ആരോഗ്യകരമായ ജീവിതരീതി ശീലമാക്കാനാണ് എല്ലാ ആരോഗ്യവിദഗ്ധരും നമ്മളെ ഉപദേശിക്കുന്നത്. നല്ല വെള്ളം കുടിക്കാനും വ്യായാമം ചെയ്യാനും ശുദ്ധവായു ശ്വസിക്കാനുമല്ലാം... വീടിനുള്ളില്‍ തന്നെ ഇവയൊക്കെ ഒരുക്കാനാവും. നല്ലവെളിച്ചം നല്‍കുന്ന വലിയ ജനാലകളും ശുദ്ധവായു പരത്തുന്ന ചെടികളും വീടുകളില്‍ ട്രെന്‍ഡാവുന്നുണ്ട്. ലൈഫ്‌സ്റ്റൈല്‍ മാറ്റാന്‍ ഇവയൊന്ന് പരീക്ഷിച്ചാലോ
നാച്വറല്‍ ലൈറ്റ്
വീടിനുള്ളില്‍ നല്ല വെളിച്ചവും സൂര്യ പ്രകാശവും ലഭിക്കുന്നത് തന്നെ പലതരം രോഗങ്ങളില്‍ നിന്ന് തടയും. മാത്രമല്ല മൂഡ് സ്വിങ്‌സുകളില്‍ നിന്ന് രക്ഷപെടാനും നല്ല വെളിച്ചമുള്ള ഇടങ്ങള്‍ സഹായിക്കും. വീടുകള്‍ക്ക് ചില്ലുകളിട്ട വലിയ ജനാലകള്‍ വാതിലുകള്‍ സ്‌കൈലൈറ്റ് എന്നിവ പിടിപ്പിക്കാം. വിറ്റാമിന്‍ ഡി ധാരാളമായി ലഭിക്കാന്‍ ഇത് സഹായിക്കും.
പ്രകൃതിയോട് അടുത്ത് നില്‍ക്കാം
വിഷാദം, മൂഡ് സ്വിങ്‌സ് ഇവയൊക്കെ കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണ് പൂക്കളും ചെടികളും. നല്ല പച്ചപ്പിലേക്ക് കണ്ണുതുറക്കുമ്പോള്‍ ഒരു കുളിര്‍മ തോന്നാറില്ലേ.. അതുപോലെ. വീടിനു ചുറ്റും ഒരു ചെറിയ പൂന്തോട്ടത്തിന് ഇടമില്ലാത്തവര്‍ക്ക് വീടിനുള്ളില്‍ ചെടികള്‍ നടാം. ഓരോ മുറികള്‍ക്കും ചേരുന്ന ചെടികള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. കിച്ചണില്‍ ഹെര്‍ബുകള്‍, കിടപ്പുമുറിയില്‍ അലോവേര പോലെ എയര്‍ പ്യൂരിഫൈയിങ് പ്ലാന്റുകള്‍, സ്വീകരണമുറിയില്‍ ആന്തൂറിയം, സ്‌നേക് പ്ലാന്റ്, പീസ് ലില്ലീസ് എന്നിവ പരീക്ഷിക്കാം.
ശുദ്ധവായു ഉറപ്പാക്കാം
വീടിനുള്ളില്‍ ശുദ്ധവായു ഉറപ്പാക്കണം. അതിനായി ആവശ്യമെങ്കില്‍ എയര്‍ പ്യൂരിഫയറുകള്‍ വയ്ക്കാം. വീടിനുള്ളില്‍ സുഗന്ധം പരത്തുന്ന പൂക്കള്‍ വയ്ക്കുന്നതും എയര്‍ പ്യൂരിഫൈയിങ് പ്ലാന്റുകള്‍ നടുന്നതും നല്ലതാണ്. പോത്തോസ്, പീസ് ലില്ലി, സ്‌പൈഡര്‍ പ്ലാന്റ്, സ്‌നേക്ക് പ്ലാന്റ്, ഇംഗ്ലീഷ് ഐവി, ലേഡി പാം, ബാംബൂ, ചൈനീസ് ഇവര്‍ഗ്രീന്‍, അലോവേര എന്നിവ ശുദ്ധവായു നല്‍കുന്ന ചില ചെടികളാണ്. ഇവയ്‌ക്കെല്ലാമൊപ്പം ദിവസവും വീട് ക്ലീന്‍ ചെയ്യാന്‍ മറക്കേണ്ട.
വീട്ടുസാധനങ്ങളുടെ വൃത്തി മറക്കേണ്ട
വൃത്തിയുള്ളതും എക്കോഫ്രണ്ട്‌ലിയായതുമായ വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാം. കാലാവധികഴിഞ്ഞ ചെരുപ്പുകള്‍, പൊട്ടിയ പാത്രങ്ങള്‍, ചെളിപിടിച്ച കാര്‍പെറ്റ് ഇവയെല്ലാം വീടിനുള്ളില്‍ കൂട്ടിയിടുന്നതും പലതരം രോഗങ്ങള്‍ക്ക് കാരണമാകും. നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന പ്ലേറ്റ് സ്‌ക്രബ്ബര്‍, തോര്‍ത്ത്, ബ്രഷ്, ചീപ്പ്, ടൗവ്വല്‍ ഇവയ്‌ക്കെല്ലാം കൃത്യമായ കാലാവധിയുണ്ട്. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഇത് മാറ്റി പുതിയവ വാങ്ങാം.
ഈര്‍പ്പവും പൊടിയും അടിഞ്ഞു കൂടുന്ന ബെഡ്, പില്ലോ, കാര്‍പെറ്റ് എന്നവ കൃത്യമായി വൃത്തിയാക്കാനും കാലാവധി കഴിഞ്ഞാല്‍ കളയാനും മടിക്കേണ്ട. കഴുകി ഉണക്കി എടുക്കാന്‍ പറ്റുന്ന തരം റഗ്ഗുകളും കാര്‍പെറ്റുകളും വാങ്ങാം.
വീടിനുള്ളില്‍ വര്‍ക്ക് സ്‌പേസ്
ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോമിലാണ് മിക്കവരും. വരും കാലങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ ആവശ്യമായി വന്നേക്കാം. വീടിനുള്ളില്‍ നല്ല വായുവും വെളിച്ചവും കിട്ടുന്ന ഒരിടം കണ്ടെത്തിക്കോളൂ. ചെറിയൊരു വര്‍ക്ക് സ്‌പേസ് ഇവിടെ ഒരുക്കാം. വായിക്കാനോ, എഴുതാനോ, ജോലി ചെയ്യാനോ, വെറുതേ ഇരിക്കാനോ എല്ലാം ഈ സ്ഥലം ഉപയോഗിക്കാം.
ഒരു ഓമനജീവിയെ വളര്‍ത്തിയാലോ
ഇമോഷണല്‍ സപ്പോര്‍ട്ടാണ് പലപ്പോഴും പെറ്റ്‌സിനെ ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ സന്തോഷം. ഓമനമൃഗങ്ങളെ വളര്‍ത്തിയാല്‍ വൈകാരിക പിന്തുണയ്ക്ക് വേറൊന്നും വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നമുക്കും വീടിനും ഇണങ്ങുന്ന പെറ്റ് ആനിമലിനെ കണ്ടെത്താം. വീടുകളാണെങ്കില്‍ വലിയ നായ്ക്കളെ വരെ വളര്‍ത്താം. ഫ്‌ളാറ്റുകള്‍ക്ക് ഇണങ്ങുക ചെറിയ നായകളും പൂച്ചകളും ഒക്കെയാണ്. അത്രയൊന്നും സമയം ചെലവഴിക്കാനില്ലെങ്കില്‍ മത്സ്യങ്ങളെ വളര്‍ത്താം. ലൗബേര്‍ഡ്‌സ് പോലുള്ളവയെ വളര്‍ത്തുന്നതും നല്ലതാണ്. നമ്മുടെ സമയവും സൗകര്യവും കൂടി പരിഗണിക്കണമെന്ന് മാത്രം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരാണെങ്കില്‍ വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഇത് മതി.
Content Highlights: Healthy home makeover for a better lifestyle