
Photo Gettyimages.in
കലാവാസനയും അകത്തളച്ചെടികൾ വളർത്തുന്നതിനെക്കുറിച്ചുള്ള സാങ്കേതിക അറിവും ഉണ്ടെങ്കിൽ മേശപ്പുറത്തിന് അഴകേകും ചെറുപൂന്തോട്ടങ്ങൾ നിർമിക്കാം. ഇത്തരം പൂന്തോട്ടനിർമാണം ആനന്ദത്തോടൊപ്പം ആദായവും നൽകുന്നു. സ്ഫടികപ്പാത്രങ്ങളിൽ ഒരുക്കുന്നവയ്ക്ക് ഓപ്പൺ ടറേറിയം എന്നും മറ്റുതരം ചെറുചട്ടികളിൽ ഒരുക്കുന്നതിന് ഡിഷ് ഗാർഡൻ എന്നും വിളിക്കുന്നു. മരുഭൂമിയുടെ പ്രതീതി അല്ലെങ്കിൽ മഴക്കാടിന്റെ ഒരുചെറുരൂപം തീൻമേശപ്പുറത്തു കൊണ്ടുവരാൻ ഉതകുന്ന ഒന്നാണ് ഈ തോട്ടങ്ങൾ. ഇത്തരം തോട്ടങ്ങൾ കാല്പനികതയുടെ ഒരു ലോകംതന്നെ സൃഷ്ടിക്കുന്നു.
നിർമാണം
കാലാവസ്ഥയും വെയിലിന്റെ ലഭ്യതയും അനുസരിച്ച് ചെടികൾ തിരഞ്ഞെടുക്കാം. കറ്റാർവാഴ ഇനത്തിൽപ്പെട്ട അലോസ്, ഫിലോഡെൻഡ്രോൺ, ഫിറ്റോണിയ, കള്ളിമുൾച്ചെടികൾ മുതലായവ ഇതിനായി ഉപയോഗിക്കാം. ചെടികളുടെ ആകർഷണീയത നഷ്ടപ്പെടാത്ത തരത്തിൽ ചട്ടികൾ തിരഞ്ഞെടുക്കാം. ദ്വാരങ്ങൾ ഇല്ലാത്ത ചട്ടികളാണ് വേണ്ടത്.
ചട്ടികളിൽ പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതിനുമുമ്പ് താഴ്ഭാഗം ചരലോ ചെറിയ പാറക്കഷണങ്ങൾകൊണ്ടോ നിറയ്ക്കണം. വളർത്താൻ ഉദ്ദേശിക്കുന്ന ചെടികൾ അനുസരിച്ചുള്ള വളർച്ചമാധ്യമം വേണം നിറയ്ക്കാൻ. ഈർപ്പം വേണ്ടാ.
മണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തിൽ ചേർത്ത മിശ്രിതംമതി. എന്നാൽ, മരുഭൂമിയെ പ്രതിനിധാനംചെയ്യുന്നതരം തോട്ടങ്ങൾ കള്ളിമുൾച്ചെടികളെല്ലാം വെച്ച് ഒരുക്കാൻ മണൽ കൂടുതലുള്ള മിശ്രിതം വേണം. തിരഞ്ഞെടുക്കുന്ന ചെടികൾ വളരെ പതുക്കെ വളരുന്നവയും അധിക പരിചരണം ആവശ്യമില്ലാത്തവയും ആകണം. വേരുപിടിപ്പിച്ച ചെടികൾ നട്ടതിനുശേഷം വർണമണ്ണോ ചെറിയ ഉരുളൻകല്ലുകളോ നിരത്തി ചട്ടികൾ അലങ്കരിക്കാം.
പരിപാലനം
നനയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ആവശ്യത്തിനുമാത്രം ജലം ഇലകളിൽ വീഴാതെ തുള്ളിയായി ചെടികളുടെ ചുവട്ടിൽ നൽകണം. വേനൽസമയം രണ്ട്-മൂന്നു ദിവസം കൂടുമ്പോൾ നനയ്ക്കണം. കമ്പോസ്റ്റിന് പകരം ട്രൈക്കോഡെർമ സമ്പുഷ്ടികരിച്ച ചാണകപ്പൊടി (1:90:10 ട്രൈക്കോഡെർമ, ചാണകം, വേപ്പിൻ പിണ്ണാക്ക്) ഉപയോഗിച്ചാൽ രോഗപ്രതിരോധശേഷി കൂടും. വിവരങ്ങൾക്ക്: 9446616449.
Content Highlights: dish garden terrarium garden ,gardening tips, landscape ideas,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..