ടെക്‌നോളജി മേഖലയില്‍ മാത്രമല്ല റിയല്‍ എസ്റ്റേറ്റ് രംഗത്തും ശ്രദ്ധേയമായ സാന്നിധ്യം അറിയിക്കുകയാണ് യു.എസ് വ്യവസായിയും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ എലന്‍ മസ്‌ക്. ലോസ് ആഞ്ചലീസില്‍ നിരവധി വീടുകളുള്ള എലന്‍ മസ്‌ക് വീടുകളുടെ ശേഖരണത്തില്‍ നിന്നൊരെണ്ണം വിറ്റിരിക്കുകയാണ് ഇപ്പോള്‍. തന്റെ വീടുകളിലെ ഏറ്റവും ചെറിയ വീടുകളിലൊന്ന് ഇരുപത്തിയേഴു കോടിയോളം രൂപയ്ക്കാണ് മസ്‌ക് വിറ്റത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുപ്പത്തിയൊന്നു കോടി രൂപയ്ക്ക് മസ്‌ക് വീട് വില്‍പനയ്ക്കു വച്ചിരുന്നത്, എന്നാല്‍ ഇപ്പോഴാണ് വില്‍പന നടന്നത്. മുന്‍ഭാര്യയും നടിയുമായ ടലൂല റെയ്ലിക്കൊപ്പം 2014ലാണ് മസ്‌ക് വീട് വാങ്ങിയത്. 

ത്രികോണാകൃതിയിലുള്ള വീട് 3000 ചതുരശ്ര അടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. നാല് ബെഡ്റൂമുകളും മൂന്നു ബാത്റൂമുകളുമാണ് വീട്ടിലുള്ളത്. മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള വീടുകളില്‍ ഏറ്റവും ചെറുതുമാണിത്. 

ചുവരു മുതല്‍ നിലം വരെ മുട്ടില്‍ നില്‍ക്കുന്ന നീളന്‍ ജനാലകള്‍ കടല്‍ക്കാഴ്ച്ചകള്‍ വിശാലമാക്കുന്നു. വലിയൊരു സാള്‍ട്ട് വാട്ടര്‍ പൂളും പ്രൈവറ്റ് സ്പായും വീട്ടിലുണ്ട്. ഏകീകൃതമായ സുരക്ഷാ സംവിധാനവും ഓട്ടോമാറ്റിക് ഷേഡുകളും ഉണ്ട്. 

സാങ്കേതികവിദ്യയുടെ മിക്ക സാധ്യതകളും ഉപയോഗപ്പെടുത്തിയിട്ടുള്ള വീടാണിത്. ജനല്‍ ഷെയ്ഡുകളും ലൈറ്റുകളും സംഗീതവും മുറിയിലെ താപനിലയും സുരക്ഷാ സംവിധാനവുമൊക്കെ ഒരൊറ്റ റിമോട്ടില്‍ നിയന്ത്രിക്കപ്പെടുന്നു.

ഇരുപത്തിയഞ്ചു കോടി രൂപ ചെലവഴിച്ചാണ് എലന്‍ മസ്‌ക്കും ഭാര്യയും വീട് വാങ്ങിയത്. 2010ല്‍ വിവാഹിതരായ ഇരുവരും രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം നേടിയിരുന്നു. വീണ്ടും 2013ല്‍ വിവാഹിതരാവുകയും 2016ല്‍ വിവാഹമോചനം നേടുകയും ചെയ്തു. 

മസ്‌ക്കിന് ലോസ് ആഞ്ചലസില്‍ തന്നെ ഒരു വലിയ മാന്‍ഷന്‍ ഉള്‍പ്പെടെ വേറെയും വീടുകളുണ്ട്. 24.4 മില്യണ്‍ ഡോളറിന്റെ ആഡംബര മാന്‍ഷന്‍, പതിനേഴ് മില്യണ്‍ ഡോളറിന്റെ ഫ്രഞ്ച് സ്‌റ്റൈലിലുള്ള മാന്‍ഷന്‍, 6.75 മില്യണ്‍ ഡോളറിന്റെ വീട് എന്നിങ്ങനെ പോകുന്നു ആ പട്ടിക.

Content Highlights: Elon Musk Sells One of Many L.A. Homes