ന്ത്യയുടെ വ്യവസായ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരുകളിലൊന്നാണ് ധീരുബായ് അംബാനിയുടേത്. 1932 ഡിസംബര്‍ 28-ന് ജനിച്ച അദ്ദേഹം യെമനില്‍ ചെറിയൊരു സ്ഥാപനം തുടങ്ങിയാണ് ബിസിനസ് രംഗത്തേക്ക് എത്തിയത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന കഠിനാധ്വാനമാണ് റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് എന്ന സ്ഥാപനത്തിന്റെ പിറവിക്ക് കാരണം. ഒറ്റ മുറിയില്‍ തുടങ്ങിയ സ്ഥാപനമാണ് ഇന്ന് ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ബിസിനസ് സംരംഭമായി മാറിയത്. 

ഗുജറാത്തിലെ ചോര്‍വാഡില്‍ സ്ഥിതി ചെയ്യുന്ന ധീരുബായ് അംബാനിയുടെ തറവാട് വീട് അദ്ദേഹത്തിന്റെ ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്നു. ഇന്ന് സ്മാരകമായി നിലനിര്‍ത്തിയിരിക്കുകയാണ് ഈ വീട്. ധീരുബായ് അംബാനി ഫൗണ്ടേഷനാണ് ഈ വീടിന്റെ നടത്തിപ്പ് ചുമതല. അമിതാബ് ടിയോഷിയ ഡിസൈന്‍സ് ആണ് ലാന്‍ഡ്‌സ്‌കേപ്പിന്റെ ഡിസൈനിങ് നടത്തിയിരിക്കുന്നത്. വീടിന്റെ പുനഃരുദ്ധാരണ പണികള്‍ നടത്തിയത് പ്രമുഖ സ്ഥാപനമയ അഭിക്‌റാം ആണ്. 

100 വര്‍ഷം പഴക്കമുള്ളവീട് പുതുക്കിപണിയുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വീടിന്റെ യഥാര്‍ത്ഥരൂപം നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുനഃരുദ്ധാരണം. രണ്ട് ഭാഗങ്ങളായി ഈ വീടിനെ തിരിച്ചിട്ടുണ്ട്. ഒന്ന് സ്വകാര്യ ഉപയോഗത്തിനും രണ്ടാമത്തത് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നു. സ്വകാര്യ ഇടമായി സൂക്ഷിച്ചിരിക്കുന്ന ഭാഗം ധീരുബായ് അംബാനിയുടെ ഭാര്യ കോകിലബെന്‍ ഇപ്പോഴും സന്ദര്‍ശിക്കാറുണ്ട്. വീടിന്റെ പൂന്തോട്ടവും ഇപ്രകാരം രണ്ടായി തിരിച്ചിരിക്കുന്നു.  ഗാര്‍ഡന്‍ ഏരിയ പബ്ലിക് ഏരിയ ആയും രണ്ട് സ്വകാര്യ ഇടമായും വീണ്ടും തിരിച്ചിരിക്കുന്നു. ഒന്ന് കോര്‍ട്ട് യാര്‍ഡും മറ്റേത് കമുകുകളും തെങ്ങുകളും സമൃദ്ധമായി വളരുന്ന തൊടിയായും നിലനിര്‍ത്തിയിട്ടുണ്ട്.

സ്വകാര്യ കോര്‍ട്ട് യാര്‍ഡിലാണ് ചരിത്രപരമായ അവശേഷിപ്പുകള്‍ നിലനിര്‍ത്തിയിരിക്കുന്നത്. പൂന്തോട്ടങ്ങളുടെയും വീടിന്റെയും യഥാര്‍ത്ഥ പ്രൗഢി നിലനിര്‍ത്താന്‍ ചില ഘടകങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. പൂന്തോട്ടത്തില്‍ നേരത്തെയുണ്ടായിരുന്ന ചെടികളും മരങ്ങളും അതേപടി നിലനിര്‍ത്തി.

വഴിയുടെ ഇരുവശത്തുമായി വളര്‍ന്നുനില്‍ക്കുന്ന തെങ്ങും കമുകും നിറഞ്ഞ തോട്ടമാണ് വീട്ടിലേക്ക് വരുമ്പോള്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ഈ വഴി വീടിനോട് ചേരുന്ന ഭാഗത്ത് ഭംഗിയേറിയ താമരക്കുളം ഒരുക്കിയിട്ടുണ്ട്. 

വീടിന്റെ ഭിത്തികള്‍ പഴയപടി തന്നെ  തന്നെയാണ് ഇപ്പോഴുമുള്ളത്‌. ഭിത്തിയില്‍ പടര്‍ന്നു കയറി നില്‍ക്കുന്ന ചെടികളും ഇവിടെയെത്തിയാല്‍ കാണാം.

Content highlights: dhirubhai ambani ancestral home, gujarat chorwad, turns memorial