കൊച്ചി: വീട്ടിലെ ചെറുതും വലുതുമായ മരാമത്ത് പണികള്‍ക്ക് ആളെക്കിട്ടാതെ വട്ടംചുറ്റുന്ന നഗരവാസികള്‍ക്ക് ഇനി ആശ്വസിക്കാം... മരപ്പണിക്കും കല്‍പ്പണിക്കുമൊക്കെ ആളെക്കിട്ടാതെ നട്ടംതിരിയുന്നവര്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങുന്നു. 'ഓണ്‍ലൈന്‍ ടാക്‌സി', 'ഓണ്‍ലൈന്‍ ഭക്ഷണം' എന്നിവ പോലെ ഓണ്‍ലൈനില്‍ കെട്ടിടനിര്‍മാണ ജോലിക്കാരെ കണ്ടെത്താനും വഴിയൊരുങ്ങുകയാണ്. ആരുടെയും സഹായമില്ലാതെ ജോലിക്കാരെ നിങ്ങള്‍ക്കുതന്നെ കണ്ടുപിടിക്കാം, നേരിട്ട് അവരോട് സംസാരിക്കാം. പള്ളുരുത്തി സ്വദേശിയായ എന്‍.എ. ബിജുവാണ് ഇതിനായി ഒരു വെബ്‌സൈറ്റ് തന്നെ തയ്യാറാക്കിയിരിക്കുന്നത്. www.myfinger.tips എന്ന പേരിലാണ് സൈറ്റ് ഒരുക്കിയിട്ടുള്ളത്. സൗജന്യമായി ഇത്തരം സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

വീടുകളിലെ ചെറിയ പണികള്‍ക്ക് പലപ്പോഴും ആളെ കിട്ടില്ല. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കല്‍പ്പണിക്കാരന്‍, പെയിന്റര്‍, കാര്‍പ്പെന്റര്‍, ടൈല്‍ പണിക്കാര്‍, ബില്‍ഡിങ് കോണ്‍ട്രാക്ടര്‍മാര്‍, സഹായികള്‍ തുടങ്ങിയ ജോലികള്‍ക്ക് ആളെ അന്വേഷിക്കുന്നവര്‍ക്ക് ഈ സൈറ്റ് നോക്കിയാല്‍ മതി. എല്ലാത്തരം ജോലികളും ചെയ്യാന്‍ കഴിയുന്നവര്‍ അവിടെയുണ്ടാകും. അവരുടെ ഫോണ്‍നമ്പര്‍, അവര്‍ താമസിക്കുന്ന സ്ഥലം എന്നീ വിവരങ്ങളും ലഭിക്കും. മാത്രമല്ല, അവര്‍ മുമ്പ് ചെയ്ത ജോലികളുടെ വിവരങ്ങളും ലഭിക്കും.

വിദഗ്ദ്ധജോലികള്‍ ചെയ്യാനറിയുന്ന ആര്‍ക്കും ഈ സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. വിദഗ്ദ്ധ ജോലിക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും ജോലിക്കാരെ അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലിക്കാരെ കിട്ടുന്നതിനും പുതിയ സൈറ്റ് സൗജന്യമായി പ്രയോജനപ്പെടുത്താം.

Content Highlights: Find Carpenters  Electricians