ഇനി വീടുവയ്ക്കുമ്പോള്‍ മലയാളികള്‍ തീര്‍ച്ചയായും രണ്ടുവട്ടം ചിന്തിയ്ക്കും. ഒരായുസിന്റെ സമ്പാദ്യമായ വീടുകളെ ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാല്‍ എങ്ങനെ സംരക്ഷിക്കാമെന്ന്. ഇതിനൊരു ഉദാഹരണമാണ് തമാശയായിട്ടാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീടിന്റെ പ്ലാന്‍. രണ്ടു സൈഡിലും ബോട്ടുകളും അവ നിര്‍ത്തിയിടാനുള്ള സ്റ്റാന്റും, റൂഫില്‍ ഹെലിപാഡും.
ചിരിച്ചുകൊണ്ട് തള്ളിക്കളായന്‍ വരട്ടെ, വന്നുപോയ പ്രളയകാലം വെറുമൊരു സാംമ്പിള്‍ മാത്രമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ നാം കരുതിയിരിക്കണം. ഇനി വീട് പണിയുമ്പോള്‍ വരാനിരിക്കുന്ന ആ പ്രളയകാലത്തെ കൂടി മുന്നില്‍ കണ്ടാല്‍ ജീവന്‍മാത്രമല്ല വീടും സ്വത്തുക്കളും സംരക്ഷിക്കാം.
പ്രളയത്തില്‍നിന്ന് പാഠം ഉള്‍കൊണ്ട് സുരക്ഷിതരായി ഭാവികെട്ടിപ്പടുത്ത ഒരു ജനത നമുക്ക് മുന്നിലുണ്ട്. മറ്റാരുമല്ല തായ്‌ലന്‍ഡുകാരാണ് അവര്‍. 2011 ജൂലായ് 25ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 815 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
പക്ഷേ പ്രളയം അവരെ വലിയൊരു പാഠം പഠിപ്പിച്ചുവെന്ന് പിന്നീടവര്‍ പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ സാക്ഷ്യം പറയും. തായ്‌ലന്‍ഡിലെ ആര്‍ക്കിടെക്റ്റുമാര്‍ തല പുകഞ്ഞ് ആലോചിച്ചു, സര്‍ക്കാര്‍ പൂര്‍ണ പിന്തുണനല്‍കി. ജനങ്ങള്‍ കൂടെ നിന്നു. പിന്നീട് ലോകം കണ്ടത് ഏത് പ്രളയത്തെയും അതിജീവിക്കാമെന്ന ആത്മവിശ്വാസം ഉള്ള തായ്‌ലന്‍ഡുകാരെയാണ്.
വെള്ളത്തില്‍നിന്ന് പൊങ്ങുന്ന വീട്
വലിയൊരു ഗര്‍ത്തത്തിനുള്ളിലുള്ള ഈ വീട് വെള്ളം പൊങ്ങുന്നതിന് അനുസരിച്ച് ഉയര്‍ത്താനും താഴ്ത്താനും ആകും. പ്രത്യേക തരം സ്റ്റീല്‍ പ്രതലത്തില്‍ നിര്‍മിച്ച ഈ വീടുകള്‍ തറനിരപ്പില്‍ നിന്നും 10 അടിയോളം ഉയര്‍ത്താം. തെര്‍മോകോളിന് സമാനമായ പ്രത്യേകതരം പ്ലാസ്റ്റിക്കാണ് സ്റ്റീല്‍ പാളികളുടെ പ്രധാന ആവരണം. തായ്‌ലന്‍ഡ് നാഷ്ണല്‍ ഹൗസിങ്ങ് അതോറിറ്റിയാണ് ഈ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. വീടുകളുടെ ചുവരുകള്‍ വെള്ളത്തെ പ്രതിരോധിക്കും, പ്രളയത്തില്‍ വീട് മുങ്ങിപ്പോയാലും ഒരു തുള്ളിപോലും അകത്ത് കടക്കില്ല.
വെള്ളത്തിന് നടുക്കുപോലും തായ്‌ലന്‍ഡില്‍ വീടുകള്‍ കാണാം. ചില ഭാഗങ്ങളില്‍ വീട് നിര്‍മിച്ചിരിക്കുന്നത് നദിയുടെ കരയിലാണ് പക്ഷേ കാലുകള്‍ക്ക് മുകളിലാണ് വീടിന്റെ തറയെന്ന് മാത്രം. അതിനാല്‍ തന്നെ വെള്ളം പൊങ്ങിയാലും ഇവിടങ്ങളില്‍ വീട് സുരക്ഷിതമാണ്.
Content Highlight: Floating homes in Thailand