ഒരുതരി തീ മതി കെട്ടിടങ്ങള്‍ ചാരം... പറഞ്ഞുവന്നത് തീപ്പിടിത്തങ്ങളെക്കുറിച്ചാണ്. നഗരത്തെ പൊള്ളിച്ച തീപ്പിടിത്തങ്ങളുടെ ഞെട്ടലില്‍നിന്ന് ജനം മോചിതരായിട്ടില്ല... എറണാകുളം സൗത്തിലെ ചെരിപ്പ് ഗോഡൗണിലെ തീപ്പിടിത്തം, മംഗളവനത്തിനു സമീപത്തെ തീപ്പിടിത്തം, ബ്രഹ്മപുരത്തെ മാലിന്യം കത്തിയത്, തമ്മനത്ത് കാറിന് തീപിടിച്ചത് തുടങ്ങി അടുത്തകാലത്തായി കുറച്ചൊന്നുമല്ല തീപ്പിടിത്തങ്ങള്‍ നാടിനെ ഞെട്ടിച്ചത്. കോടികളുടെ നഷ്ടമാണ് ചെറിയൊരു അശ്രദ്ധ മൂലം പല സംഭവങ്ങളിലും ഉണ്ടായത്. കൂടാതെ, വേനല്‍ക്കാലമായതോടെ തീപ്പിടിത്തങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
ഈ സാഹചര്യത്തില്‍ നഗരത്തില്‍ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളെക്കുറിച്ചുള്ള പരിശോധനകള്‍ അഗ്‌നിരക്ഷാ സേന ഊര്‍ജിതമാക്കിയിട്ടുണ്ട്.
നഗരത്തിലെ പല കെട്ടിടങ്ങളും നിര്‍മിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് അഗ്‌നിരക്ഷാ സേനയുടെ കണ്ടെത്തല്‍. ആവശ്യമായ സുരക്ഷാ സംവിധാനം പല കെട്ടിടങ്ങള്‍ക്കും ഇല്ലെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇതുവരെ എറണാകുളം ജില്ലയില്‍ അഗ്‌നിസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 574 കെട്ടിടങ്ങളാണ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയത്. 870 കെട്ടിടങ്ങളിലാണ് ആകെ പരിശോധന നടത്തിയത്. പരിശോധന നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ എ.എസ്. ജോജി അറിയിച്ചു.
നഗരത്തില്‍ ഒരപകടം ഉണ്ടായാല്‍ അത്യാഹിത സ്ഥലത്ത് സമയത്ത് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. അടുത്തടുത്ത കെട്ടിടങ്ങളും അപകടത്തിനിരയാകുന്നത് ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമൂലമാണ്. അഗ്‌നിരക്ഷാ സേനയ്ക്ക് വാഹനമെത്തിക്കാന്‍ വഴിയില്ലാതെ, ദൂരെ നിന്ന് വെള്ളം ചീറ്റേണ്ട സ്ഥിതിയും പല സംഭവങ്ങളിലും ഉണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളില്‍ മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്ന സിഗരറ്റുകുറ്റികളും വരെ സൃഷ്ടിക്കുന്നത് വന്‍ ദുരന്തങ്ങളായിരിക്കുമെന്നും നാം മറന്നുപോകുന്നു. കൂടുതല്‍ കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്‌നിരക്ഷാ സേനയുടെ 'ഫിറ്റ്നസ്' സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയും പുതുക്കാതെയും ആണ്. പെട്ടെന്ന് തീപ്പിടിത്തമുണ്ടായാല്‍ വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയാണുള്ളതെന്നും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പറയുന്നു.
അലംഭാവം അപകടത്തിലേക്ക്
കെട്ടിടങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അഗ്‌നിസുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ പിന്നീടുണ്ടാവില്ലെന്ന് സേനാംഗങ്ങള്‍ പറയുന്നു. 'ഫയര്‍ സര്‍ട്ടിഫിക്കറ്റ്' നേടി കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ പിന്നീടൊന്ന് തിരിഞ്ഞുനോക്കുക കൂടിയില്ല. ഒരു വര്‍ഷത്തിനു ശേഷം ഉപകരണങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായാലും ബില്‍ഡറോ ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവരോ അറിയാറില്ല. കെട്ടിടത്തിന് അനുമതി ലഭിക്കുമ്പോള്‍ കാണിച്ചിരിക്കുന്ന തരത്തിലായിരിക്കില്ല ഉപയോഗിച്ചു തുടങ്ങുമ്പോള്‍.
16 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങള്‍ പാലിക്കേണ്ട നിബന്ധനകളുണ്ട്. അപകടം ഉണ്ടായാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് സേവനത്തിനായുള്ള സ്ഥലംപോലും പല കെട്ടിടങ്ങളിലും ഇല്ല. ഇരു വശങ്ങളിലും ഇതിനായി അഞ്ചു മീറ്റര്‍ ഒഴിച്ചിടണമെന്നുണ്ട്. കൂടാതെ, ടെറസുകളും തുറസ്സായ സ്ഥലവുമുണ്ടായിരിക്കണം. എന്നാല്‍, ഇതൊക്കെ കാറ്റില്‍പ്പറത്തി, തോന്നിയ രീതിയിലേക്ക് കെട്ടിടങ്ങള്‍ മാറ്റിയെടുക്കുന്നതാണ് പൊതുവിലുള്ള രീതി. അതുകൊണ്ടുതന്നെ അപകടങ്ങള്‍ തൊട്ടരികില്‍ത്തന്നെയാണ്.
ടെറസുകള്‍ കെട്ടിയടയ്ക്കല്ലേ
ബഹുനിലക്കെട്ടിടങ്ങളില്‍ ടെറസുകള്‍ കെട്ടിയടച്ച് റൂഫ് ചെയ്യുന്നത് ഇന്ന് കൂടിവരികയാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇവ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഹെലികോപ്റ്ററിലൂടെയും മറ്റുമുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കുകയാണ് ഇതിലൂടെ. അപകടം ഉണ്ടാകുമ്പോള്‍ ഒഴിഞ്ഞ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ സാധ്യതയും ഉപയോഗവുമുണ്ടെന്നും കൂടുതല്‍ പേരും അറിയാതെ പോകുന്നു. രക്ഷാപ്രവര്‍ത്തനത്തിനായാണ് കെട്ടിടങ്ങളില്‍ ഒഴിഞ്ഞയിടങ്ങള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍, പിന്നീട് തുറന്ന സ്ഥലങ്ങള്‍ കെട്ടിയടച്ചും പാര്‍ക്കിങ് ഏരിയയാക്കി മാറ്റിയും അപകടങ്ങള്‍ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ഫ്‌ലാറ്റുകളിലും മറ്റും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെയാണ് സ്ഥാപിച്ചിരിക്കുന്നത്. പെട്ടെന്നുള്ള അപകടങ്ങളില്‍ എന്തുചെയ്യണമെന്നു കൂടി സാധാരണ ജനങ്ങള്‍ക്ക് അവബോധമില്ല.
ദുരന്തം കയറിവരുന്ന കോണിപ്പടികള്‍
ബഹുനിലക്കെട്ടിടങ്ങളായ ആശുപത്രികള്‍, ഫ്‌ലാറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ സമുച്ചയങ്ങള്‍ തുടങ്ങിയവയിലെ തീപ്പിടിത്തങ്ങളില്‍ പ്രധാനമായും കോണിപ്പടികള്‍ക്ക് വലിയ സ്ഥാനമുണ്ട്. ഫയര്‍ എക്‌സിറ്റിനായുള്ള കോണിപ്പടികള്‍ പലപ്പോഴും മറ്റാവശ്യങ്ങള്‍ക്കായി അടച്ചുകളയുന്ന പ്രവണതയുണ്ട്. തീപ്പിടിത്തങ്ങളുണ്ടാവുന്ന സ്ഥലത്ത് പലപ്പോഴും കോണിപ്പടികളില്‍ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനും രക്ഷാപ്രവര്‍ത്തനം തടയുന്നതിനും ഇതു കാരണമാകുന്നുണ്ട്. അതിനാല്‍ കോണിപ്പടികളില്‍ മറ്റു വസ്തുക്കള്‍ കൂട്ടിയിടുകയോ അടച്ചുകളയുകയോ ചെയ്യരുത്.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
- കെട്ടിടത്തിലെ അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം.
- കെട്ടിടത്തിലെ എമര്‍ജന്‍സി ലൈറ്റുകള്‍ക്ക് യു.പി.എസ്. ബാക്കപ്പ് നല്‍കിയിരിക്കണം.
- എക്‌സിറ്റുകള്‍ സഞ്ചാരയോഗ്യമായിരിക്കണം.
- അഗ്‌നിരക്ഷാ വാഹനങ്ങള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തുറസ്സായ സ്ഥലം ഉറപ്പുവരുത്തണം.
- അഗ്‌നിരക്ഷാ സേനയുടെ മോക്ഡ്രില്‍ പരിശീലനങ്ങളോട് സഹകരിക്കണം.
തീപിടിച്ചാല്‍
- തീപ്പിടിത്തമുണ്ടായാല്‍ മാനുവല്‍ ഫയര്‍ അലാം ഉപയോഗിച്ച് മറ്റ് താമസക്കാര്‍ക്കും ആളുകള്‍ക്കും അപായ സൂചന നല്‍കണം.
- തീ ചെറുതാണെങ്കില്‍ മാത്രം പ്രാഥമിക അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുക. അല്ലെങ്കില്‍, കെട്ടിടത്തിന് വെളിയില്‍ പോകണം. 101-ല്‍ വിളിച്ചറിയിക്കണം.
- ലിഫ്റ്റ്, എസ്‌കലേറ്ററുകള്‍ ഉപയോഗിക്കരുത്.
- പുകനിറഞ്ഞ മുറികളില്‍ അകപ്പെട്ടുപോയാല്‍ മുഖത്ത് നനഞ്ഞ തൂവാല കെട്ടി മുറിയിലൂടെ ഇഴഞ്ഞുനീങ്ങി പുറത്തുപോകാന്‍ ശ്രമിക്കണം.
Content Highlights: fire safety prevention in multi storey buildings