ലോക്ക്ഡൗണ്‍ കാലത്തെ വീടിനുള്ളില്‍ ചടഞ്ഞുകൂടിയിരുന്ന് പാഴാക്കിക്കളയാതെ സര്‍ഗാത്മകശേഷി പൊടിതട്ടിയെടുത്ത് ഉപയോഗപ്രദമാക്കുന്നവരുണ്ട്. അത്തരത്തില്‍ തന്റെ ചിത്രകല എന്ന കഴിവിനെ പുറത്തെടുത്തതായിരുന്നു ക്രിസ്റ്റന്‍ വോഗ്‌ലര്‍ എന്ന ഇരുപത്തിയൊമ്പതുകാരി. വീട്ടുകാര്‍ക്ക് ഉഗ്രന്‍ സര്‍പ്രൈസാണ് ക്രിസ്റ്റന്‍ ഒരുക്കിയത്.
അച്ഛന്‍ മൈക്കിനും അമ്മ പൗലയ്ക്കുമൊപ്പമാണ് ക്രിസ്റ്റന്റെ ലോക്ക്ഡൗണ്‍കാലം. വീട്ടിലെ ലിവിങ്‌റൂമിന്റെ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന കുടുംബചിത്രങ്ങള്‍ക്കു പകരം തന്റെ കരവിരുതില്‍ വരച്ചെടുത്ത ചിത്രങ്ങള്‍ തൂക്കുകയായിരുന്നു കക്ഷി. പക്ഷേ വീട്ടുകാര്‍ അക്കാര്യം തിരിച്ചറിഞ്ഞതാകട്ടെ പതിനൊന്നു ദിവസം കഴിഞ്ഞാണ്.
തന്റെ കയ്യിലുള്ള ക്രയോണുകളെല്ലാം വച്ച് ചുവരിലെ ഓരോ ഫോട്ടോകളുടെ സ്ഥാനത്തും അവള്‍ ആ ചിത്രങ്ങള്‍ തന്നെ വരച്ചെടുത്തു തൂക്കി. വീട്ടുകാര്‍ നടക്കാനായി പുറത്തേക്കിറങ്ങുമ്പോഴാണ് ക്രിസ്റ്റന്‍ ഓരോ ചിത്രങ്ങള്‍ മാറ്റി പകരം താന്‍ വരച്ചത് തൂക്കിയിട്ടത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധത്തില്‍ ഓരോ ദിവസം ഓരോന്ന് എന്ന നിലയ്ക്കാണ് ചിത്രങ്ങള്‍ മാറ്റിയത്.
പതിനൊന്നാമത്തെ ദിവസം ചിത്രം മാറ്റുമ്പോഴും വീട്ടുകാര്‍ കണ്ടെത്തുമോയെന്ന് ക്രിസ്റ്റന്‍ ഭയന്നിരുന്നു. ദിവസവും അഞ്ചോ ആറോ പ്രാവശ്യം ഈ ചിത്രങ്ങള്‍ക്കു മുന്നിലൂടെ കടന്നുപോയിട്ടും അവര്‍ക്കത് കണ്ടെത്താന്‍ കഴിയാതിരുന്നത് തന്റെ ആവേശം കൂട്ടുകയായിരുന്നുവെന്ന് ക്രിസ്റ്റന്‍. ബാത്‌റൂമിലും മറ്റുമിരുന്നാണ് ചിത്രങ്ങള്‍ക്ക് ഫ്രെയിം ഇട്ടിരുന്നത്.

പതിനൊന്നാം ദിവസം ചിത്രം തൂക്കുമ്പോള്‍ താന്‍ ശരിക്കും പിടിക്കപ്പെടുമെന്നാണ് കരുതിയതെന്ന് ക്രിസ്റ്റന്‍ പറയുന്നു. അവസാനത്തെ ക്രയോണ്‍ തൂക്കുന്ന സമയത്ത് അച്ഛന്‍ ഗോവണി ഇറങ്ങിവരികയായിരുന്നു. പക്ഷേ അച്ഛന്റെ കണ്ണില്‍പ്പെടാതെ താന്‍ വേഗത്തില്‍ പണിതീര്‍ത്തു. അച്ഛനും അമ്മയ്ക്കും സംഗതി ഏറെ ഇഷ്ടമായെന്നും അതാണ് തനിക്ക് ലോക്ക്ഡൗണ്‍ കാലത്ത് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന വലിയ സമ്മാനമെന്നും ക്രിസ്റ്റന്‍.

എന്തായാലും ക്രിസ്റ്റന്റെ വാള്‍ ആര്‍ട്ടിന് ആരാധകര്‍ ഏറിയിരിക്കുകയാണ്. ചുവരുകള്‍ മനോഹരമാക്കാന്‍ ഇനി യഥാര്‍ഥ ചിത്രങ്ങള്‍ക്കു പകരം ക്രിസ്റ്റന്‍ ചെയ്തതുപോലെ മനോഹരമായ ക്രയോണ്‍ ഡ്രോയിങ് ആയാലും മതിയെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
Content Highlights: Daughter Replaces Family Photos With Crayon Drawings