നക്ഷത്രങ്ങളാല്‍ നിറഞ്ഞ നീലരാത്രിക്കു സമാനമാണ് ആ വീട്.. മതിലിലും ചുവരുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന കലാവിരുത് ഒറ്റനോട്ടത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കും. ലോകപ്രശസ്തനായ പെയിന്റര്‍ വാന്‍ഗോഗിന്റെ എക്കാലത്തെയും മികച്ച പെയിന്റിങ്ങുകളിലൊന്നായ 'സ്റ്റാറി നൈറ്റ്' ആണ് ആ വീടിനകവും പുറവുമെല്ലാം. വീടു മുഴുവന്‍ സ്റ്റാറി നൈറ്റിനെ പകര്‍ത്താനും ആ വീട്ടുടമസ്ഥര്‍ക്കു മതിയായ കാരണമുണ്ട്. എല്ലാം തങ്ങളുടെ പൊന്നോമനപുത്രനു വേണ്ടിയാണ്. 

ഇരുപത്തിയഞ്ചുകാരനായ മകനു വേണ്ടിയാണ്  നാന്‍സി നെംഹോസറും ഭര്‍ത്താവ് ലുബോമിര്‍ ജാസ്‌ട്രെസ്ബ്‌സ്‌കിയും വീടു മുഴുവന്‍ നക്ഷത്രരാത്രിയാല്‍ സമ്പന്നമാക്കിയത്. ഓട്ടിസം ബാധിച്ച മകന് വാന്‍ ഗോഗ് എന്ന കലാകാരനോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞതുകൊണ്ടാണ് വീടിനെയും വാന്‍ഗോഗിന്റെ പെയിന്റിങ്ങ് കൊണ്ടു മനോഹരമാക്കാന്‍ ഇരുവരും തീരുമാനിച്ചത്.

കണ്ടവരില്‍ പലരും ഇതല്‍പം കടന്നുപോയോ എന്നു സംശയത്തോടെ ചോദിക്കുമ്പോഴും ഈ മാതാപിതാക്കള്‍ക്ക് തെല്ലും സംശയമില്ല, മാത്രവുമല്ല തങ്ങള്‍ ചെയ്തതു പൂര്‍ണമായും ശരിയാണെന്ന ബോധ്യവുമുണ്ട്. ആദ്യം വീടിന്റെ മുന്‍വശം മാത്രം 'സ്റ്റാറി നൈറ്റ്'  പെയിന്റ് ചെയ്യാമെന്നാണ് കരുതിയിരുന്നതെങ്കിലും വീടിന്റെ മറ്റു ഭാഗങ്ങളുമായി ചേര്‍ന്നില്ലെങ്കിലോ എന്നു കരുതിയാണ് മുഴുവനും അതേ പെയിന്റിങ് തന്നെ ചെയ്യാന്‍ തീരുമാനിച്ചത്. 

Starry Night

മകന്‍ അസ്വസ്ഥനായിരിക്കുന്ന സമയങ്ങളില്‍ അവന്‍ ഏറ്റവും അധികം കാണാന്‍ ആഗ്രഹിക്കുന്നത് ഈ പെയിന്റിങ്ങുള്ള പുസ്തകമാണ്. 'സ്റ്റാറി നൈറ്റ്' അവന് എത്രമാത്രം ആശ്വാസകരമാകുന്നുവെന്നു തിരിച്ചറിഞ്ഞതോടെയാണ് വീട് മുഴുവന്‍ ആ പെയിന്റിങ് പകര്‍ത്താന്‍ തീരുമാനിക്കുന്നത്. മാത്രമല്ല മറ്റൊരു കാര്യം കൂടിയുണ്ട്. പുറത്തുനിന്നും തിരിച്ചു വരുന്ന മകന് പലപ്പോഴും തന്റെ വീട് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരാറുണ്ടായിരുന്നു. ഇതോടെ ആ പ്രശ്‌നവും നീങ്ങുമെന്ന സന്തോഷത്തിലാണ് ഈ മാതാപിതാക്കള്‍. ഒന്നുമില്ലെങ്കിലും അവന് വാന്‍ഗോഗിന്റെ വീട് എന്നെങ്കിലും പറയാന്‍ കഴിഞ്ഞാല്‍ വീട്ടില്‍ എത്തിക്കുക എളുപ്പമാകുമല്ലോ എന്നും ഇവര്‍ ആശ്വസിക്കുന്നു. 

അതിനിടെ വീടിന് സ്റ്റാറി നൈറ്റ് പെയിന്റിങ് ചെയ്തതിലൂടെ നഗരത്തിന്‌റെ നിയമം തെറ്റിച്ചുവെന്നുപറഞ്ഞ് അധികൃതര്‍ നാന്‍സിക്കും ഭര്‍ത്താവിനുമെതിരെ രംഗത്തെത്തിയിരുന്നു. സമീപവാസികള്‍ക്ക് വീട് ഭീഷണിയാണെന്നായിരുന്നു അധികൃതരുടെ വാദം, ഡ്രൈവര്‍മാരുടെയും മറ്റും ശ്രദ്ധ വഴിതിരിച്ചു വിടുന്നതാണ് വീടെന്നും അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഒപ്പം പ്രശസ്തമായ പെയിന്റിങ്ങിനെ പകര്‍ത്തിയതിന്റെ നിയമവശങ്ങള്‍ സംബന്ധിച്ചും പരാതികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും പെയിന്റിങ് മാറ്റി ചെയ്യാന്‍ ദമ്പതികള്‍ തയ്യാറായിരുന്നില്ല, അതു തങ്ങളുടെ മകനെ തളര്‍ത്തുമോ എന്ന ഭയമായിരുന്നു അവര്‍ക്ക്.

സ്വാതന്ത്രത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞാണ് ഇരുവരും നിയമനടപടിയെ നേരിട്ടത്. എന്തായാലും അവസാനം കുടുംബത്തിനു നീതി ലഭിക്കുക തന്നെ ചെയ്തു. ഏറെനാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കുടുംബത്തിനെതിരേ  പുറപ്പെടുവിച്ചിരുന്ന ആറുലക്ഷം രൂപയുടെ പിഴ പിന്‍വലിച്ച മൗണ്ട് മോറയിലെ മേയര്‍ ഇരുവരോടും ക്ഷമാഭ്യര്‍ഥന നടത്തുകയും ചെയ്തു. മാത്രമല്ല ദമ്പതികള്‍ നിയമനടപടിക്കായി ചെലവിട്ട പത്തുലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങളിലൂടെ കടന്നുപോയെങ്കിലും ശുഭമായി പര്യവസാനിച്ചതിന്റെ ആശ്വാസത്തിലാണ് നാന്‍സിയും ലുബോമിറും. ഇപ്പോള്‍ പുസ്തകങ്ങള്‍ക്കപ്പുറം സ്റ്റാറി നൈറ്റ് നേരില്‍ക്കാണാനായി കുട്ടികളെയുംകൂട്ടി പലരും വീട്ടിലേക്കു വരാറുണ്ടെന്നു പറയുന്നു ഇരുവരും. 

Content highlights: Florida Couple Painted Their House Starry Night