Representative image Photo: Design platform architects, Thrissur
വെറും ഭംഗി എന്നതിൽ നിന്ന് മാറി, ഊർജസംരക്ഷണം എന്ന ആശയം കൂടിയുണ്ട് നടുമുറ്റങ്ങൾക്കു പിന്നിൽ. പകൽ ലൈറ്റ്ഇട്ടില്ലെങ്കിലും വീട്ടിനുള്ളിൽ വെളിച്ചം വേണം. ഒപ്പം നല്ല ശുദ്ധവായുവും. നടുമുറ്റം നിർമിക്കുന്നതിനുള്ള കാരണങ്ങൾ പലതാണ്. സമ്മർദ്ദങ്ങളില്ലാതെ ശാന്തമായി ഇരിക്കാൻ പറ്റിയ സ്ഥലമായും നടുമുറ്റം മാറിക്കഴിഞ്ഞു. കോഫി കോർണർ, ഗ്രില്ലിങ് സ്പേസ് എന്നീ രീതിയിലും നടുമുറ്റം ഉപയോഗിക്കുന്നുണ്ട്.
ആവശ്യമനുസരിച്ചു നിർമിക്കാം
വലിയ വീടുകളിൽ മാത്രമല്ല, ചെറിയ വീടുകളിലും നടുമുറ്റം ഉൾക്കൊള്ളിക്കാൻ പറ്റും. ആളുകളുടെ ആവശ്യത്തിനനുസരിച്ചാണ് നടുമുറ്റം പ്ലാൻ ചെയ്യുന്നത്. ഒപ്പം സ്ഥലത്തിന്റെ പ്രത്യേകതകൂടി പരിഗണിച്ച് വേണം നടുമുറ്റം നിർമിക്കാൻ.
വീടിന് ഒരു നടത്തുളം നിർമിക്കുന്നതൊക്കെ പഴയ ട്രെൻഡാണ്. ആവശ്യത്തിനനുസരിച്ച് ഒന്നോ രണ്ടോ നടുത്തളങ്ങൾ നിർമിക്കുന്നതാണ് പുതുമ. അത് കിടപ്പുമുറിയോട് ചേർന്നോ ലിവിങ് സ്പേസിനടുത്തോ അടുക്കളയോട് ചേർന്നോ ആവാം. വായിക്കാനും യോഗ ചെയ്യാനും സ്വസ്ഥമായി ഇരിക്കാനും പറ്റിയ ഇടം. ഇതാണ് ആവശ്യമെങ്കിൽ വീട്ടിലെ ലിവിങ് സ്പേസിനോട് ചേർന്ന് നടുമുറ്റം നിർമിക്കുന്നതാവും നല്ലത്. അവിടെ കുറച്ച് ചെടികളൊക്കെ വച്ചുപിടിപ്പിച്ചാൽ മനസ്സിന് കുളിർമയും കിട്ടും. കോൺക്രീറ്റ് ഇരിപ്പിടങ്ങളും മറ്റും ഒഴിവാക്കാം.
ഇന്റീരിയറിന്റെ ഭംഗിക്കായി ലിവിങ്, ഡൈനിങ് ഭാഗങ്ങൾക്കിടയിൽ നടുമുറ്റം ഒരുക്കുന്നവരുണ്ട്. ഒരു ഗ്ലാസ്ഡോർ ഇട്ട് വേർതിരിച്ചാൽ മതി. കോഫി കോർണറായും നടുമുറ്റം ഇപ്പോൾ ഉപയോഗിക്കുന്നു. മൂന്നോ നാലോ കസേരയും ഒരു ചെറിയ ടേബിളുമിട്ടാൽ കോഫികോർണറായി. അടുക്കളയോട് ചേർന്നാണ് ബാർബിക്യൂ ഏരിയ പലപ്പോഴും നിർമിക്കുന്നത്.
ചെടികൾ തിരഞ്ഞെടുക്കുമ്പോൾ
നടുമുറ്റത്തിന്റെ വലിപ്പം നോക്കിവേണം ചെടികൾ തിരഞ്ഞെടുക്കാൻ. വലിയ നടുമുറ്റത്തേയ്ക്ക് വലുതാകുന്ന ചെടികളും ചെറിയ സ്ഥലമാണെങ്കിൽ ചെറിയ ചെടികളും തിരഞ്ഞെടുക്കാം. പുറത്ത് വയ്ക്കുന്ന ചെടികൾക്കുള്ള സംരക്ഷണം തന്നെ നടുമുറ്റത്തു വയ്ക്കുന്ന ചെടികൾക്കും നൽകണം.
പലതരം നടുത്തളങ്ങൾ
വെറ്റ്, ഗ്രീൻ, ഡ്രൈ...ഇങ്ങനെ പലതരം നടുത്തളങ്ങളുണ്ട്, ഇഷ്ടവും സൗകര്യവുമനുസരിച്ച് തിരഞ്ഞെടുക്കാം. ഗ്രീൻ കോർട്ട്യാർഡിൽ ഇഷ്ടമനുസരിച്ച് അത്യാവശ്യം വലിയ അലങ്കാരച്ചെടികളും പൂക്കൾ ഉണ്ടാകുന്ന ചെടികളും പുൽത്തകിടികളുമൊക്കെ നട്ടുവളർത്താം. മേൽക്കുരയിൽ നിന്ന് കോർട്ട് യാർഡിലേക്ക തൂങ്ങി നിൽക്കുന്നതുപോലെ അധികം പടരാത്ത വള്ളിച്ചെടികളും പിടിപ്പിക്കാം. ചെറിയ വെർട്ടിക്കൽ ഗാർഡനും ഒരുക്കാം.
ചെറിയ മത്സ്യകുളങ്ങൾ, ഇൻഡോർപ്ലാന്റ്സ് ന്നെിവയാണ് വെറ്റ് കോർട്ട്യാർഡിന്റെ പ്രത്യേകത. ഡ്രൈ കോർട്ട്യാർഡിൽ അധികം വെള്ളവും വെളിച്ചവും വേണ്ടാത്ത ചെടികളാണ് യോജിച്ചത്. ആർട്ടിഫിഷ്യൽ പുൽത്തകിടികളും വച്ചുപിടിപ്പിക്കാം.
Content Highlights:courtyard and trends, home designs and Interior
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..