വീടുപണി കഴിഞ്ഞ് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ പ്ലംബിങ് ചെയ്ത ചുമരുകളില്‍ ഈര്‍പ്പം കാണാറുണ്ടോ? ടേപ്പുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കാറുണ്ടാ? പൈപ്പിനുള്ളില്‍ കരടു കുടുങ്ങി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ടോ? വെള്ളത്തിന് ആവശ്യപ്രകാരമുള്ള സ്പീഡ് ഇല്ല എന്നു തോന്നാറുണ്ടോ?

വേണ്ടത്ര ശ്രദ്ധ നല്കാതെ പ്ലംബിങ് ചെയ്യുന്നതു മൂലമാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉടലെടുക്കുന്നത്. പ്ലംബിങ്ങിലെ അപാകം മൂലം ആവശ്യത്തിനുള്ള ജലവിതരണം ഒരു ദിവസം മുടങ്ങിയാല്‍ തന്നെ നമ്മുടെ ആവലാതികള്‍ എത്രയാണ്? അല്പലാഭത്തിനുവേണ്ടി ഗുണനിലവാരമില്ലാത്ത പൈപ്പുകളും മറ്റും ഉപയോഗിച്ച് പിന്നീട് റിപ്പയറിനു ചുമരും ടൈലുകളും വെട്ടിപ്പൊളിക്കേണ്ട അവസ്ഥ വന്നാലോ? പിന്നീടുള്ള കേടുപാടുകള്‍ തീര്‍ക്കുന്നത് രണ്ടാമതൊരു പ്ലംബിങ് ചെയ്യുന്നതിനു തുല്യവും.

അ ശാസ്ത്രീയമായി വ്യക്തമായ പ്ലാനിങ് ഇല്ലാതെയാണ് പ്ലംബിങ് നടത്തിയതെങ്കില്‍ വിദൂരമല്ലാത്ത ഭാവിയില്‍ നമ്മെ കാത്തിരിക്കുന്ന തലവേദനകള്‍ ഇവയൊക്കെയാണ്.

ടോയ്‌ലെറ്റുകളിലും അടുക്കളയിലുമാണ് പ്ലംബിങ് നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അറേഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സൗകര്യങ്ങള്‍ക്കനുസ്യതമായി വ്യക്തമായ പ്ലാനിങ്ങോടെയാണ് പ്ലംബിങ് തുടങ്ങേണ്ടത്.

Bathroom

ഒരു ഷവര്‍ സ്‌പേസ്, ക്ലോസറ്റ്, വാഷ്‌ബേസിന്‍ തുടങ്ങിയവയാണ് ഒരു സാധാരണ ടോയ്‌ലെറ്റില്‍ കണ്ടു വരാറുള്ളത്. ലക്ഷ്വറിടൈപ്പിലുള്ള ടോയ്‌ലെറ്റുകളാണെങ്കില്‍ ബാത്ത് ടബ്, ജാക്കുസി, ഷവര്‍ ക്യുബിക്കിള്‍സ്, ഷവര്‍ ജെറ്റ്‌സ് എന്നിവയും കാണാറുണ്ട്. വ്യക്തമായ സ്‌പേസ് പ്ലാനിങ്ങോടെ, ഉപയോഗിക്കാനുള്ള സൗകര്യവും കൂടി കണക്കിലെടുത്താണ് ഇവയെല്ലാം ടോയ്‌ലെറ്റില്‍ സംവിധാനിക്കേണ്ടത്.

പെട്ടെന്ന് കേടുപാടുകള്‍ വരാത്ത സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമായ മെറ്റീരിയലുകളാണ് പ്ലംബിങ്ങിനായി ഉപയോഗിക്കേണ്ടത്. ശരിയായ രീതിയില്‍ മലിനജലം പുറത്തേക്കു പോവാനും, കരടുകള്‍ ഉണ്ടെങ്കില്‍ അവ ഫില്‍റ്റര്‍ ചെയ്യാനും പറ്റുന്ന രീതിയിലാണ് ഡ്രയിനേജ് സിസ്റ്റം ഒരുക്കേണ്ടത്. വാഷ്‌ബേസിനോടനുബന്ധിച്ച് ഒരു ഇലക്ട്രിക്കല്‍ പ്ലഗ് പോയിന്റ് നല്കുന്നതും ഉചിതമാണ്.

പ്ലംബിങ്ങ് കഴിഞ്ഞതിനു ശേഷം പുറത്ത് ഒരു സര്‍വീസ് ചേമ്പര്‍ ഹാള്‍, പ്രധാന ഭാഗങ്ങളിലേക്ക് മാത്രമായി ഒരു ഇന്‍ലറ്റ് ക്ലോസിങ് വാള്‍വ് (Inlet Closing Valve) എന്നിവ നല്കുന്നതും അഭികാമ്യമാണ്. ഏതെങ്കിലും പ്രത്യേക ഭാഗങ്ങളില്‍ ലീക്കോ മറ്റു വല്ല തകരാറുകളോ വരികയാണെങ്കില്‍ വാള്‍വുകള്‍ മാത്രം ക്ലോസ് ചെയ്താല്‍ മതിയാവും.

വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ടോയ്‌ലെറ്റുകള്‍ എല്ലാം ഏകദേശം ഒരേ ഏരിയയില്‍ ക്രമീകരിക്കുകയാണെങ്കില്‍ പ്ലംബിങ് ജോലി എളുപ്പവും കൂടുതല്‍ പൈപ്പുകള്‍ ഉപയോഗിക്കേണ്ടി വരികയുമില്ല.

sink
getty images

 

സിങ്ക്, ബേസിന്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഏരിയകളിലാണ് അടുക്കളയില്‍ പ്ലംബിങ് ആവശ്യമായി വരാറുള്ളത്. സിങ്കിലും ബേസിനിലും കരടുകള്‍ കുടുങ്ങാതിരിക്കാന്‍ സ്റ്റോപ്പര്‍ നല്കുന്നതും നല്ലതാണ്.

വളരെ കാര്യക്ഷമമായ രീതിയില്‍ തന്നെയാണ് സെപ്റ്റിക് ടാങ്കിലേക്കും, മഴവെള്ള സംഭരണികളിലേക്കുമുള്ള പ്ലംബിങ് നടത്തേണ്ടത്.

വീടിനു പുറത്തേക്ക് പ്ലംബിങ് ചെയ്യുമ്പോള്‍ ഭാവിയില്‍ തടസ്സങ്ങള്‍ ഉണ്ടാവാത്ത രീതിയില്‍ ഒരേ ലൈനില്‍ തന്നെ എല്ലാം സംവിധാനിക്കുന്നതാണ് ഉചിതം.

പ്ലംബിങ് ലേ-ഔട്ട് സൂക്ഷിച്ചുവെക്കുകയാണെങ്കില്‍ പിന്നീടുണ്ടാവുന്നറിപ്പയര്‍ വര്‍ക്കുകള്‍ സുഗമമായി നടത്താനും സഹായിക്കും. ഗുണ നിലവാരമുള്ള പി.വി.സി. പൈപ്പുകളാണ് പ്ലംബിങ്ങിന് ഉപയോഗിക്കേണ്ടത്. പൈപ്പുകളിലൂടെ വെള്ളം നല്ല രീതിയില്‍ ലഭിക്കുന്ന തരത്തില്‍  അനുയോജ്യമായ ഉയരത്തിലാണ് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കേണ്ടത്.

plumbing
getty images

 

ആധുനിക വീടുകളില്‍ വെള്ളം വേണ്ടത് സ്പീഡില്‍ പൈപ്പുകളിലൂടെ ലഭിക്കാന്‍ പ്രഷര്‍ പമ്പുകളും സ്ഥാപിച്ചു വരാറുണ്ട്. പ്ലംബിങ് ജോലികള്‍ പൂര്‍ത്തീകരിച്ചാല്‍ ഒരു അപാകവുമില്ല എന്ന് ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയതിനു ശേഷമാണ് പ്ലാസ്റ്ററിങ്ങും ടൈല്‍ വര്‍ക്കുകളും തുടങ്ങേണ്ടത്.

എക്‌സ്പീരിയന്‍സുള്ള ഒരു പ്രൊഫഷണല്‍ ടീമിന്റെ സഹായത്തോടെ കുറ്റമറ്റ രീതിയിലാണ് പ്ലംബിങ് ചെയ്യേണ്ടത്. ഭാവിയില്‍ റിപ്പെയറിങ് വര്‍ക്കുകള്‍ ചെയ്യാന്‍ അത്യന്തം പ്രയാസകരമായ ഒന്നാണ് പ്ലംബിങ്. ആയതിനാല്‍ ക്വാളിറ്റിയുള്ള ഈടു നില്ക്കുന്ന മെറ്റീരിയലുകള്‍ തന്നെയാണ് പ്ലംബിങ്ങിനായി ഉപയോഗിക്കേണ്ടത്.

 

വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content Highlight: essential tips for perfect plumbing