മോക്ഷം കിട്ടാത്ത ആത്മാക്കള്‍ പ്രേതങ്ങളായി ഭൂമിയില്‍ അലയുമെന്ന സങ്കല്‍പ്പത്തിനെ ചോദ്യം ചെയ്യാതെ പേടിക്കുന്നവരാണ് ഭൂരിപക്ഷം ഇന്ത്യക്കാരും. വെള്ള സാരിയുടുത്ത് മുടി വിടര്‍ത്തിയിട്ട സുന്ദരിമാരുടെയും വികൃതമായ, ചോരയൊലിപ്പിക്കുന്ന ഭീകര മുഖമുള്ള പുരുഷന്‍മാരുടെയും നിറം പിടിപ്പിച്ച കഥകള്‍ ഭയത്തിന്റെ പുകമറക്കുള്ളില്‍ നിന്ന് എത്തി നോക്കാറുണ്ട്. ദുര്‍മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ചും. രണ്ട് വര്‍ഷം മുമ്പ് 2018 ജൂലൈ ഒന്നിന് ഡല്‍ഹിയില്‍ നിന്നെത്തിയ ഒരു വാര്‍ത്ത് ആരെയും ഞെട്ടിക്കുന്നതായിരുന്നു. ദില്ലിയിലെ ബുറാഡിയിലുള്ള ഭാട്ടിയ ഹൗസില്‍ വീട്ടിലെ 11 പേര്‍ ഒന്നിച്ചു തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു എന്നതായിരുന്നു വാര്‍ത്ത. ഭാട്ടിയ ഹൗസിലെ പുതിയ താമസക്കാരന്‍ മോഹന്‍ കശ്യപിനെ കാണാന്‍ പോവുമ്പോള്‍ അങ്ങനെയോരോ ചിന്തകളായിരുന്നു മനസ്സില്‍.
ജനുവരി ആദ്യത്തില്‍ ദില്ലിയില്‍ എത്തിയ സമയത്തു തന്നെയാണ് ഭാട്ടിയ ഭവനത്തില്‍ പുതിയ വാടകക്കാരന്‍ വന്ന വാര്‍ത്ത വായിച്ചതും. ഒന്ന് പോയി നോക്കാമെന്നു തീരുമാനിച്ചു. വഴി ചോദിച്ചപ്പോള്‍ ഗൂഗിള്‍ പറഞ്ഞു ,ഞാന്‍ താമസിക്കുന്ന പട്ടേല്‍ നഗറില്‍ നിന്ന് അധികദൂരമൊന്നുമില്ല അവിടേക്കെന്ന്. ഗുരു തേജ് ബഹാദൂര്‍ നഗര്‍ (GTB ) മെട്രോ സ്റ്റേഷനില്‍ ഇറങ്ങി ഒരു നാലഞ്ചു കിലോമീറ്റര്‍ പോയാല്‍ ബുറാഡിയില്‍ എത്താം. മെട്രോ സ്റ്റേഷനില്‍ തന്നെ ഒരാളോട് ബുറാഡി സംഭവം നടന്ന വീടിനെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ അറിയില്ലെന്ന് പറഞ്ഞെങ്കിലും ബുറാഡിയിലേക്ക് പോകുന്ന 'ഗ്രാമീണ്‍ സേവ'യുടെ ഷെയര്‍ ഓട്ടോ കാണിച്ചു തന്നു. അപ്പോഴാണ് കൗതുകം നിറഞ്ഞ രണ്ടു കൗമാരക്കണ്ണുകള്‍ ഞങ്ങളെത്തന്നെ നോക്കുന്നത് കണ്ടത്. ഭാട്ടിയ ഭവനത്തിന്റെ ഫോട്ടോ അവനെ കാണിച്ചു. അവനറിയാം..നേരെ വണ്ടിയില്‍ കയറി. 'ചലോ ബുറാഡി! ചലോ ഭാട്ടിയ ഭവന്‍!'

തിരക്കേറിയ വിശാലമായ ഒരു ജംഗ്ഷനില്‍ എത്തിയപ്പോള്‍ പയ്യന്‍ പറഞ്ഞു, 'യഹി ഹേ മാഡംജി'അവന്‍ തന്നെ പറഞ്ഞു ഓട്ടോ നിര്‍ത്തിച്ചു.വഴിയുടെ മറുവശത്തേക്ക് കൈ ചൂണ്ടി 'അഗര്‍വാള്‍ സ്വീറ്റ്‌സ് 'എന്ന വലിയ ബോര്‍ഡ് കാണിച്ചു. അതിനടുത്താണ് മാധ്യമങ്ങള്‍ 'ബുറാഡി ഡെത്ത്‌സ് 'എന്ന് പേരിട്ട ദുര്‍മരണങ്ങള്‍ നടന്ന ബില്‍ഡിങ്. നിരാശയായിപ്പോയി. ദുരൂഹത നിറഞ്ഞ, ഒറ്റപ്പെട്ട ഒരു ഭാര്‍ഗവി നിലയം പ്രതീക്ഷിച്ച എനിക്ക് മുന്നില്‍ കണ്ടത് പ്രത്യകതകളൊന്നുമില്ലാത്ത, ഒരു ശരാശരി ഉത്തരേന്ത്യന്‍ കോണ്‍ക്രീറ്റ് പീടിക കെട്ടിടം. മുകളില്‍ വലിച്ചു കെട്ടിയ ഫ്‌ളെക്‌സില്‍ 'ധ്രുവ് ഡയഗ്‌നോസ്റ്റിക്‌സ്' പുതിയ ബില്‍ഡിങ്ങിലേക്ക് മാറ്റിയതായി ഹിന്ദിയില്‍ എഴുതിയിരിക്കുന്നു.
ദല്‍ഹി സംസ്ഥാനത്തിന്റെ വടക്കുള്ള ഒരു പഴയ നഗരമാണ് ബുറാഡി. പണ്ട് ശ്രീകൃഷ്ണന്‍ കാലി മേയ്ക്കാന്‍ വന്നിരുന്ന കാലത്ത് ഈ സ്ഥലം മുരാരി ആയിരുന്നു എന്നും മുഗള്‍ കാലഘട്ടത്തില്‍ പേര് ബുറാഡി എന്ന് മാറ്റിയെന്നും ഒരു ഉപകഥയുണ്ട്. ബുറാഡിയിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റാണ് സന്ത്‌നഗര്‍ മാര്‍ക്കറ്റ്. സന്ത് നഗര്‍ മാര്‍ക്കറ്റിന്റെ ഓരം ചേര്‍ന്ന് തൊട്ടു തൊട്ടു നില്‍ക്കുന്ന വീടുകള്‍ക്കും കടകള്‍ക്കും ഇടയിലെ രണ്ടു നില കെട്ടിടം. അവിടെയാണ് 11 പേര്‍ 2018 ജൂലൈയില്‍ ഒരേ രാത്രിയില്‍ അതി ദുരൂഹമായി മരണം വരിച്ചത് എന്നത് വിശ്വസിക്കാന്‍ ആദ്യം പ്രയാസം.
77 വയസായ നാരായണ്‍ ദേവി എന്ന അമ്മൂമ്മ, അവരുടെ രണ്ടു ആണ്‍മക്കള്‍, ഒരു മകള്‍, രണ്ടു മരുമക്കള്‍, 14 മുതല്‍ 33 വരെ പ്രായമുള്ള അഞ്ചു പേരക്കുട്ടികള്‍; അവരാണ് ആ പതിനൊന്നു പേര്‍. രാവിലെ വൈകിയിട്ടും ആരെയും പുറത്തു കാണാത്തതിനാല്‍ ഒരു അയല്‍ക്കാരന്‍ തുറന്നു കിടന്ന വാതിലിലൂടെ കയറി നോക്കിയപ്പോള്‍ വീടിന്റെ മുകള്‍ നിലയില്‍ സീലിങ്ങില്‍ ഉള്ള ഇരുമ്പു വലയില്‍ കെട്ടിത്തൂക്കിയ നിലയില്‍ 10 പത്തു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അടുത്ത മുറിയില്‍ കട്ടിലില്‍ മരിച്ച നിലയില്‍ നാരായണ്‍ ദേവിയെയും കണ്ടു. മൃതദേഹങ്ങളുടെ കണ്ണും വായയും ടേപ്പ് കൊണ്ട് മൂടിയിരുന്നു. വീട്ടിലെ അരുമയായ നായയ്ക്ക് മയക്കു മരുന്ന് കൊടുത്ത് കിടത്തിയിരുന്നു. കൂട്ടമരണത്തെ തുടര്‍ന്ന് അനാഥനായ നായയെ ഒരു അയല്‍ക്കാരന്‍ കൂട്ടികൊണ്ടു പോയി; എങ്കിലും ഒരാഴ്ചക്കകം അതും ചത്തു.
22 വര്‍ഷമായി ബുറാഡിയില്‍ സ്ഥിര താമസക്കാരായിരുന്നു രാജസ്ഥാന്‍ സ്വദേശികളായ ഭാട്ടിയ കുടുംബം. വീടിനടുത്തു തന്നെ പലചരക്ക് കടയും പ്ലൈവുഡ് കടയും നടത്തിയിരുന്നു. രാവിലെ ആറു മണിക്ക് തന്നെ തുറക്കുകയും രാത്രി ഏറ്റവും അവസാനം അടയ്ക്കുകയും ചെയ്യുന്നതായിരുന്നു ഭാട്ടിയ യുടെ പലചരക്കു കട. മാത്രമല്ല അത്യാവശ്യക്കാര്‍ക്ക് ഏതു സമയത്തും കട തുറന്ന് സാധനങ്ങള്‍ കൊടുക്കുന്നവരുമായിരുന്നു. എല്ലാവര്‍ക്കും മുന്നില്‍ സംതൃപ്തിയോടെയും സന്തോഷത്തോടെയും കാണപ്പെട്ടിരുന്നു ഭാട്ടിയ കുടുംബം. എല്ലാവരും കൂടി ഒരുമിച്ചു മരിക്കേണ്ടതായ എന്തെങ്കിലും സാഹചര്യം ഉണ്ടായതായി അവരുടെ അയല്‍ക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവില്ല. കൂടാതെ 33 കാരിയായ പേരമകള്‍ പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
കൂട്ടമരണത്തെപ്പറ്റി അന്വേഷണം നടത്തിയ പൊലീസിനും പുറത്തു നിന്നുള്ള ആരുടേയും ഇടപെടല്‍ ഈ കേസില്‍ കണ്ടെത്താനായില്ല. അപൂര്‍വമായ കേസുകളില്‍ അതിന്റെ കാരണം കണ്ടെത്താന്‍ നടത്തുന്ന മനഃശാസ്ത്ര പോസ്റ്റ് മോര്‍ട്ടം അഥവാ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്തണമെന്ന് ഡല്‍ഹി പോലീസ് സി. ബി.ഐ യോട് ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള മാന്ത്രിക ആചാരത്തിനിടെ സംഭവിച്ച അപകടമാണ് മരണകാരണമെന്നും ഇവരാരും തങ്ങള്‍ മരിക്കുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും മനഃശാസ്ത്ര പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതൊരു ഷെയേര്‍ഡ് സൈക്കോസിസ് എന്ന മാനസികാവസ്ഥയെ തുടര്‍ന്നുള്ള കൂട്ട ആത്മഹത്യ ആവാമെന്നും അനുമാനിക്കപ്പെട്ടു. അവസാനം അന്വേഷണം നിര്‍ത്തി വെക്കുകയാണ് പോലീസ് ചെയ്തത്.
ഞങ്ങള്‍ മെയിന്‍ റോഡില്‍ നിന്നുള്ള തെരുവിന്റെ തുടക്കത്തില്‍ വലതു വശത്ത് ചെണ്ടുമല്ലിപ്പൂക്കള്‍ അലങ്കരിച്ച വാതിലിനു മുന്നില്‍ എത്തി. മുകളില്‍ വലിയ ബോര്‍ഡ് 'ധ്രുവ് ഡയഗ്‌നോസ്റ്റിക്‌സ്'. തെരുവിലേക്ക് തുറക്കുന്ന മുന്‍വാതില്‍ കടന്ന് അകത്തേക്ക് കയറുമ്പോള്‍ത്തന്നെ, പട്ടാപ്പകലും നേരിയ ഒരു പേടി വന്നെന്നെ മൂടുന്നത് പോലെ തോന്നി. ഓടിവന്ന് എത്തിനോക്കിയ കുഞ്ഞുചിരിയോട് അച്ഛനെ തിരക്കിയപ്പോള്‍ പാപ്പാ എന്ന് വിളിച്ചു കൊണ്ട് അവന്‍ അകത്തേക്കോടി. രണ്ടു മിനിറ്റിനകം ഉള്ളില്‍ നിന്ന് അവന്റെ പാപ്പ എത്തി. ആളുകള്‍ ഭയപ്പെട്ടും ആശങ്കപ്പെട്ടും ഉപേക്ഷിച്ചു കിടന്ന ആ ഹൊറര്‍ ഹൗസില്‍ താമസിക്കാന്‍ ധൈര്യം കാണിച്ച ആള്‍.

ഫോട്ടോ: സാബു സ്‌കറിയ
പത്രവാര്‍ത്തകളില്‍ വായിച്ച ധൈര്യശാലിയായ ഡോക്ടറെ നേരില്‍ കാണുകയാണ്. അല്പം തടിച്ചിട്ട് ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍. നിറവും രൂപവും ഒക്കെ കണ്ടാല്‍ ഒരു തമിഴ് കന്നഡ ലുക്ക് ആണ്. കണ്ണില്‍ ആകാംക്ഷ. പുറത്തു വരാന്‍ മടിക്കുന്ന ഒരു പുഞ്ചിരി ചുണ്ടിന്റെ കോണില്‍. മൊത്തത്തില്‍ പരിചയക്കുറവ് തോന്നിയതിനാല്‍ ഡോക്ടര്‍ എന്ന് തന്നെ സംബോധന ചെയ്തു.'മാഡംജി, മേ കോയി ഡോക്ടര്‍ നഹി ഹൂം. മേ തോ ബി എസ് സി, എം എല്‍ ടി പഠാ ഹുവാ ലാബ് ടെക്‌നിഷ്യന്‍ ഹേ' എന്ന് അദ്ദേഹം. (മാഡം, ഞാന്‍ ഡോക്ടര്‍ അല്ല BSc MLT പഠിച്ച ലാബ് ടെക്‌നിഷ്യന്‍ ആണ്) ചെന്ന കാര്യം പറയുമ്പോള്‍ കാമറ ഒന്നും വേണ്ടെന്ന് തുടക്കം.
വീടിന്റെ മുന്‍ഭാഗം പൂമാലകള്‍ കൊണ്ട് അലങ്കരിച്ചത് മാറ്റിയിട്ടില്ല. അകത്തു ഭഗവാന്റെ ചിത്രത്തിലും മാലയിട്ടു വച്ചിട്ടുണ്ട്. ഭയം കൂടാതെ ഇങ്ങനെ ഒരു വീട്ടില്‍ താമസിക്കാന്‍ എത്തിയ ആള്‍ ഒരു യുക്തിവാദി ആണോ എന്ന ചോദ്യത്തിന് ഉത്തരം ആദ്യമേ കിട്ടിയത് എളുപ്പമായി. രണ്ടാഴ്ചയെ ആയിട്ടുള്ളൂ ഇങ്ങോട്ട് മാറിയിട്ട്. ഉള്‍ത്തളങ്ങളില്‍ പെയിന്റ് മണം തങ്ങി നില്‍ക്കുന്നു. ലാബിന്റെ ആവശ്യത്തിന് ഒരുക്കിയ താഴത്തെ നിലയില്‍ ചില ഇന്റീരിയര്‍ ജോലികള്‍ നടക്കുന്നുണ്ട്. മഞ്ഞുകാലം ആയതിനാല്‍ ആളുകള്‍ കുറവാണ്.

ഭാര്യ കൃഷ്ണയും 11 വയസുള്ള മാന്യ, 9 വയസുള്ള ധ്രുവ്, 6 വയസുകാരി നേദ്യ എന്നീ മക്കളുമാണ് മോഹനെ കൂടാതെ ആ വീട്ടില്‍ ഉള്ളത്. ഭാര്യയെ പറ്റി ചോദിച്ചു കൊണ്ട് അകത്തേക്ക് ഞാന്‍ ഒന്ന് പാളി നോക്കിയെങ്കിലും 'അവര്‍ മുകള്‍ നിലയിലെ മുറിയില്‍ ആണ്, ഇറങ്ങി വരാന്‍ മടിയാണ്' എന്ന് മോഹന്‍. ഭാര്യ വീട്ടമ്മയാണോ എന്ന് ചോദിച്ചപ്പോള്‍ 'അവരും എന്റെ പോലെ BSc MLT പഠിച്ചിട്ടുണ്ട്. ബിസിനസ് പുരോഗമിക്കുമ്പോള്‍ അവര്‍ക്കും നിങ്ങളുടെ കൂടെ ജോലി ചെയ്യാമല്ലോ എന്ന് ഞാന്‍ ലോഹ്യം പറഞ്ഞപ്പോള്‍ 'കര്‍ സക്തി ഹേ'എന്ന് അദ്ദേഹം അനുകൂലിച്ചു.
ന്യൂ ഇയര്‍ എങ്ങനെയുണ്ടായിരുന്നു എന്ന് മോളോട് ചോദിച്ചപ്പോള്‍ വെറുതെ തലയാട്ടി ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ അവള്‍. കൂട്ടുകാരൊക്കെ നിങ്ങളെ എന്തെങ്കിലും പറഞ്ഞു പേടിപ്പിക്കാറുണ്ടോ? 'ഇല്ല, ഇത് ഞങ്ങള്‍ എല്ലാവരും മുമ്പ് തന്നെ ട്യൂഷന് വന്നിരുന്ന വീടാണ്. ഇവിടെ ഉള്ളവര്‍ ഒക്കെ ഞങ്ങള്‍ക്ക് അറിയാവുന്നവര്‍ ആണ്', അവള്‍ പറഞ്ഞു.'ഹമാരെ ട്യൂഷന്‍ ദീദി ഓര്‍ ഇഥര്‍ കാ കുത്താ ബഹുത് പ്യാരേ ഥെ'എന്ന് കുഞ്ഞു സങ്കടം.(ട്യൂഷന്‍ ചേച്ചിയും ഇവിടത്തെ പട്ടിയും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു ).
ഭാര്യയും കുട്ടികളും പുതിയ വീട്ടില്‍ വളരെ സന്തുഷ്ടരാണെന്നു മോഹന്‍ എടുത്തു പറഞ്ഞു. വാടക എത്രയാണെന്ന ചോദ്യത്തിന് 'നഹി ബതാ സക്‌തെ'എന്ന് മോഹന്‍ നിഷേധ ഭാവത്തില്‍ തലയാട്ടി.പുറത്തു നിന്ന് കുറച്ചു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞിറങ്ങിയ എന്റെ സുഹൃത്ത് തിരിച്ചു അകത്തേക്ക് തന്നെ വന്നു. പിന്നാലെ, എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്നൊക്കെ ദേഷ്യത്തില്‍ ചോദിച്ചു കൊണ്ട് രണ്ടു പേരും. മോഹന്‍ അവരെ സമാധാനിപ്പിച്ചു വിട്ടു. ഫോട്ടോ എടുക്കാമോ എന്ന ചോദ്യത്തിന് മനസില്ലാമനസോടെയാണ് മോഹന്‍ സമ്മതിച്ചത്. ഭാര്യയെയോ കുട്ടികളെയോ ഫോട്ടോ എടുക്കാന്‍ സമ്മതിച്ചതുമില്ല.
വീട്ടില്‍ ജോലിക്ക് വന്നിരുന്ന രണ്ടുമൂന്നു പേര്‍ ഞങ്ങളുടെ സംസാരം മുഴുവനും ശ്രദ്ധിച്ചുകൊണ്ട് അടുത്ത് നില്‍ക്കുന്നുണ്ട്... ''ഈ ആളുകള്‍ മുമ്പ് ഇവിടെ താമസിച്ചിട്ടുണ്ട്. പ്രേതഭയത്താല്‍ പോയതാണ്. അവരിപ്പോള്‍ ഇതേ വീടിന്റെ ടെറസില്‍ താമസിക്കുന്നു.''
വീടിന് ചുറ്റുമള്ളവര്‍ എല്ലാം മറന്ന് സാധാരണ ജീവിതം തുടരുകയാണ്. ഇനിയും പഴയതൊന്നും ഓര്‍മ്മിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല, പ്രേത ഭീതി സാമ്പത്തികമായി അവരെയൊക്കെ വല്ലാതെ ബാധിച്ചിരുന്നു. കച്ചവടം കുറവ്, ഓട്ടോ ടാക്‌സി ഒന്നും ഓട്ടം വരുന്നില്ല, തെരുവിന് ചീത്തപ്പേര് അങ്ങനെയങ്ങനെ. ദുര്‍ മരണങ്ങള്‍ക്ക് ശേഷം പരിസരങ്ങളില്‍ ആത്മാക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്ന പ്രചാരണത്തെ തുടര്‍ന്ന് ബുറാഡി ഭാഗത്തു നിന്ന് ചില കുടുംബങ്ങള്‍ ഒഴിഞ്ഞു പോകുകയും സ്ഥലത്തിനും വീടിനുമൊക്കെ വില കുത്തനെ താഴുകയും ചെയ്തു. അതെ സമയം പ്രേതകഥകള്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ സൃഷ്ടി ആണെന്നും ഒരു അഭ്യൂഹം പരന്നിരുന്നു. പ്രേത കഥകള്‍ പ്രചരിച്ചാല്‍ സ്ഥലത്തിനും വീടിനുമെല്ലാം വില കുറയുമെന്നും അവര്‍ കരുതി.
മരണപ്പെട്ട നാരായണ്‍ ദേവിയുടെ മകനായ ദിനേശ് ഭാട്ടിയയാണ് ഇപ്പോള്‍ വീടിന്റെ കാര്യങ്ങള്‍ നോക്കുന്നത്. അദ്ദേഹവും പാനിപ്പത്തില്‍ താമസിക്കുന്ന നാരായണ്‍ ദേവിയുടെ മറ്റൊരു മകളുമാണ് ഇനി ആ വീടിന്റെ അവകാശികള്‍. ദിനേശ് ഭാട്ടിയ വീട്ടില്‍ ചില പൂജകള്‍ നടത്തുകയും കുടുംബസമേതം അവിടെ കുറച്ചു ദിവസങ്ങള്‍ താമസിക്കുകയും ചെയ്തു.
ഇതിനിടെ ലാബില്‍ ചിലര്‍ രക്ത പരിശോധനക്ക് വരികയും മോഹന്‍ അതിന്റെ തിരക്കുകളില്‍ ആകുകയും ചെയ്തു. പുറത്തു നിന്നുള്ള ആളുകള്‍ എന്തൊക്കെയോ പറയുകയും അകത്തേക്ക് എത്തി നോക്കുകയും ചെയ്യുന്നുണ്ട്. മോഹന്‍ അസ്വസ്ഥനാകാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. വളരെ സാധാരണക്കാരനും ഒതുങ്ങിയ പ്രകൃതക്കാരനും ദൈവവിശ്വാസിയുമായ ഇയാള്‍ ഈ വീട്ടില്‍ താമസത്തിനു വന്നത് സാമ്പത്തിക ലാഭം നോക്കി മാത്രമാണോ? പ്രേതഭയവും സാമ്പത്തികലാഭവും തമ്മിലുള്ള വടംവലിയില്‍ മൂന്നു മക്കളുള്ള ഒരു മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബസ്ഥന്‍ പ്രേതഭയത്തെ അതിജീവിച്ചു എന്ന് വിശ്വസിക്കാം.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Delhi Buradia House Where 11 Of Family Were Found Hanging Now Diagnostics Lab