Photo: Pixabay
സുഗന്ധമൂറുന്ന പൂക്കളിലും വിശാലമായി പടര്‍ന്നുപന്തലിക്കാന്‍ വെമ്പുന്ന വള്ളിപ്പടര്‍പ്പുകളിലും ഈ പ്രണയദിനം നമുക്ക് കൊരുത്തുവെച്ചാലോ... പ്രണയം നിങ്ങള്‍ക്ക് ജീവവായുവാണെങ്കില്‍ ജീവനുള്ള സമ്മാനം തന്നെ നല്‍കാം ഇത്തവണ നിങ്ങളുടെ പ്രേമഭാജനത്തിന്. പ്രണയം മൊട്ടിട്ട കാലംമുതല്‍ കലാലയത്തിന്റെ നടപ്പാതകളിലും ഉദ്യാനങ്ങളിലും തണല്‍വിരിച്ചും തലോടലായും പ്രണയാതുരത നിറച്ചുതന്ന വാകമരങ്ങളും കടലാസുപുഷ്പങ്ങളും നിങ്ങളുടെ മനസ്സിലില്ലേ... കടലോരത്ത് ആരോ നട്ടുവളര്‍ത്തിയ കാറ്റാടിമരങ്ങള്‍ നിങ്ങളെയെന്തുമാത്രം പ്രണയിപ്പിച്ചിട്ടുണ്ട്... ഇതെല്ലാം തന്ന് പ്രണയത്തിന് അകമ്പടിയൊരുക്കിയ പ്രകൃതിയോട് നന്ദിയറിയിക്കാന്‍ പച്ചപ്പും ഹരിതാഭയും വാരിവിതറിത്തന്നെ ഈ പ്രണയദിനം നമുക്കാഘോഷമാക്കാം.
വിവിധവര്‍ണത്തിലും വലുപ്പത്തിലും രൂപത്തിലും ഭാവത്തിലും ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള പൂച്ചെടികളും ഇലച്ചെടികളും നഴ്‌സറികളിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലും ഇന്ന് സുലഭമാണ്. അവയേതൊക്കെയാണെന്നു നോക്കാം.
സ്ട്രിങ് ഓഫ് ഹാര്‍ട്‌സ്
പച്ചയും വെള്ളയും നിറത്തിലുള്ള കുഞ്ഞുഹൃദയങ്ങള്‍ നൂലിഴകളില്‍ തൂങ്ങിക്കിടക്കുകയാണെന്നുതോന്നും സ്ട്രിങ് ഓഫ് ഹാര്‍ട്‌സ് കണ്ടാല്‍. കടകളില്‍നിന്നും ഓണ്‍ലൈന്‍ വഴിയും ഇവ വാങ്ങാം. ഹൃദയാകൃതിയില്‍ കമ്പികള്‍ വളച്ചുവെച്ച് അതിന്റെ മുകളിലും പടര്‍ത്തിയെടുക്കാം. ഇന്‍ഡോര്‍ ചെടിയായി വളര്‍ത്താം. സെറോപീജിയ എന്നാണ് യഥാര്‍ഥപേര്.
ഫിലോഡെന്‍ഡ്രോണുകള്‍
ഹൃദയാകൃതിയിലുള്ള ഇലകളോടുകൂടിയ സ്വീറ്റ്ഹാര്‍ട്ട് വൈന്‍, ബ്രസീലിയന്‍, കോര്‍ഡേറ്റം നിയോണ്‍, സ്‌കാന്‍ഡെന്‍സ് എന്നിങ്ങനെ പലവിധം ഫിലോഡെന്‍ഡ്രോണുകളുണ്ട്. കടകളിലും ഓണ്‍ലൈനിലും താരതമ്യേന കുറഞ്ഞ വിലയില്‍ ഇവ ലഭിക്കും. ശ്രദ്ധ അധികം വേണ്ടാത്ത ഇന്‍ഡോറില്‍ വളര്‍ത്താവുന്ന ചെടിയാണിത്.
സ്ട്രിങ് ഓഫ് പേള്‍സ്
വെളുത്ത സെറാമിക് പാത്രത്തില്‍ നിന്ന് പച്ചനൂലില്‍ താഴേക്ക് കോര്‍ത്തുകോര്‍ത്തിട്ട പച്ച മുത്തുമണികള്‍ പോലെയുള്ളതാണ് സ്ട്രിങ് ഓഫ് പേള്‍സ്. പ്രണയദിനത്തില്‍ കൈമാറാന്‍ പറ്റിയ വ്യത്യസ്തമായൊരു ഉപഹാരം. വെക്കുന്ന പാത്രത്തിനനുസരിച്ചായിരിക്കും ചെടിയുടെ ഭംഗി. പേള്‍സിന് സമാനമായി ഇതിന്റെ കുടുംബത്തില്‍ തന്നെയുള്ള കുഞ്ഞുപഴം കണക്കെ തൂങ്ങിക്കിടക്കുന്ന ബനാനാ സ്ട്രിങ്ങുകളും കിട്ടും.

ലക്കി ബാംബു
പച്ചമുളംകാടുകളെ ഓര്‍മിപ്പിക്കുന്ന ലക്കിബാംബു പ്രണയദിനത്തിലും സുഹൃത്തുക്കള്‍ തമ്മിലും നല്‍കാന്‍ പറ്റിയ നല്ലൊരു സമ്മാനമാണ്. വെട്ടിയൊതുക്കി രണ്ടോ മൂന്നോ തട്ടുകളിലായ അലങ്കരിച്ചുവെച്ച ലക്കി ബാംബു മുതല്‍ കിട്ടും. തട്ടുകളുടെ എണ്ണംകൂടുന്തോറും വിലയേറുമെന്നു മാത്രം. ഹൃദയാകൃതിയിലും വലിയൊരു മുളന്തടി പോലെയുമൊക്കെ അലങ്കരിച്ചുവെച്ചവയും കിട്ടും. അലങ്കരിക്കാന്‍ ഗ്ലാസ് പോട്ടുകളോ വെളുത്ത സെറാമിക് പോട്ടുകളോ തിരഞ്ഞെടുക്കാം.
എയര്‍ പ്ലാന്റുകള്‍
എവിടെയും നട്ടുപിടിപ്പിക്കേണ്ട പണിപോലുമില്ല എയര്‍ പ്ലാന്റുകളുടെ കാര്യത്തില്‍. പരിചരണം വല്ലപ്പോഴും വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുന്നതില്‍ മാത്രം ഒതുക്കുകയും ചെയ്യാം. വിവിധതരം എയര്‍പ്ലാന്റുകള്‍ ഇന്ന് സുലഭമാണ്. അല്പം വിലയേറുമെങ്കിലും പരിചരണം വളരെയെളുപ്പം. ഇന്‍ഡോര്‍ പ്ലാന്റായും ഉപയോഗിക്കാം.
'കത്തുന്ന' റൂബി ബോള്‍
ചുവന്ന പൂവുണ്ടാവുന്ന റൂബി ബോള്‍ കള്ളിച്ചെടി ചൂടുകനലിനെ ഓര്‍മിപ്പിക്കുന്നു. ഭംഗിയുള്ള പൂക്കള്‍ സമ്മാനിക്കുന്നവയാണ് ക്രിസ്മസിനും ഈസ്റ്ററിനും പൂക്കുന്ന ക്രിസ്മസ് കാക്റ്റസും അഡീനിയം അഥവാ ഡെസെര്‍ട്ട് റോസുമെല്ലാം. പിങ്ക് പൂക്കളുണ്ടാകുന്ന പിഞ്ചൂഷന്‍ കാക്റ്റസും പര്‍പ്പിള്‍ പൂക്കളുണ്ടാകുന്ന പര്‍പ്പിള്‍ കാക്റ്റസും ഓറഞ്ച് പൂക്കളുണ്ടാകുന്ന പീനട്ട് ഐസ് പ്ലാന്റും ഒരുകാലത്ത് നമുക്ക് അന്യമായിരുന്നെങ്കിലും ഇപ്പോള്‍ നമ്മുടെ നാട്ടിലും കിട്ടും.
റോസാച്ചെടികള്‍
എക്കാലത്തും പ്രണയിതാക്കള്‍ പുണര്‍ന്നുപോന്ന റോസാപ്പൂക്കളെ അങ്ങനെ ഒഴിവാക്കാനാവില്ലല്ലോ. ഇത്തവണ നമുക്കൊരു ചെറിയ മാറ്റമാവാം. പൂക്കളില്‍ മാത്രമൊതുക്കാതെ നമുക്ക് റോസാച്ചെടികള്‍ തന്നെയങ്ങ് സമ്മാനിക്കാം. ചുവപ്പും പിങ്കും നിറത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന റോസാച്ചെടികള്‍ ഓണ്‍ലൈന്‍ വിപണികളില്‍നിന്നോ റീടെയ്ല്‍ വിപണികളിള്‍നിന്നോ വാങ്ങാം. ബഡ്ഡ് ചെയ്ത റോസാച്ചെടികളാണ് ഇതിലേറെയുമുള്ളത്.

മോത്ത് ഓര്‍ക്കിഡ്
വെളുപ്പും വയലറ്റും മഞ്ഞയുമടക്കം വിവിധനിറത്തിലുള്ള പൂക്കളുണ്ടാകുന്ന മോത്ത് ഓര്‍ക്കിഡുകള്‍ സമ്മാനമായി നല്‍കാം. പല രാജ്യങ്ങളിലെയും പ്രധാനപ്പെട്ടൊരു പ്രണയസമ്മാനമാണിത്. ആറുമാസത്തോളം പൂക്കളുണ്ടാകുകയും ചെയ്യും.
ഹൃദയാകൃതിയിലുള്ള ഹോയ ഹാര്‍ട്‌സ്
ഹൃദയാകൃതിയില്‍ കട്ടികൂടിയ വലിയ ഇലകളുള്ള ഹോയ ഹാര്‍ട്‌സിന് വാലെന്റൈന്‍ ഹോയ എന്നും പേരുണ്ട്. ഇതിന്റെ ഒരൊറ്റ ഇല മാത്രം മുറിച്ചെടുത്ത് വെളുപ്പോ ചുവപ്പോ നിറമുള്ള കുഞ്ഞു സെറാമിക് പാത്രത്തില്‍ 'സ്വീറ്റ്ഹാര്‍ട്' ആയി നട്ടുപിടിപ്പിക്കാം. നട്ടുപിടിപ്പിച്ചുവെച്ച ഹോയ ചെടികള്‍ ഓണ്‍ലൈന്‍വിപണികളില്‍ സുലഭമാണ്. ഒരിലയില്‍നിന്ന് ഹോയ പിന്നീട് ചെടിയായി പടര്‍ന്നുകയറിക്കോളും. ഒരു നാരില്‍ ഹൃദയമുദ്രകള്‍ കൊരുത്തിട്ടതെന്നപോലെ വലിയ ചട്ടിയില്‍ പടര്‍ത്തിയെടുത്ത ഹോയ വള്ളികളും വാങ്ങാന്‍ കിട്ടും.കള്ളിച്ചെടിയായ ഹോയ പച്ചയ്ക്കുപുറമേ പച്ചയും വെള്ളയും ഇടകലര്‍ന്ന നിറത്തിലുമുണ്ട്.
ഇതിലൊന്നും പെടാത്ത ഒട്ടേറെ സുന്ദരന്‍ചെടികള്‍ ഇനിയുമുണ്ട്. വിവിധതരം ബിഗോണിയയും ആഫ്രിക്കന്‍ വയലറ്റും മണി പ്ലാന്റും വാട്ടര്‍ ബാംബു പോലുള്ള പുല്ലുകളുമൊക്കെ കാഴ്ചയില്‍ മനസ്സിന് കുളിര്‍മ തരുന്നവയാണ്. ചെറിയ ചെടികള്‍ മുതല്‍ വമ്പന്‍ മരങ്ങള്‍ വരെയുള്ള അലങ്കാരസസ്യങ്ങളും വാങ്ങിച്ചെടുക്കാം.
Content Highlights: Gifting Plants for Valentine's day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..