പ്രായമായവർക്ക് വീടുകൾ ഒരുക്കുമ്പോൾ ഒട്ടേറെക്കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. എപ്പോഴും അവരെ നിരീക്ഷിക്കാനുള്ള കാമറ മുതൽ പലതരം അലാറങ്ങളും, സെൻസറുകളും എല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിനൊപ്പം തെന്നിവീഴാത്ത തറയും പിടിച്ചു നടക്കാനുള്ള ഹാൻഡിലുകളുമടക്കം സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലതാനും.

1. ഫ്‌ളോറിങ്ങിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഗ്ലോസി ഫിനിഷുള്ള ഫ്‌ളോറുകൾ ഒഴിവാക്കി മാറ്റ് ഫിനിഷ്, സെമി മാറ്റ് ഫിനിഷുള്ള ഫ്‌ളോറുകളാണ് നല്ലത്. തെന്നി വീഴാതെ നടക്കാനും വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുമ്പോൾ വഴുതിപ്പോകാതിരിക്കാനും എല്ലാം നല്ലത് ഇത്തരം ഫ്‌ളോറുകളാണ്. ഫ്‌ളോറിങ്ങിൽ കാർപ്പെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. നടക്കുമ്പോൾ കാലിലോ സ്റ്റിക്കിലോ ഒക്കെ ഇവ തടയാനും വീഴാനും സാധ്യതയുണ്ട്.

2. ബാത്ത് റൂമിലും റഫ് മിക്‌സുള്ള ടൈലുകൾ ഉപയോഗിക്കണം. മിനുസമുള്ള തറ പാടില്ല. ടോയിലറ്റിന് സമീപം പിടിച്ച് ഇരിക്കാനും എഴുന്നേൽക്കാനും ഹാൻഡ് റസ്റ്റുകൾ നൽകാറുണ്ട്. ബാത്ത് റൂമിൽ ഷവർ ഹെഡ് കൊടുക്കുമ്പോൾ ഹാൻഡ് ഷവറുകളാണ് നല്ലത്. ഇരുന്ന് കുളിക്കുന്നവർക്ക് കൈകാര്യം ചെയ്യാൻ എളുപ്പം ഹാൻഡ് ഷവറുകളാണല്ലോ. ബാത്ത് റൂമിൽ ചൂട് വെള്ളവും തണുത്ത വെള്ളവും ലഭിക്കാൻ ഡൈവേർട്ടറാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പ്രായമായവർക്ക് അത് മനസ്സിലാകണമെന്നില്ല, പകരം രണ്ടും രണ്ട് ടാപ്പ് തന്നെ നൽകുന്നതാണ് ഉത്തമം.  

3. ഡ്രോയറുകൾ എല്ലാം ചെസ്റ്റ് ഡ്രോയറുകളാണ് നൽകുന്നത്. നിവർന്ന് നിന്ന് തന്നെ സാധനങ്ങൾ വയ്ക്കാനും എടുക്കാനും കഴിയുന്ന വിധമാകണം ക്രമീകരണം.

4. ഫർണിച്ചറുകൾ അറേഞ്ച് ചെയ്യുമ്പോൾ ഇവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താത്ത വിധം വേണം മുറി ഒരുക്കുവാൻ. മുറിയിലെ ഓരോ സാധനങ്ങളും തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കണം. വാക്കറിലോ വീൽചെയറിലോ പിടിച്ച് മാത്രം നടക്കുന്നവർക്ക് പോലും ശരിയായി സഞ്ചരിക്കാനും പെരുമാറാനുമുള്ള ഇടം ഒരുക്കി വേണം വീട് നിർമിക്കാൻ. ബെഡ് സ്വിച്ചുകളും റൂമിലെ മറ്റ് സ്വിച്ചുകളും പെട്ടെന്ന് കൈകാര്യം ചെയ്യാൻ പറ്റുന്ന വിധത്തിൽ ഘടിപ്പിക്കുക.

5. സ്‌മോക്ക് ഡിക്ടറ്റർ, ഫയർ അലാറം, ബർഗ്ലർ അലാറം, പുറത്തെ വാതിലിന് മുന്നിലായി സിസി ടിവി കാമറ, വാതിലിന് എളുപ്പത്തിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന പൂട്ടുകൾ, വിൻഡോ ലോക്കുകൾ എന്നിവയും പ്രായമായവരുടെ മുറികളിൽ ഒരുക്കാം.

6. ധാരാളം വെളിച്ചവും വായുവും ലഭിക്കുന്ന വിധം വലിയ ജനാലകളും വെന്റിലേഷനും നൽകാം. വീടിന് ഓപ്പൺ സ്‌പേസുകൾ നൽകാം. പ്രായമായവർ കൂടുതൽ സമയവും ചെലവഴിക്കുന്നത് വീടിനുള്ളിലാണെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

women
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

7. വാം ലൈറ്റുകൾ നൽകരുത്. കൂൾ ലൈറ്റുകളാണ് പ്രായമായവരുടെ വീടുകൾക്ക് യോജിച്ചത്. വീടിന് നിറം നൽകുമ്പോഴും കൂൾ ഫീൽ നൽകുന്ന പെയിന്റുകൾ തിരഞ്ഞെടുക്കാം. ബ്ലൂ, പിസ്തഗ്രീൻ, ആഷ്, വൈറ്റ് തുടങ്ങിയ നിറങ്ങൾ പരീക്ഷിക്കാം.

8. വീടിനുള്ളിൽ പല ലെവലുകൾ പണിയുന്നത് ഒഴിവാക്കി ഒറ്റനിരപ്പിൽ പണിയുന്നതാണ് നല്ലത്. കയറി ഇറങ്ങി നടക്കേണ്ടി വരുന്നത് ഒഴിവാക്കാം. ഭിത്തിയിൽ കൈപിടിച്ച് നടക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്തരത്തിൽ മുറിയിലെ ഫർണിച്ചറുകളും സ്വിച്ച് ബോർഡും എല്ലാം അറേഞ്ച് ചെയ്യാം.

9. കട്ടിലിന്റെ ഉയരം ഒരുപാട് കൂടാനോ തീരെ താഴെയാവാനോ പാടില്ല. കട്ടിലിൽ നിന്ന് പിടിച്ചെഴുന്നേൽക്കാനുള്ള സൈഡ് ബീഡിങ് വച്ചു നൽകാം. ചെയറുകൾ ഹാൻഡ് റെസ്റ്റും ബായ്ക്ക് റെസ്റ്റും ഉള്ളവ വേണം നൽകാൻ.

10. അടുക്കളയിലും ചെസ്റ്റ് ഡ്രോയറുകൾ നൽകണം. അതുപോലെ എല്ലാ സാധനങ്ങളും കൈയെത്തുന്ന ദൂരത്ത് എടുക്കാൻ കഴിയുന്നതുപോലെ വേണം ക്രമീകരിക്കാൻ. ഡ്രോയറുകൾക്ക് വാതിലുകൾ ഒഴിവാക്കി പകരം പുൾ ഔട്ടുകളാണ് നല്ലത്.  

11. സ്റ്റൗവും സിങ്കും എല്ലാം ഒരേനിരയിൽ അടുത്ത് അടുത്ത് നൽകുന്നതാണ് ഉത്തമം. ഐലൻഡ് കൗണ്ടറുകൾ പോലുള്ളവ ഒഴിവാക്കി അടുക്കളയിലും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാം. അടുക്കളയിൽ നല്ല വെളിച്ചം ലഭിക്കുന്ന വിധം ബ്രൈറ്റ് ലൈറ്റുകൾ ഘടിപ്പിക്കാം. അടുക്കളയിലും കൂൾ കളറുകൾ നൽകാം.  

12. വീടിനുള്ളിൽ സ്വിച്ചുകൾ നൽകുമ്പോൾ വലിയ സ്വിച്ചുകൾ നൽകാം. പെട്ടെന്ന് കാണാനും മനസ്സിലാക്കാനും വലിയ സ്വിച്ചുകളാണ് നല്ലത്. വിപണിയിൽ ഓൾഡ് ഏയ്ജ് ഫ്രണ്ട്ലി സ്വിച്ചുകൾ ലഭിക്കും.

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Design tips for elderly-friendly homes