കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ആദ്യത്തെ പഞ്ചനക്ഷത്രഹോട്ടലായ മാസ്‌കറ്റിന്റെ ചരിത്രം നീളുന്നത് ഒന്നാംലോക മഹായുദ്ധകാലത്തേക്കാണ്. അന്ന് നായര്‍ ബ്രിഗേഡിന്റെ ആസ്ഥാനമായിരുന്നു ഇന്നത്തെ പാളയം പ്രദേശം മുഴുവന്‍. പട്ടാളക്കാരുടെ ആവശ്യത്തിന് പണിത കെട്ടിടങ്ങളിലൊന്നാണ് പില്‍ക്കാലത്ത് മെരണി (മെരണി, തിരുവിതാംകൂറിലെ റെയില്‍വേ എന്‍ജിനീയറായിരുന്ന ജര്‍മ്മന്‍കാരനാണെന്ന് അറിയുന്നു) താമസിച്ചിരുന്ന ബംഗ്ലാവായ 'മസ്‌കറ്റ്'. അത് പുതുക്കിപ്പണിതാണ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് ലോകനിലവാരത്തിലുള്ള മാസ്‌കറ്റ് ഹോട്ടല്‍ ആക്കിയത്.

മുമ്പ് തലസ്ഥാനത്ത് സര്‍ക്കാര്‍ അതിഥികളായി വരുന്നവര്‍ക്കുവേണ്ടി പണിത 'സ്റ്റേറ്റ് ഗസ്റ്റ് ഹൗസ്' ആണ് പില്‍ക്കാലത്ത് 'രാജഭവന്‍' ആയി മാറിയത്. ഈ ഗസ്റ്റ് ഹൗസില്‍ ആദ്യം അതിഥിയായി എത്തിയത് ബോബിലി രാജാവ് ആയിരുന്നു. അദ്ദേഹം ഈ മന്ദിരത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. അനന്തപുരിയില്‍ ആദ്യം വൈദ്യുതീകരിച്ച (ജനറേറ്റര്‍ ഉപയോഗിച്ചായിരിക്കാം) ആദ്യത്തെ കെട്ടിടം, സ്റ്റേറ്റ് ഗസ്റ്റ് ഹൗസ് മന്ദിരമാണെന്ന് രാജാവിന്റെ വിവരണത്തില്‍നിന്ന് മനസ്സിലാക്കാം. ഇന്നത്തെ ഗസ്റ്റ് ഹൗസ് അന്ന് ഇംഗ്ലീഷ് റസിഡന്റിന്റെ ഔദ്യോഗികമന്ദിരമായിരുന്നു.

സര്‍ക്കാര്‍ അതിഥികളായി എത്തുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടായിരുന്നുവെങ്കിലും യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അവരുടെ നാട്ടിലുള്ളപോലെ ഭക്ഷണം കൊടുക്കാനോ, താമസസൗകര്യം ഒരുക്കാനോ പറ്റിയ ഹോട്ടലുകള്‍ അന്ന് ഇല്ലെന്നത് ഒരു പോരായ്മയായിരുന്നു. ഇത് പരിഹരിക്കാനാണ് 1932 നവംബറില്‍ ആധുനിക രീതിയിലുള്ള ഒരു ഹോട്ടല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.

mascot
മാസ്‌കറ്റ് ഹോട്ടല്‍ പഴയ ചിത്രം

അന്നത്തെ ചീഫ് എന്‍ജിനീയര്‍ ജെ.എസ്. വെസ്റ്റര്‍ ഡാലി ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശത്തില്‍ കോട്ടണ്‍ഹില്‍ മന്ദിരമോ റെയില്‍വേ എന്‍ജിനീയേഴ്സ് ബംഗ്ലാവോ പൊളിച്ച് പുതിയ ഹോട്ടല്‍ കെട്ടുകയോ അതല്ലെങ്കില്‍ പാങ്ങോട്ടേക്കുമാറ്റിയ ശേഷവും ബാക്കിഭാഗം നില്‍ക്കുന്ന പട്ടാളബാരക്സുകള്‍ (ഇന്നത്തെ നിയമസഭാമന്ദിരം സ്ഥിതിചെയ്യുന്ന ഭാഗം) മാറ്റി അവിടെയോ പുതിയ ഹോട്ടല്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ തിരുവനന്തപുരത്ത് ഒരു യൂറോപ്യന്‍ ഹോട്ടലിന് സ്ഥലം സര്‍ക്കാര്‍ അന്വേഷിക്കുന്ന വിവരം അറിഞ്ഞ് പലരും തങ്ങളുടെ സ്ഥലം നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. 'ഭാരതചന്ദ്രിക' എന്ന പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ എ.കെ. ഭാസ്‌കര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് താന്‍ നടത്തുന്ന സിറ്റിസണ്‍സ് ലോഡ്ജും സ്ഥലവും വിട്ടുനല്‍കാമെന്ന് കാണിച്ച് ദിവാന് കത്തെഴുതി. റെയില്‍വേ സ്റ്റേഷനും ആര്‍ട്സ് കോളേജിനും അടുത്തുള്ള ഒന്നര ഏക്കര്‍ സ്ഥലത്തിന്റെ വിവരണവുമായി ഭാസ്‌കര്‍ മഹാരാജാവിന്റെ സെക്രട്ടറിയേയും സമീപിച്ചു.

സര്‍ക്കാരിന്റെ ക്ഷണപ്രകാരം തിരുവനന്തപുരത്ത് എത്തിയ ഡല്‍ഹിയിലെ മെയിഡന്‍ ഹോട്ടല്‍ മാനേജര്‍ സ്റ്റിന്നര്‍ അനന്തപുരിയില്‍ ആധുനിക രീതിയിലുള്ള ഹോട്ടലും തിയേറ്ററും അത്യാവശ്യമാണെന്നും അത് നിര്‍മിച്ചാല്‍ വിദേശങ്ങളിലും നാടുകാണാനെത്തുന്ന സഞ്ചാരികളിലുംനിന്ന് നല്ലൊരു തുക വരുമാനമായി ലഭിക്കുമെന്നും റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് മെരണിയുടെ ബംഗ്ലാവായ 'മാസ്‌കറ്റ്' ഹോട്ടലാക്കാന്‍ പറ്റിയ മന്ദിരമെന്ന് തീരുമാനിച്ചത്. മാസ്‌കറ്റ് ബംഗ്ലാവ് സര്‍ക്കാരിന് കൈമാറാന്‍ മെരണിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ബംഗ്‌ളാവ് ഒഴിഞ്ഞുകൊടുത്തതോടെ പുനര്‍നിര്‍മാണം ആരംഭിച്ചു. 1933 ഒക്ടോബറില്‍ മാസ്‌കറ്റ് ബംഗ്ലാവ് ഹോട്ടല്‍ ആക്കുന്നതിന് 61,000 രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി.

ഇതേത്തുടര്‍ന്ന് പൈതൃകം നിലനിര്‍ത്തി മാസ്‌ക്കറ്റിന്റെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തിലാരംഭിച്ചു. വളരെ വേഗം പണികള്‍ പൂര്‍ത്തിയാക്കാനുള്ള തുക പിന്നീടും അനുവദിച്ചു. ഇതിലേക്ക് ഇന്ത്യയിലെ പേരുകേട്ട ഹോട്ടലുകളില്‍ നിന്നുള്ളവരെയാണ് ജീവനക്കാരായി നിയമിച്ചത്. ബാറും ആഭ്യന്തര ടെലിഫോണും ടെലഗ്രാം സൗകര്യവും യൂറോപ്യന്‍ ഭക്ഷണവും മറ്റുസൗകര്യങ്ങളുമുള്ള ഹോട്ടലായതോടെ സഞ്ചാരികളെത്താന്‍ തുടങ്ങി. മുംബൈയിലെ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി 1937-ല്‍ പ്രസിദ്ധീകരിച്ച മാപ്പില്‍ മാസ്‌കറ്റ് ഹോട്ടലും സ്ഥാനംപിടിച്ചതോടെ വിദേശങ്ങളിലും ഇത് കീര്‍ത്തികേട്ടു.

ബ്രിട്ടീഷ് വൈസ്രോയിമാരും ഗവര്‍ണര്‍മാരും രാജാക്കന്മാരും അനന്തപുരിയിലെത്തുമ്പോള്‍ യൂറോപ്യന്‍ രീതിയിലുള്ള ഭക്ഷണവും പലഹാരങ്ങളും തയ്യാറാക്കി കൊടുക്കാനുള്ള ചുമതല ആദ്യകാലത്ത് മാസ്‌കറ്റ് ഹോട്ടലിനായിരുന്നു. കുറച്ചുകാലം സ്പെന്‍സര്‍ ആന്‍ഡ് കമ്പനിക്കും അതിനുശേഷം കെ.ആര്‍.ജി. മേനോനും മാസ്‌കറ്റ് പാട്ടത്തിന് നല്‍കിയിരുന്നു. ഐക്യകേരള രൂപവത്കരണത്തിനുശേഷം ടൂറിസം വകുപ്പിന്റെ കീഴിലായിരുന്ന മാസ്‌കറ്റ് ഹോട്ടല്‍ പിന്നീട് കെ.ടി.ഡി.സി.ക്കു കീഴിലായി. ഇനി മാസ്‌ക്കറ്റിന്റെ ചരിത്രം സംസ്ഥാന സര്‍ക്കാരിന്റെ ഒരേയൊരു പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ആരംഭിക്കുന്നു.

Content Highlights: History of Mascot Hotel