ന്റെ വീടിന് എന്തെല്ലാം മാറ്റങ്ങൾ വരുത്തണണമെന്നത് അവനവനിൽ നിക്ഷിപ്തമാണ്. അയൽക്കാരെ ഹനിക്കാത്ത വിധം എന്തു  മാറ്റങ്ങൾ വരുത്തിയാലും അതിൽ ഇടപെടാനും ആർക്കും അവകാശമില്ല. എന്നാൽ ഇവിടെ വീടിനെ മനോഹരമാക്കാൻ ശ്രമിച്ചതിന്റെ പേരിൽ അയൽക്കാരുടെ പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്ന ഒരു വയോധികനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 

​ഗോൾഡൻസ്റ്റെഫ് എന്ന ട്വിറ്റർ ഉപഭോക്താവാണ് തന്റെ മുത്തച്ഛനു നേരിടേണ്ടി വന്ന അനുഭവം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. മുത്തച്ഛൻ തന്റെ വീട് അലങ്കരിച്ചവിധം അയൽക്കാരെ അലോസരപ്പെടുത്തുന്നു എന്നാണ് പരാതി. വീട് അലങ്കരിച്ചത് മോശം അഭിരുചിയോടെയാണെന്നും ആർഭാടം കൂടുതലാണെന്നുമാണ് അയൽക്കാരുടെ പരാതി. ഇതുകാണിച്ച് അയൽക്കാർ മുത്തച്ഛന് കത്തയച്ചുവെന്നും പറയുന്നു. 

താനും ഭാര്യയും നടക്കാൻ പോകുന്നവഴി ഇദ്ദേഹത്തിന്റെ വീട് കാണാറുണ്ടെന്നും ഓരോ പ്രാവശ്യവും വയോധികൻ വീട്ടിൽ പുതിയ എന്തെങ്കിലും അലങ്കാരപ്പണി ചെയ്തിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. അലങ്കാരം അമിതമാണെന്ന് അയൽക്കാരെല്ലം പറയാറുണ്ടെന്നും ഇപ്പോൾ നാട്ടുകാർക്ക് തമാശ പറയാനുള്ള വിഷയമാണ് ഈ വീടെന്നും കത്തിൽ പറയുന്നു. എന്ത് മോശമായാണ് വീടൊരുക്കിയിരിക്കുന്നത് എന്നു കാണാൻ പലരും മനപ്പൂർവം അതു വഴി വരാറുണ്ട്. അലങ്കാരങ്ങളെല്ലാം മോശം അഭിരുചിയുള്ളവയും താഴേക്കിടയിലുള്ള മെക്സിക്കൻ കുടുംബമാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്നതാണെന്നും കത്തിൽ പറയുന്നു. 

പുൽത്തകിടിക്കു നടുവിൽ വയോധികൻ ചെടികൾ നടുന്നതിനെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിൽ ചെടികൾ നടുന്നത് അസംബന്ധമാണെന്നും വീടിന് മുന്നിൽ നാലും അഞ്ചും അമേരിക്കൻ പതാകകൾ നാട്ടിയതുകൊണ്ട് ദേശസ്നേഹിയാകില്ലെന്നും കത്തിൽ പറയുന്നു. തങ്ങൾക്ക് വേണ്ടി ഒരുപകാരം ചെയ്യണമെന്നും ചുറ്റുമുള്ള വീടുകൾ ശ്രദ്ധിച്ച് സ്വന്തം വീട് എത്ര അപഹാസ്യമായാണ് ഒരുക്കിയിരിക്കുന്നതെന്ന് തിരിച്ചറിയണമെന്നും കത്തിൽ പറയുന്നു. മറുപടി നൽകാനുള്ള അഡ്രസ്സ് ഇല്ലാതെയാണ് കത്ത് അയച്ചിരിക്കുന്നത്

തന്റെ മുത്തച്ഛൻ വീടൊരുക്കിയ വിധ അത്ര മോശമല്ലെന്നു പറഞ്ഞ് പെൺകുട്ടി അവയുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. വീടിന് മുന്നിൽ നിറയെ കരകൗശല വസ്തുക്കൾ തൂക്കിയിട്ടിരിക്കുന്നതു കാണാം. മുറ്റത്തിന്റെ അവിടവിടെയായി മുൾച്ചെടികളും നട്ടിട്ടുണ്ട്. ഇരുവശങ്ങളിലായി അമേരിക്കൻ പതാക നാട്ടിയതും കാണാം. ഇവയൊന്നും വീടിനെ അയൽക്കാർ പറഞ്ഞതുപോലെ മോശമാക്കുന്നില്ലെന്ന് നിരവധി പേർ കമന്റ് ചെയ്തു. ഇതിനകം രണ്ടുലക്ഷത്തിൽപ്പരം ലൈക്കുകളും അയ്യായിരത്തിൽപ്പരം കമന്റുകളുമാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. 

Content Highlights: Grandpa Decorates His House To Look Nicer, Receives A Poison Pen Letter From  Neighbours