വീട് വൃത്തിയാക്കാന്‍, വസ്ത്രങ്ങളിലെ കറ,പാട് ഒക്കെ മായിക്കാന്‍, ഉപകരണങ്ങളിലെ തുരുമ്പ് കളയാന്‍... ഓരോന്നും നൂറ് നൂറ് തലവേദനയാണ്. എന്നാല്‍ വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ കൊണ്ട് ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതി ഇതൊക്കെ പമ്പകടക്കും. 

 1. അടുക്കളയിലെ ഡിഷ് വാഷിങ് ലിക്വിഡ് തീര്‍ന്നോ? അല്പം ഷാമ്പു കുറച്ച് വെള്ളത്തില്‍ നേര്‍പ്പിച്ച് സിങ്കിനരികെ വെക്കൂ. സൂപ്പര്‍ ഡിഷ് വാഷര്‍ റെഡി.
 2. നട്ടും ബോള്‍ട്ടും, ബൈക്കിന്റെയും സൈക്കിളിന്റെയും ഇരുമ്പുഭാഗങ്ങളും പെട്ടെന്ന് തുരുമ്പെടുക്കുന്നുണ്ടോ?ഇവയിലൊക്കെ അല്‍പം പെട്രോളിയം ജെല്ലിയിട്ട് മിനുക്കിയാല്‍ മതി. പ്രശ്‌നം തീര്‍ന്നു.
 3. കിച്ചണ്‍ സിങ്കിനരികിലും കുളിമുറിയിലും വെക്കുന്ന സോപ്പുകള്‍ പെട്ടെന്ന് അലിഞ്ഞ് പോകുന്നുണ്ടോ?സോപ്പ് ഒരു കഷ്ണം സ്‌പോഞ്ചിനുമുകളില്‍ വെയ്ക്കുക. അധികമുള്ള ഈര്‍പ്പം സ്‌പോഞ്ച് വലിച്ചെടുത്തോളും.
 4. ചൈനാക്ലേ പാത്രങ്ങളില്‍ കറപിടിച്ചാല്‍ അപ്പക്കാരമിട്ട് കഴുകാം. ഒരു നനഞ്ഞ തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് പാത്രത്തില്‍ അപ്പക്കാരം പുരട്ടുക. അല്‍പ സമയത്തിന് ശേഷം കഴുകിക്കളയാം.
 5. ഗൃഹോപകരണങ്ങളില്‍ കറയോ പശയോ പാടുവീഴ്ത്തിയിട്ടുണ്ടെങ്കില്‍ പ്രതിവിധിയുണ്ട്. അല്പം ഷേവിങ് ക്രീം അവിടെ പുരട്ടിവെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം ഒരു സ്‌പോഞ്ചുപയോഗിച്ച് തുടച്ചെടുക്കാം.
 6. പാറ്റ, കൂറ തുടങ്ങിയ പ്രാണികളെ നശിപ്പിക്കാന്‍ അല്പം പഞ്ചസാരയില്‍ അപ്പക്കാരം കലര്‍ത്തിയശേഷം പ്രാണികള്‍ ഉള്ളയിടങ്ങളില്‍ വിതറണം. പഞ്ചസാരയോടൊപ്പം അപ്പക്കാരവും അകത്താക്കുന്ന പ്രാണികള്‍ പെട്ടെന്ന് ചത്തുപോവും.
 7. പാത്രങ്ങളിലും വസ്ത്രങ്ങളിലുമൊക്കെ ഒട്ടിനില്‍ക്കുന്ന സ്റ്റിക്കറുകള്‍ കളയാന്‍ വിനാഗിരി സഹായിക്കും. സ്റ്റിക്കറിനുമുകളില്‍ വിനാഗിരി നല്ലവണ്ണം പുരട്ടണം. അല്പം കഴിഞ്ഞാല്‍ ഇത് എളുപ്പത്തില്‍ പറിച്ചെടുക്കാം.
 8. ഒരു ബൗളില്‍ വിനാഗിരി ഒഴിച്ച് തുറന്നുവെയ്ക്കുക. വീട്ടിനകത്തെ ദുര്‍ഗന്ധമോ, മീന്‍മണമോ, പെയിന്റ് മണമോ എന്തും പോവും.
 9.  പ്രസവകാലത്തെ തേച്ചുകുളി കാരണം വസ്ത്രങ്ങളില്‍ മഞ്ഞളിന്റെ പാടുകള്‍ അവശേഷിക്കുന്നുണ്ടോ? ഈ വസ്ത്രങ്ങളില്‍ തീരെ കുറച്ച് വെള്ളം ഉപയോഗിച്ച് ബാര്‍സോപ്പ് ഉരച്ച് പിടിപ്പിക്കുക. എന്നിട്ട് വെയിലത്തിട്ട് ഉണക്കണം. ഉണങ്ങിയ തുണികള്‍ വീണ്ടും സാധാരണപോലെ അലക്കിയാല്‍ മഞ്ഞള്‍ക്കറ മാഞ്ഞുപോവും.
 10. മധുരപലഹാരങ്ങളും ചായയുമൊക്കെ വസ്ത്രത്തില്‍ വീണ് ഉണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ നേര്‍പ്പിച്ച വിനാഗിരികൊണ്ട് തുടയ്ക്കാം. വിനാഗിരിയും വെള്ളവും 1:4 എന്ന അനുപാതത്തിലെടുത്ത് വസ്ത്രം തുടച്ചാല്‍ മതി.
 11. വലിഞ്ഞുപോകുന്ന സ്വെറ്ററുകളും കേടാവാന്‍ ഇടയുള്ള വസ്ത്രങ്ങളുമൊക്കെ ഒരു തലയണ ഉറയില്‍ ഇട്ട് റബ്ബര്‍ബാന്‍ഡ് ഇടുക. ഇത് വാഷിങ് മെഷീനില്‍ അലക്കിയെടുക്കാം.
 12. പിച്ചളപ്പാത്രങ്ങള്‍ വെട്ടിത്തിളങ്ങാന്‍ ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത ചെറുനാരങ്ങത്തൊണ്ടുകൊണ്ട് ഉരസുക. പിന്നീട് നന്നായി കഴുകിയെടുക്കാം. ഇതിന് വാളന്‍ പുളിയും ഉപയോഗിക്കാം.
 13. ലെതര്‍കൊണ്ടുള്ള ഷൂ, ബെല്‍റ്റ്, പേഴ്‌സ് എന്നിവ അല്പം പാല്‍ ഉപയോഗിച്ച് പോളിഷ് ചെയ്താല്‍ വെട്ടിത്തിളങ്ങും.
 14. അടുത്തെങ്ങും പൈപ്പോ വെള്ളമോ ഇല്ല. പക്ഷേ, ഒന്നു കൈകഴുകാന്‍ തോന്നുന്നുണ്ട് താനും. ഈ കുരുക്കഴിക്കാനുള്ള സൂത്രപ്പണി ഇതാ. കൈയില്‍ ഏതാനും തുള്ളി മൗത്ത് വാഷ് തൂകിയശേഷം കൈകള്‍ കൂട്ടിയുരയ്ക്കുക. പിന്നീട് തുണികൊണ്ട് നന്നായി തുടയ്ക്കാം. സുഗന്ധമുള്ള അള്‍ട്രാക്ലീന്‍ കൈകള്‍ സ്വന്തം!
 15. എണ്ണമയം അധികമായി മുടി ഒട്ടിപ്പിടിച്ചിരുന്നാല്‍ ഇനി നോ പ്രോബ്ലം. കുറച്ച് ധാന്യപ്പൊടി തടവിയശേഷം മുടി കഴുകിയാല്‍ മതി. ഷാമ്പൂ ഇട്ടപോലെ സില്‍ക്കിയാവും മുടി.
 16. വസ്ത്രങ്ങളില്‍ പുല്ലിന്റെയും ചെടികളുടെയും കറ വീണോ? ഈ ഭാഗത്ത് അല്പം പഞ്ചസാരക്കുഴമ്പ് പുരട്ടിയശേഷം കഴുകിയാല്‍ മതി. വസ്ത്രങ്ങളില്‍ വീണ മഷിയുടെ പാട് കളയാന്‍ അല്പം ചെറുനാരങ്ങാനീര് പുരട്ടി ഉണക്കുക. പിന്നീട് സാധാരണപോലെ അലക്കിയെടുക്കാം.

 Content Highlights: Easy Tips For Cleaning, Household tips