ തുണികൊണ്ട് ഇടയ്ക്കിടെ തുടച്ച് നനവില്ലെന്നുറപ്പാക്കാം.

കര്‍ട്ടനുകള്‍

കര്‍ട്ടനുകളില്‍ നനവുപിടിക്കുന്നതും പൂപ്പല്‍ പിടിക്കുന്നതും പെട്ടെന്നാരുടെയും ശ്രദ്ധയില്‍ പെടാറില്ല. അതുകൊണ്ട് മഴക്കാലത്ത് കട്ടികൂടിയ കര്‍ട്ടനുകള്‍ ഒഴിവാക്കാം. നനവ് അധികം നില്‍ക്കാന്‍ സാധ്യതയില്ലാത്ത നൈലോണ്‍ പോലുള്ള തുണികളുടെ കര്‍ട്ടന്‍ ഉപയോഗിക്കാം. ഇടയ്ക്കിടെ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതും നല്ലതാണ്.

ഉപയോഗിക്കാത്ത സോഫ

സ്ഥിരമായി ഉപയോഗിക്കാത്ത സോഫകളും മറ്റും പെട്ടെന്നൊരുദിവസം ഉപയോഗിക്കുമ്പോഴുള്ള പൂപ്പലിന്റെ ദുര്‍ഗന്ധം നിങ്ങളെ അലട്ടിയിട്ടുണ്ടാവും. അതുകൊണ്ട് ഉപയോഗിക്കാത്തവയ്ക്കുമുകളില്‍ പ്ലാസ്റ്റിക് കവറിട്ടുവെച്ച് അവ സുരക്ഷിതമാക്കാം.

ടെറസ്സ്

ടെറസ്സില്‍ നിന്ന് വെള്ളം കൃത്യമായി ഒലിച്ചുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ചെടികള്‍ക്ക് നന കുറച്ചുമതി

ഇന്‍ഡോര്‍ ചെടികള്‍ക്ക് മഴക്കാലത്ത് കുറച്ച് വെള്ളം മതി. ഇടവിട്ട ദിവസങ്ങളില്‍ അല്‍പം സ്പ്രേ ചെയ്തുകൊടുക്കാം. കൂടുതല്‍ നനവ് നില്‍ക്കുന്നത് തറയില്‍ ചെളിയും കറയും പൂപ്പലും പിടിക്കാന്‍ കാരണമാവും.

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)


Content Highlights: home care tips for rainy season, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented