''രാത്രി ഒന്നരയ്ക്കാണ് വെള്ളം വീട്ടില്‍ കയറിവന്നത്. കട്ടിലില്‍ നിന്ന് കാലെടുത്തുവെച്ചത് വെള്ളത്തില്‍'' -വിണ്ടുകീറിയ വീട്ടില്‍ ബാക്കിയായ സാധനങ്ങള്‍ അടുക്കിപ്പെറുക്കിവെക്കുന്നതിനിടെ ആ രാത്രിയെക്കുറിച്ച് വിവരിക്കുകയാണ് കോഴിക്കോട് ഒളവണ്ണ കൊടിനാട്ടുമുക്ക് കോണിയോട്ടുമ്മല്‍ ഗോവിന്ദന്റെ ഭാര്യ ഉഷ. ഒരാള്‍പ്പൊക്കത്തില്‍ വെള്ളത്തിലായ വീട്ടിലേക്ക് ഇന്നലെ തിരിച്ചെത്തിയതേയുള്ളൂ. ഹൃദയത്തിന് ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണ് ഉഷ. 73 വയസ്സായ ഭര്‍ത്താവ് ഗോവിന്ദനാകട്ടെ ശ്വാസംമുട്ടലുകാരനും. പെട്ടി നിറയെ ഗുളികകളാണ് വീട്ടില്‍.

വെള്ളം കയറുംമുമ്പ് സാധനങ്ങളെടുത്തുമാറ്റാന്‍പോലും കഴിയാതെ നിസ്സഹായരായിപ്പോയവര്‍. ആ രാത്രിയില്‍ വെള്ളം കയറിക്കയറി വന്നപ്പോള്‍ ഒന്നും നോക്കാതെ ഓടേണ്ടിവന്നു. ആ ഓട്ടത്തില്‍ മരത്തിന്റെ പെട്ടിയില്‍ കാലുതട്ടി ചതവുമായി നടക്കാന്‍ കഴിയാതെ രണ്ടാഴ്ച കഴിയേണ്ടിവന്നു ഉഷയ്ക്ക്.

ഒരാഴ്ചയാണ് വീട് വെള്ളത്തില്‍ നിന്നത്. കിടപ്പുമുറിയുടെ ചുമര്‍ വീണ്ടു. അതിലൂടെ നോക്കിയാല്‍ അപ്പുറത്തെ കാഴ്ചകള്‍ കാണാന്‍ പാകത്തിന് അടിമുതല്‍ മുടിവരെ വിള്ളല്‍. അത് അടുക്കളച്ചുമരിലേക്കും തറയിലേക്കും പടര്‍ന്നിട്ടുണ്ട്. വീട് ഒരുഭാഗത്തേക്കു ചെരിഞ്ഞാണ് നില്‍പ്പ്. എപ്പോള്‍ വേണമെങ്കിലും വീഴാം. കുളിമുറിയും കക്കൂസും നിറഞ്ഞൊഴുകി. ടാങ്ക് നിറഞ്ഞുകവിഞ്ഞ് ചുറ്റും മാലിന്യമാണ്. ഇപ്പോഴും മുറ്റം നിറയെ വെള്ളം. എന്നിട്ടും ഈ വീട്ടില്‍ത്തന്നെ കിടക്കാനാണ് ഇവരുടെ ശ്രമം.

''എങ്ങോട്ടു പോകാനാണ് മോനേ, ചാത്തോത്തറയില്‍ എന്റെ ആങ്ങളയുടെ വീട്ടിലായിരുന്നു ഇത്രയും നാള്‍. രണ്ടുപെണ്മക്കളെ കെട്ടിച്ചയച്ചതാണ്. അവരുടെ വീട്ടിലും വെള്ളം കയറിയതാണ്. അവര്‍ക്കും സാമ്പത്തികശേഷിയില്ല. അവരുടെ ഭര്‍ത്താക്കന്മാര്‍ കൂലിപ്പണിയെടുത്താണ് കഴിയുന്നത്. എത്രദിവസമെന്നുവെച്ചാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക?'' -കണ്ണീര്‍നനവുണ്ട് ഉഷയുടെ വാക്കുകളില്‍.

flood

ഒളവണ്ണ കൈമ്പാലത്ത് പ്രളയത്തില്‍ ഒരുഭാഗം താഴ്ന്ന് ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുന്ന കല്ലോറ സുബൈറിന്റെ വീട്ടില്‍ ഗൃഹോപകരണങ്ങള്‍ മേശയുടെ മുകളില്‍ കയറ്റിവച്ച നിലയില്‍

ചെരിഞ്ഞവീട്ടില്‍ മനസ്സമാധാനമെങ്ങനെ?

ഒളവണ്ണ കൈമ്പാലം കല്ലോറ കെ. സുബൈറിന്റെ വീടുകണ്ടാല്‍ ഒരു തരക്കേടും തോന്നില്ല ആര്‍ക്കും. നല്ല കോണ്‍ക്രീറ്റ് വീട്. മുറികളെല്ലാം ടൈല്‍ പാകി മനോഹരമാക്കിയത്. വീട്ടിനകത്തേക്ക് ഒന്നു നടന്നുനോക്കൂ. ചെറിയൊരു കയറ്റം കയറുന്നതുപോലെ തോന്നും. തോന്നലല്ല, ശരിക്കും വീട് ചെരിഞ്ഞതാണ്. ഒരു വശത്തേക്ക് ഒരടിയോളം ചെരിഞ്ഞാണ് വീടിന്റെ നില്‍പ്പെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. 13 വര്‍ഷമായി താമസിക്കുന്ന വീടാണിത്. ചുമരുകള്‍ വിണ്ടു. മേല്‍ക്കൂര ഞെരിഞ്ഞു. മരവാതിലുകള്‍ നശിക്കുന്നു. കിണര്‍ വെള്ളം ഉപയോഗിക്കാനാവാത്തവിധമായി. മോട്ടോറും കേടായി.

വിണ്ടുകീറി ചെരിഞ്ഞുനില്‍ക്കുന്ന വീട്ടില്‍ താമസിക്കാന്‍ പേടിയായതിനാല്‍ സുബൈറും കുടുംബവും ഭാര്യാസഹോദരന്റെ വീട്ടിലേക്കുമാറി. സുഹൈബ് വുഡ് ഇന്‍ഡസ്ട്രീസ് എന്നപേരിലുള്ള സുബൈറിന്റെ മരമില്ലിലും വലിയ നഷ്ടമാണുണ്ടായത്. വൈദ്യുതോപകരണങ്ങള്‍ നശിച്ചു. മരങ്ങള്‍ ഒഴുകിപ്പോയി. കഴിഞ്ഞവര്‍ഷവും വെള്ളം കയറിയിരുന്നു. അതിന് ഇന്‍ഷുറന്‍സ് സഹായംപോലും കിട്ടിയില്ല. അതില്‍നിന്ന് കരകയറിവരുമ്പോഴാണ് ഇക്കൊല്ലം അതിലും വലിയ തിരിച്ചടി.

''വീട് ഉയര്‍ത്താന്‍ 11 ലക്ഷം രൂപയെങ്കിലും വേണമെന്നാണ് പറഞ്ഞത്. മറ്റു പണികളെല്ലാംകൂടിയാവുമ്പോള്‍ 18 ലക്ഷമെങ്കിലും വേണം. എന്തുചെയ്യണമെന്നറിയില്ല. ആകെ ബേജാറാണ്. ആത്മഹത്യയ്ക്ക് മുതിരാന്‍ പാടില്ലെന്നതുകൊണ്ട് ജീവിച്ചുപോകുന്നുവെന്നേയുള്ളൂ'' -നിസ്സഹായതയും പകപ്പുമുണ്ട് സുബൈറിന്റെ വാക്കുകളില്‍.

flood
കളത്തില്‍ പറമ്പില്‍ രജിതയുടെ വീടിന് ചുറ്റും ചെളിനിറഞ്ഞപ്പോള്‍

ഓണത്തിന് വീട്ടില്‍ കിടക്കാനാവുമോ?

പ്രളയം കഴിഞ്ഞ് നാളിത്രയായിട്ടും മഞ്ഞക്കോട്ട് പടനിലം തൊണ്ടിലക്കടവിലെ കുന്നത്ത് ശൈലജയുടെ വീട്ടില്‍ ആള്‍ത്താമസം തുടങ്ങിയിട്ടില്ല. ചെളിയില്‍ പുതഞ്ഞ് ഒരു സൈക്കിള്‍ മുറ്റത്തുകാണാം. മറ്റൊരുഭാഗത്ത് ചെളിപുരണ്ടുകിടപ്പുണ്ട് ഒരു തയ്യല്‍മെഷീന്‍. ആറുമാസമായ കുട്ടിയടക്കം മൂന്നുകുട്ടികളും അവരുടെ അമ്മയും 62 വയസ്സായ ശൈലജയുമായിരുന്നു ഇവിടെ താമസം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുതന്നെ ചുമര്‍ വിണ്ടുകീറിയതാണ്. ഇക്കുറി അതു വലുതായി. അതോടെ താമസം മാറ്റി. ചുമരിലൊക്കെ നനവ് ഇപ്പോഴുമുണ്ട്. അല്പം ചെരിഞ്ഞാണ് വീടിന്റെ നില്പ്. എപ്പോഴാണ് ഈ വീട്ടിലേക്ക് തിരിച്ചെത്താനാവുക എന്ന് അറിയില്ല. ഓണത്തിനെങ്കിലും ഈ വീട്ടിലേക്കു വരണമെന്നാണു മോഹമെന്ന് കൊച്ചുമകള്‍ പഞ്ചമി. രാത്രി കിടക്കാന്‍ ധൈര്യമില്ലെങ്കിലും പകല്‍ ശൈലജയോ കൊച്ചുമകളോ വന്നുനില്‍ക്കും. പഞ്ചായത്തില്‍നിന്നാരെങ്കിലും വന്നുനോക്കുമ്പോള്‍ വീട്ടില്‍ ആളുവേണമല്ലോ. കഴിഞ്ഞവര്‍ഷം പതിനായിരം രൂപപോലും നഷ്ടപരിഹാരം കിട്ടാത്ത വീടാണിത്.

മേല്‍ക്കൂരപോലും ബാക്കിവെക്കാതെ...

കഴിഞ്ഞവര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ തന്നെ തകര്‍ന്ന വീടിന്റെ ബാക്കി ഇക്കുറി പോയ കഥയാണ് മഞ്ഞക്കോട്ടുതാഴത്തുകാര്‍ക്ക് പറയാനുള്ളത്. കെ.പി. ഹൗസിലെ സെലീനയുടെ വീടിന് മേല്‍ക്കൂരപോലും ഇല്ലാതായി. സമദിന്റെ വീട് ആകെ വിണ്ടു. മുറ്റത്താകെ ചെളിയുടെ കെട്ട മണം. വടക്കേവീട്ടില്‍ ബല്‍ക്കീസിന്റെ വീട്ടിലെ ടൈല്‍ പോലും വിണ്ടു. എന്നിട്ടും ആ വീട്ടില്‍ത്തന്നെ താമസിക്കുന്നു. ''താമസിക്കാതെ പറ്റില്ലല്ലോ. യമഹ എന്‍ജിന്‍ ഘടിപ്പിച്ച തോണിയായിരുന്നില്ലേ റോഡില്‍'' -പ്രളയത്തിന്റെ ഓര്‍മകള്‍ നിറയുന്നു ബല്‍ക്കീസിന്റെ വാക്കുകളില്‍.

മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: flood affected houses