പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോള്‍ ആ സ്ഥലവുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കും കുറച്ച് സമയം വേണ്ടിവരാറുണ്ട്. പ്രത്യേകിച്ചും മറ്റാരെങ്കിലും താമസിച്ചിരുന്ന വീടാണെങ്കില്‍. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. കാരണം മുമ്പത്തെ ഉടമസ്ഥര്‍ എന്തൊക്കെ ഉപേക്ഷിച്ചാണ് പോയതെന്ന് പറയാനാവില്ലല്ലോ. ചിലപ്പോള്‍ അത്തരം സംശയങ്ങള്‍ ശരിയാകാം എന്നാണ് കഴിഞ്ഞ ദിവസം അരിസോണയിലെ യുവതിയുടെ അനുഭവം.  

പതിനെട്ടുകാരിയായ അന്നാബെല്‍ മൈക്കല്‍സണും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അന്നാബെല്ലിന്റെ അച്ഛന്‍ മൈക്കല്‍സണിന് ഈ വീടിന് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് പലപ്പോഴും തോന്നിയിരുന്നു.  

എന്തായാലും ഈ സംശയങ്ങള്‍ക്കിടയിലാണ് ബാത്ത്റൂമിലെ ചുമരില്‍ നിന്ന് ഇളക്കിമാറ്റാന്‍ പറ്റാത്ത വിധത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കണ്ണാടി കുടുംബത്തെയാകെ ചിന്തിപ്പിച്ചത്. എന്തുകൊണ്ടായിരിക്കും കണ്ണാടി എടുത്ത് മാറ്റാന്‍ പറ്റാത്ത വിധം പിടിപ്പിച്ചതെന്നായിരുന്നു സംശയം. തുടര്‍ന്ന് അതൊന്ന് ഇളക്കിനോക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. കണ്ണാടി ഇളക്കി മാറ്റുന്ന ദൃശ്യങ്ങള്‍ അന്നാബെല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനും തുടങ്ങി. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവര്‍ കണ്ടത്. അന്നാബെല്‍ ഈ വീഡിയോ ടിക്ക് ടോക്കില്‍ പങ്കുവച്ചതോടെ സംഭവം ചര്‍ച്ചയായി. 

കണ്ണാടി ഇളക്കി മാറ്റി നോക്കിയപ്പോള്‍ കണ്ടത് കണ്ണാടി ഘടിപ്പിച്ചിരുന്ന ചുമരിനപ്പുറത്തെ ചെറിയ മുറിയായിരുന്നു.  കബോര്‍ഡുകളും സിങ്കും അതിനോടനുബന്ധിച്ച് സ്ലാബും എല്ലാ സൗകര്യങ്ങളുമുള്ള ഒരു മുറി. ഇതിന് പുറമെ ക്യാമറയോ മറ്റോ ഘടിപ്പിക്കാന്‍ ഉപയോഗിച്ച വയറുകളുടെ അവശിഷ്ടവും അവിടെ ഉണ്ടായിരുന്നു. 

എന്നാല്‍ ഭയപ്പെടുത്തിയ സംഗതി വേറൊന്നാണ്, ബാത്ത്റൂമില്‍ തൂക്കിയിരുന്ന കണ്ണാടി 'ടു വേ മിറര്‍' ആയിരുന്നു. അതായത്, ആ മുറിയില്‍ നിന്ന്  കണ്ണാടിയിലൂടെ നോക്കിയാല്‍ ബാത്ത്‌റൂമില്‍ നടക്കുന്നതെല്ലാം കാണാനാകും. ബാത്ത്‌റൂമില്‍ നില്‍ക്കുന്ന ആള്‍ അപ്പുറത്ത് ഒരു ഒളിഞ്ഞു നോട്ടം നടക്കുന്നുണ്ട് എന്ന് അറിയുകയുമില്ല.   

എന്തിനാണ് ഇത്തരത്തിലൊരു സംവിധാനം ആ വീട്ടില്‍ ഉണ്ടാക്കിയിരുന്നതെന്ന് അന്നാബെല്ലിനും കുടുംബത്തിനും ഇനിയും മനസ്സിലായിട്ടില്ല. അല്‍പം വിചിത്രമാണ് സംഭവം എന്നതിനാല്‍ അധികൃതരെ വിവരമറിയിക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Family horrified to discover 'cameras and two-way mirror' in wall of new home