തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായിരുന്ന ആലുവ പാലസ് പിന്നീട് ഒരുപാട് പേരുടെ പ്രിയപ്പെട്ട താവളമായി. വി.ഐ.പി.കളുടെ പ്രിയപ്പെട്ട ഇടമായി മാറിയ ഈ കൊട്ടാരത്തിനെയും പ്രളയം നന്നായി ബാധിച്ചു. പ്രളയകാലത്ത് പൂട്ടിയ ആലുവ പാലസ് ഇനിയും തുറന്നിട്ടില്ല. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും പാലസ് തുറന്ന് പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും. പാലസിനെ ഇഷ്ടപ്പെടുന്നവര്‍ കാത്തിരിക്കുകയാണ്.... ഒരു രാജകീയതിരിച്ചുവരവിനായി.

പെരിയാറിന്റെ മനോഹാരിതയും ശിവരാത്രി മണപ്പുറത്തിന്റെ സാമീപ്യവുമുള്ള പ്രദേശത്ത് ഒരു കൊട്ടാരം നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആഗ്രഹിച്ചു. ഏറെ വൈകാതെ ശിവരാത്രി മണപ്പുറത്തിന്റെ മറുകരയില്‍ 117 വര്‍ഷം മുന്‍പ് ആലുവ പാലസ് തലയുയര്‍ത്തി. തിരുവിതാംകൂര്‍ രാജാവിന്റെ വേനല്‍ക്കാല വസതിയായി ആലുവപ്പുഴയുടെ തീരത്തുള്ള കൊട്ടാരം മാറി.

സ്വാതന്ത്ര്യാനന്തരം ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായി രൂപാന്തരം പ്രാപിച്ച ഈ കൊട്ടാരം പ്രശസ്തരുടെ ഇഷ്ട താവളമായി. രാഷ്ട്രീയ-സാംസ്‌കാരിക -സിനിമ മേഖലയിലുള്ളവര്‍ എറണാകുളത്തെത്തിയാല്‍ തങ്ങാന്‍ ആഗ്രഹിക്കുന്നത് പാലസിലാണ്. ശാന്തമായ അന്തരീക്ഷവും മരങ്ങള്‍ നിറഞ്ഞ പാലസ് വളപ്പും പെരിയാറുമാണ് പ്രമുഖരെ കാന്തം പോലെ പാലസിലേക്ക് അടുപ്പിക്കുന്നത്. ഒട്ടേറെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് വേദിയായ പാലസ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ പല സംഭവങ്ങളുടെയും ചര്‍ച്ചയ്ക്കും സാക്ഷിയായി.

രണ്ട് മഹാപ്രളയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാജകൊട്ടാരമാണ് ആലുവ പാലസ്. 99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയവും 2018-ലെ പ്രളയവുമാണ് രാജകൊട്ടാരത്തെ ഉലച്ചത്. തിരുവിതാംകൂര്‍ മഹാരാജാവ് പണികഴിപ്പിച്ച രാജകൊട്ടാരവും പുതുതായി നിര്‍മിച്ച അനക്‌സ് മന്ദിരവും 2018-ലെ പ്രളയത്തിന് ശേഷം പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഓഗസ്റ്റിലെ പ്രളയം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം അനക്‌സ് കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത് കഴിഞ്ഞ ദിവസം മാത്രം. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന നിര്‍മാണ ജോലികള്‍ക്ക് ശേഷമായിരിക്കും ഇനി പാലസ് തുറക്കുക.

palace

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ താമസിച്ചിരുന്ന മുറികള്‍

കൊച്ചിക്കുള്ളിലെ തിരുവിതാംകൂര്‍

ആലുവ ഉള്‍പ്പെടുന്ന ആലങ്ങാടും പറവൂരും കൊച്ചി രാജ്യത്തിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നുവെങ്കിലും ഇരുപ്രദേശങ്ങളും സാമൂതിരിയുടെ കൈപ്പിടിയിലായി. കൊച്ചി രാജാവ് ഇവ തിരിച്ചുപിടിക്കാനായി തിരുവിതാംകൂറിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ഈ പ്രദേശങ്ങളിലെ മേല്‍ക്കോയ്മ പ്രതിഫലമായി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഡച്ച് സൈന്യത്തിന്റെ സഹായത്തോടെ തിരുവിതാംകൂര്‍ ഇരു പ്രദേശങ്ങളും തിരിച്ചുപിടിച്ചു. പിന്നീട് കുറച്ചുകാലം ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നുവെങ്കിലും ഇവ തിരിച്ചുകിട്ടണമെന്ന് തിരുവിതാംകൂര്‍ വാദിച്ചു. അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന കോണ്‍വാലിസ് പ്രഭു ഒരു കമ്മിഷനെ നിയോഗിച്ച് ആലങ്ങാടും പറവൂരും ഒപ്പം കുന്നത്തുനാടും തിരുവിതാംകൂറിന് വിട്ടുകൊടുത്തു. കൊച്ചി രാജ്യത്തിന്റെ മദ്ധ്യത്തില്‍ത്തന്നെ ആലുവ ഉള്‍പ്പെടുന്ന ആലങ്ങാടും പറവൂരും കുന്നത്തുനാടും തിരുവിതാംകൂറിന്റെതായി മാറി. സ്വന്തം സ്ഥലം സന്ദര്‍ശിച്ച് രാജഭരണം നടത്തുന്നതിനു വേണ്ടിയാണ് തിരുവിതാംകൂര്‍ മഹാരാജാവ് ഇവിടെ രാജകൊട്ടാരം നിര്‍മിച്ചത്.

പ്രളയത്തെ അതിജീവിച്ച കൊട്ടാരം

പെരിയാറിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആലുവ പാലസിന് ഏറെ നാശമാണ് പ്രളയം ഉണ്ടാക്കിയത്. വെള്ളപ്പൊക്കമുണ്ടാകുമെന്ന പ്രചാരണം ജൂലായ് മാസത്തില്‍ ഉണ്ടായപ്പോള്‍ത്തന്നെ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിന്റെ പ്രവര്‍ത്തനം ആലുവ പാലസിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 15-ന് വൈകീട്ടോടെയാണ് ആലുവ പാലസിന്റെ വളപ്പില്‍ വെള്ളം കയറുന്നത്. അതുവരെ ക്യാമ്പ് അവിടെ പ്രവര്‍ത്തിച്ചു. പഴയ കെട്ടിടത്തില്‍ പതിനൊന്നും പുതിയ അനക്‌സ് മന്ദിരത്തില്‍ പതിനഞ്ചും മുറികളാണ് ഉണ്ടായിരുന്നത്. താഴത്തെ നിലയില്‍ വെള്ളം കയറിയതോടെ പാലസ് പൂട്ടേണ്ടിവന്നു. സ്വാതന്ത്ര്യ ദിന രാത്രിയില്‍ അരയ്‌ക്കൊപ്പം വെള്ളം കയറിയതോടെ എന്‍ജിന്‍ ഓഫാക്കാതെ ഓടിച്ച ബസില്‍ സാഹസികമായാണ് പാലസ് ജീവനക്കാര്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്. ബോട്ടുകളുള്ള ദുരന്ത നിവാരണ സേനാംഗങ്ങള്‍ പാലസിന്റെ മുകളിലത്തെ നിലകള്‍ താമസത്തിനായി ഉപയോഗിച്ചു. പാലസിലേക്കും തിരിച്ചും രക്ഷാപ്രവര്‍ത്തനം നടത്തിയതുമെല്ലാം ബോട്ടിലായിരുന്നു. പഴയ കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഇഷ്ടപ്പെട്ട മുറിയായ 107-ലെ കട്ടിലിന് മുകളിലെത്തി പ്രളയജലം.

വി.ഐ.പി.കള്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന 15 വാഹനങ്ങള്‍ പ്രളയത്തിന് മുന്‍പായി ഇവിടെനിന്ന് മാറ്റിയിരുന്നു. മാനേജര്‍ ജോസഫ് ജോണ്‍ ഇടപെട്ട് സെയ്ന്റ് സേവ്യേഴ്സ് കുന്നേല്‍ പള്ളിയിലാണ് വാഹനങ്ങള്‍ എത്തിച്ചത്. ഇതിനാല്‍, വാഹനങ്ങള്‍ വെള്ളം കയറാതെ സംരക്ഷിക്കാന്‍ കഴിഞ്ഞു.

ചെളിയും മാലിന്യവും മൂടിയ പാലസിനെയാണ് പ്രളയം കഴിഞ്ഞ് അവിടെയെത്തിയ ജീവനക്കാര്‍ കണ്ടത്. പാലസിന്റെ ശുചീകരണം ജീവനക്കാര്‍ തന്നെ ഏറ്റെടുത്തു. വൈദ്യുതി കണ്‍ട്രോള്‍ റൂമിന് മുകളില്‍ മരം മറിഞ്ഞുവീണതുമൂലം അവ അറ്റകുറ്റപ്പണി നടത്താതെ സ്ഥിരമായി തുറക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തി. വി.ഐ.പി.കളുടെ ഇഷ്ടവാസ സ്ഥലത്തിന് താത്കാലികമായി പൂട്ട് വീണു. അതിഥികള്‍ക്ക് സര്‍ക്കാറിന്റെ മറ്റ് അതിഥി മന്ദിരങ്ങളാണ് അനുവദിച്ചുനല്‍കുന്നത്. എല്ലാ മാസവും പാലസില്‍ നടത്താറുള്ള മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിങ് കളമശ്ശേരിയിലേക്ക് മാറ്റി. ജീവനക്കാരില്‍ കുറച്ചുപേരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ മറ്റ് ഗസ്റ്റ് ഹൗസുകളിലേക്ക് പുനര്‍വിന്യസിച്ചു. താത്കാലിക ജീവനക്കാരോട് പാലസ് വീണ്ടും തുറക്കുംവരെ ജോലിക്ക് വരണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

46 ലക്ഷത്തിന്റെ പുനരുദ്ധാരണം

പ്രളയം നാശംവിതച്ച ആലുവ പാലസിന്റെ അനക്‌സ് കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനായി 46 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കിയത്. ഇതിന് ഭരണാനുമതി ലഭിച്ചതോടെ കഴിഞ്ഞദിവസം നിര്‍മാണ ജോലികള്‍ ആരംഭിച്ചു. വൈദ്യുതി കണ്‍ട്രോള്‍ റൂം, കേന്ദ്രീകൃത ശീതീകരണ സംവിധാനം, മാലിന്യസംസ്‌കരണ പ്ലാന്റ്, ഇലക്ട്രിഫിക്കേഷന്‍, പെയിന്റ്, പ്ലംബിങ് എന്നീ ജോലികളാണ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ചെയ്യുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി.

രാജാവ് നിര്‍മിച്ച പാലസ് കെട്ടിടത്തിന് സൗകര്യങ്ങള്‍ കുറഞ്ഞപ്പോള്‍ ഒന്നര പതിറ്റാണ്ട് മുന്‍പാണ് അനക്‌സ് മന്ദിരമെന്ന ആശയം ഉദിച്ചത്. പതിനാല് വര്‍ഷം മുമ്പ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. 2016 ജനുവരി 16-ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്.

palace

ആലുവ പാലസിന്റെ ഒരുഭാഗം കാടുപിടിച്ച നിലയില്‍

പുതുമോടിയില്‍ പൈതൃകമന്ദിരം

അനക്‌സ് മന്ദിരം പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ രാജഭരണകാലത്ത് നിര്‍മിച്ച പൈതൃകമന്ദിരം അറ്റകുറ്റപ്പണിക്കായി അടച്ചു. അനക്‌സ് മന്ദിരത്തില്‍ ഇടക്കാലത്ത് അറ്റകുറ്റപ്പണി നടന്നപ്പോള്‍ പൈതൃകമന്ദിരം കുറച്ച് മാസത്തേക്ക് പഴയതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.

രണ്ടുകോടി രൂപ ചെലവിലാണ് പൈതൃകമന്ദിരം നവീകരിക്കുന്നത്. എല്ലാ മുറികളുടെയും വാതിലുകള്‍ മുന്‍വശത്തുനിന്നാക്കും. ലിഫ്റ്റ് സ്ഥാപിക്കും. പാലസിനോട് ചേര്‍ന്നുള്ള നാലുകെട്ട് നവീകരിക്കും. മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങും ഉന്നത യോഗങ്ങളും നടക്കുന്ന കോണ്‍ഫറന്‍സ് ഹാള്‍ ശീതീകരിക്കും. അടുക്കളയും ഊണുമുറിയും ജീവനക്കാരുടെ ഡോര്‍മിറ്ററിയാക്കും. പഴയകാലത്തെ കുളിക്കടവും ബോട്ട് ജെട്ടിയും നവീകരിക്കും. അനക്‌സ് കെട്ടിടവുമായി ബന്ധിപ്പിച്ച് പുതിയ ഇടനാഴിയും ഇവിടെ സജ്ജമാക്കും.

വയലാറിന്റെ ലാലന്‍ ബംഗ്ലാവ്

ആലുവ പാലസിലെ ലാലന്‍ ബംഗ്ലാവിലുള്ള 'എല്‍ വണ്‍' മുറിയിലിരുന്നായിരുന്നു വയലാര്‍ രാമവര്‍മയുടെ പാട്ടെഴുത്ത്. 1969-ല്‍ റിലീസ് ചെയ്ത 'നദി'യെന്ന ചിത്രത്തിലെ 'ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയും ഒഴുകി'യെന്ന ഗാനമൊരുക്കിയത് ലാലന്‍ ബംഗ്ലാവിലിരുന്നായിരുന്നു. മുറിയിലെ ബാല്‍ക്കെണിയില്‍ മണപ്പുറത്തേക്ക് നോക്കി ചാരുകസേരയും വട്ടമേശയും ഇട്ടായിരുന്നു പാട്ടുകള്‍ എഴുതിയിരുന്നത്. പെരിയാറിനോടുള്ള സ്‌നേഹം മറ്റാരും കാണാത്ത ഭാവനാലോകത്തേക്ക് ഈ നദിയെ എത്തിക്കാന്‍ വയലാറിനായി. രാജഭരണകാലത്ത് നിര്‍മിച്ച പാലസിലെ കടവിലിരുന്നും വയലാര്‍ ഗാനങ്ങളൊരുക്കി.

സിനിമാക്കാരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ആലുവ പാലസ്. സിനിമാ ചര്‍ച്ചകളുടെ സ്ഥിരം വേദിയായിരുന്നു ഈ കൊട്ടാരം. കഥയും തിരക്കഥയും ഒരുക്കുന്നതിനായി ശാന്തമായ സ്ഥലം അന്വേഷിച്ചെത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ ഒടുവില്‍ ഈ പൈതൃക കെട്ടിടത്തില്‍ അഭയം തേടുന്നു. ഇവിടെവെച്ച് എഴുതി ഹിറ്റായ സിനിമകള്‍ അനവധിയാണ്. മിമിക്രി താരങ്ങള്‍ കോമഡി സ്‌കിറ്റുകള്‍ തയ്യാറാക്കുന്നതിനും പാലസില്‍ ദിവസങ്ങളോളം മുറിയെടുത്ത് താമസിക്കാറുണ്ട്. ആലുവ പാലസില്‍ നേരത്തെ സിനിമാ ചിത്രീകരണവും നടന്നിരുന്നു. ഒരിക്കല്‍ ഷൂട്ടിങ് മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിങ്ങിന് തടസ്സമായതോടെ ഇവിടെ സിനിമാ ചിത്രീകരണവും നിരോധിക്കുകയായിരുന്നു.

വി.ഐ.പി.കളുടെ ഇഷ്ടകേന്ദ്രം

ഒരുവട്ടം താമസിച്ചാല്‍ അറിയാതെ ഇഷ്ടപ്പെട്ടു പോകും ആലുവ പാലസിനെ. മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്തെത്തിയാല്‍ താമസിക്കുന്നത് ആലുവ പാലസിലാണ്. ജില്ലയിലെത്തുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ആലുവ പാലസിലെ താമസത്തിനായിരുന്നു ആദ്യ പരിഗണന നല്‍കിയിരുന്നത്. പാലസിലെ പൂന്തോട്ടത്തിന് ചുറ്റുമുള്ള വി.എസിന്റെ പ്രഭാതസവാരി ഏറെ പ്രസിദ്ധമാണ്. പൈതൃക മന്ദിരത്തില്‍ 107-ാം നമ്പര്‍ മുറിയായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. പുതുതായി നിര്‍മിച്ച അനക്‌സ് കെട്ടിടത്തില്‍ 201-ാം നമ്പര്‍ മുറിയാണ് വി.എസിന് നല്‍കുന്നത്. പെരിയാറിന്റെയും മണപ്പുറത്തിന്റെയും ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ വിശാലമായ ബാല്‍ക്കെണി സൗകര്യമാണ് 201-ാം നമ്പര്‍ മുറിക്കുള്ളത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ആലുവയിലെത്തിയാല്‍ പൈതൃക മന്ദിരത്തിലെ 107-ാം നമ്പര്‍ മുറിയിലാണ് താമസിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് തൃശ്ശൂര്‍ രാമനിലയം കഴിഞ്ഞാല്‍ ഏറെ ഇഷ്ടം ആലുവ പാലസിനോടായിരുന്നു. 2013-ല്‍ ബ്രിട്ടീഷ് രാജകുമാരി കാമില പാര്‍ക്കര്‍, 2015-ല്‍ റബ്ബര്‍ കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് രാഹുല്‍ഗാന്ധി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ സമീപകാലത്ത് ആലുവ പാലസില്‍ അതിഥികളായെത്തി.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: flood affected alwaye palace