മേരിക്കയിലെ മുന്‍നിര ടിവി അവതാരകയായ എലന്‍ ഡിജനേഴ്‌സിന് ആരാധകരേറെയാണ്. സ്വതസിദ്ധമായ അവതരണശൈലിയും കോമഡിയും ഒപ്പം എല്‍ജിബിടി കമ്മ്യൂണിറ്റിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമൊക്കെ എലനെ വ്യത്യസ്തയാക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വിവാദപരാമര്‍ശത്തിന്റെ പേരിലാണ് എലന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ക്വാറന്റൈന്‍ കാലത്തെ വീട്ടുവാസത്തെ ജയിലിനോട് താരതമ്യപ്പെടുത്തിയതാണ് എലനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. 

ക്വാറന്റൈനില്‍ കഴിയുന്നത് ജയിലില്‍ കഴിയുന്നതു പോലെയാണെന്നും പത്തു ദിവസത്തോളമായി താന്‍ ഒരേ വസ്ത്രമാണ് ധരിക്കുന്നതെന്നുമൊക്കെയാണ് ചിരിയോടെ എലന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് എലന്റെ ആഡംബര ബംഗ്ലാവിന്റെ ചിത്രം സഹിതമാണ് വിമര്‍ശകര്‍ മറുപടി നല്‍കിയത്. 

സ്വന്തമായി തലചായ്ക്കാന്‍ വീടുപോലുമില്ലാത്തവര്‍ ഉള്ളപ്പോള്‍ ഇരുപത്തിരണ്ടു കോടിയുടെ വീട്ടിലിരുന്നാണ് താന്‍ ഇത് പറയുന്നതെന്ന് എലന്‍ മറക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്വാറന്റൈന്‍ കാലത്തുപോലും എലന്‍ വീട്ടിലെ മുറികളിലെല്ലാം കയറി തീര്‍ന്നിട്ടുണ്ടാവില്ലെന്നും ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭിച്ച് സുഖമായി കഴിയുന്നത് ജയില്‍വാസമല്ലെന്നും കൊറോണക്കാലത്ത് ഇടുങ്ങിയ മുറിയില്‍ യഥാര്‍ഥ ജയില്‍ജീവിതം നയിക്കുന്നവര്‍ ഉണ്ടെന്നുമൊക്കെ പോകുന്നു കമന്റുകള്‍.  

ലോസ്ആഞ്ചലസിലെ ഈ അത്യാധുനിക സൗകര്യങ്ങളുള്ള ബംഗ്ലാവില്‍ എലനൊപ്പം ഭാര്യ പോര്‍ഷ്യ ഡി റോസിയുമുണ്ട്. ഈ വീട് വാങ്ങുന്നതിനു മുമ്പ് എലനും പോര്‍ഷ്യയും ചേര്‍ന്ന് ലോസ് ആഞ്ചലസില്‍ മറ്റൊരു വീട് സ്വന്തമാക്കിയിരുന്നു. മുന്നൂറു കോടിയോളം മുടക്കിയാണ് ആ ആഡംബര മാന്‍ഷന്‍ വാങ്ങിയത്. പതിനായിരം സ്‌ക്വയര്‍ഫീറ്റ് ഉള്ള വീട് മൂന്നുനിലകളിലായാണ് പണിതിരിക്കുന്നത്. അഞ്ച് ബെഡ്‌റൂമുകളും പന്ത്രണ്ട് ബാത്‌റൂമുകളുമാണ് ആ വീട്ടിലുള്ളത്. 

2012ല്‍ 26.5 മില്യണ്‍ ഡോളര്‍ മുടക്കി 10,500 ചതുരശ്ര അടിയുള്ള ഒരു വില്ലയും വാങ്ങിയിരുന്നു. ആറു ബെഡ്‌റൂമുകളും ആറു ബാത്‌റൂമുകളും ഒട്ടേറെ ലൈബ്രറികളുമുടങ്ങിയ ഇറ്റാലിയന്‍ ശൈലിയിലുള്ള ഭവനമായിരുന്നു അത്. 

Content Highlights: Ellen DeGeneres Slammed Online For Comparing Quarantine In Her Mansion To Being In Jail