പാരമ്പര്യവും സര്‍ഗാത്മകതയും കൈകോര്‍ത്തൊരു മാന്ത്രിക വീട്. ആര്‍കിടെക്ട്‌ സന്ദേശ് പ്രഭുവിന്റെ ഗോവയിലുള്ള അവധിക്കാല വസതിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ആരുടെയും മനംമയക്കുന്ന നിര്‍മ്മാണചാതുരിയാണ് ഈ കൊച്ചുവീടിനെ ആകര്‍ഷകമാക്കുന്നത്.

"വീട് ആര്‍ക്കും പണിയാം. ധാരാളം പണം ചെലവാക്കി ആഡംബരം ഒട്ടും കുറയ്ക്കാതെ പണിതീര്‍ക്കുന്ന വീടിന് പക്ഷേ ജീവനുണ്ടാവണമെന്നില്ലല്ലോ. അതുണ്ടാവണമെങ്കില്‍ വീട് നമ്മുടെ മനസ്സിന്റെ പ്രതിഫലനമാവണം. നമ്മുടെ ഇഷ്ടങ്ങളും ആശയങ്ങളും ഒരുപോലെ ചേര്‍ത്ത് നിര്‍മ്മിച്ചൊരു ഇടമാവണം."-സന്ദേശ് പ്രഭു തന്റെ നയം വ്യക്തമാക്കുന്നു.

ഭംഗിയുണ്ട്‌

ആ വാക്കുകള്‍ വെറുതെയല്ലെന്ന് വീടിന്റെ പ്രധാനവാതില്‍ തുറക്കുമ്പോള്‍ മുതല്‍ അനുഭവപ്പെട്ടു തുടങ്ങും. വാതില്‍ തന്നെ മറക്കാനാവാത്ത അനുഭവങ്ങളിലേക്കുള്ള കാഴ്ച സമ്മാനിച്ചുതുടങ്ങുകയാണ്. തടിയില്‍ തീര്‍ത്ത് അലങ്കാരങ്ങള്‍ കൊണ്ട് സമ്പന്നമായ വാതില്‍ തുറന്ന് ചെല്ലുന്നത് നടുത്തളത്തിലേക്കാണ്.

പഴമയുടെ പ്രൗഢിയും ലാളിത്യത്തിന്റെ ഭംഗിയുമാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. ഓട് പാകിയ മേല്‍ക്കൂരയും റെഡ് ഓക്‌സൈഡിന്റെ മനോഹാരിത നിറയുന്ന തറയും ആകര്‍ഷണീയമാണ്. ചൂട് തീരെയില്ലാത്ത അന്തരീക്ഷം കൂടിയാവുമ്പോള്‍ ആരുമൊന്ന് റീഫ്രഷാവും!

ഭംഗിയുണ്ട്‌

സോഫാ കുഷ്യനില്‍ മുതല്‍ ഫര്‍ണിച്ചറുകളില്‍ വരെ ഒരു വേറിട്ട ഭംഗിയുണ്ട്‌.എല്ലാം സന്ദേശിന്റെ മനസ്സില്‍ നിന്ന് രൂപം പകര്‍ന്ന ഡിസൈനുകളാണ്. പലതരം ശൈലികളെ കോര്‍ത്തിണക്കി തനതായൊരു മാതൃക സൃഷ്ടിക്കുകയായിരുന്നു എന്നാണ് വീടിനെക്കുറിച്ച് സന്ദേശ് പറയുന്നത്.

ഭംഗിയുണ്ട്‌

ബൊഹീമിയന്‍ ശൈലിയാണ് കൂടുതലും പ്രകടമാകുന്നത്. കടുംചുവപ്പും മഞ്ഞയും വെളുപ്പും പോലെയുള്ള നിറങ്ങളുടെ ഫ്യൂഷനാണ് വീട്ടകം. ചുവരുകളെ മനോഹരമാക്കുന്നത് അലങ്കാരങ്ങളില്‍ പോലുമുണ്ട് വ്യത്യസ്തത.

ഭംഗിയുണ്ട്‌

ഗോവയില്‍ അവധിക്കാലം ആസ്വദിക്കാനെത്തുന്ന ആര്‍ക്കും സധൈര്യം ഇവിടേക്ക് കടന്നുവരാമെന്ന് സന്ദേശിന്റെ ഉറപ്പ്. ഇവിടം ഇപ്പോള്‍ ഹോം സ്‌റ്റേ കൂടിയാണ്. ഇത്രയും മനോഹരമായി വീടൊരുക്കാന്‍ കഴിയുമോ എന്ന് അത്ഭുതപ്പെടുന്നവരോട് സന്ദേശ് പറയുന്നത് മനസ്സിലുള്ള ആശയങ്ങളെയും ഇഷ്ടങ്ങളെയും വീടെന്ന സ്വപ്‌നവുമായി കൂട്ടിയിണക്കിയാല്‍ നമ്മുടെ തന്നെ പ്രതിഫലനമായി വീടിനെ ഒരുക്കാമെന്നാണ്!

കടപ്പാട്: ഇന്‍ഡ്യാ ഗുഡ്‌ഹോംസ്‌