താരിയയുടേത്, പങ്കാളിയായ റിവര്‍ പെയ്ജും മൂന്ന് മക്കളും ചേര്‍ന്ന സാധാരണ കുടുംബമാണ്. ഒരിക്കല്‍ താരിയയുടെ പിതാവ് ഇവരെ ഒരു ഫെസ്റ്റിവെല്‍ കാണാന്‍ കൊണ്ടുപോയി, ഒരു ക്യാംപര്‍ വാന്‍ ഫെസ്റ്റിവലായിരുന്നു അത്. അതോടെ മാറി മറിഞ്ഞത് അവരുടെ ജീവിതമാണ്. സംഭവമെന്താണെന്നോ, അന്ന് ഫെസ്റ്റിവലിലെത്തിയവരെപ്പോലെ വണ്ടിയില്‍ തന്നെ ജീവിക്കുകയും യാത്രകള്‍ ചെയ്യുകയും ചെയ്യുന്നവരുടെ ജീവിതരീതിയോട് താരിയക്കും റിവറിനും വലിയ താല്‍പര്യമായി. അത്തരമൊരു വീട് സ്വന്തമാക്കണമെന്നായി ഇരുവരുടെയും ആഗ്രഹം. 

home

ഒരു പഴയ കൗണ്‍സില്‍ ബസ്സാണ് ഇവര്‍ തങ്ങളുടെ ചലിക്കുന്ന വീടാക്കി മാറ്റിയത്. ഈ-ബേയില്‍ നിന്ന് 8000 പൗണ്ട്, അതായത് ഏകദേശം എട്ട് ലക്ഷം രൂപയ്ക്കാണ് ദമ്പതികള്‍ ഈ ബസ്സ് വാങ്ങിയത്. 7.6 മീറ്റര്‍ നീളവും എട്ട് സീറ്റുകളും നാല് വീല്‍ചെയറുകള്‍ക്കുള്ള ഇടവും ഡ്രൈവറുടെ സീറ്റിങ്ങ് ഏരിയ പ്രത്യേകവുമുള്ള ബസ്സ് അടിപൊളി വീടാക്കി മാറ്റാന്‍ ഇരുവര്‍ക്കും വേറാരുടെയും സഹായം വേണ്ടി വന്നില്ല. സ്വന്തം ഐഡികള്‍ തന്നെയാണ് ഈ മനോഹരമായ ഹൗസ് ഓണ്‍ വീല്‍സിന് പിന്നില്‍. താരിയ-റിവര്‍  ദമ്പതിമാരുടെ വീട് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. 

home

ബസ്സിന്റെ മുകള്‍ഭാഗത്തിന് അല്‍പം കൂടി ഉയരം കൂട്ടി അകം വിശാലമാക്കി. റൂഫില്‍ ആറ് സോളാര്‍ പാനലുകളും സ്ഥാപിച്ചു. ഇന്റീരിയര്‍ മക്കളായ എട്ടുവയസ്സുകാരന്‍ റോമന്‍, ആറ് വയസ്സുകാരി അരബെല്ല, പതിനെട്ട് മാസം പ്രായമുള്ള നാലു റിവര്‍ എന്നിവരുടെ ഇഷ്ടത്തിനാണ് ഒരുക്കിയത്. യൂറോപ്പില്‍ നിന്ന് ആഫ്രിക്കയിലേക്ക് ഈ വണ്ടിവീട്ടില്‍ യാത്ര ചെയ്യാനാണ് ഇവരുടെ പ്ലാന്‍. എന്നാല്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ യാത്ര തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.

home

ലെയ്‌സെസ്റ്ററിലുള്ള മൂന്നുമുറി ആധുനിക അപ്പാര്‍ട്ട്‌മെന്റ് ഉപേക്ഷിച്ചാണ് കുടുംബം ഈ ബസ്സ് വീട്ടിലേക്ക് താമസം മാറ്റിയത്. ഇരുപത്തെട്ടുകാരിയായ താരിയ കുട്ടികളുടെ ഫോട്ടോഗ്രാഫറായാണ് ജോലിചെയ്യുന്നത്. ഇരുപത്തേഴുകാരനായ റിവര്‍ ഡിസൈനറും. നാല് വര്‍ഷം കൊണ്ടാണ് ഇവര്‍ ഈ വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. ആദ്യം ഡ്രില്ല് പോലും ശരിയായി ഉപയോഗിക്കാന്‍ തങ്ങള്‍ക്കറിയില്ലായരുന്നുവെന്ന് താരിയ. എങ്കിലും ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍ഒരു തവണപോലും മറ്റാരെയും ആശ്രയിക്കേണ്ടി വന്നില്ലെന്നും ദമ്പതികള്‍ പറഞ്ഞു. 

home

ഏതായാലും ധാരാളം യാത്രകള്‍ ചെയ്യാനാണ് ഇവരുടെ പ്ലാന്‍. യാത്ര ചെയ്യുമ്പോള്‍ വീട് മിസ്സ് ചെയ്യാനും പാടില്ല. ഇപ്പോള്‍ വീടിനെയും ഒപ്പം കൊണ്ടുപോകാം.  കുട്ടികള്‍ക്ക് കുറച്ചുകാലം ഹോം- സ്‌കൂളിങ്ങ് നല്‍കാനാണ് ഇരുവരുടെയും പദ്ധതി. ഞങ്ങളുടെ ബസ്സ്, ലോകത്തില്‍ എവിടെയോ.. ഇതാണ് ഇനി ഞങ്ങളുടെ വിലാസം, താരിയയും റിവറും പറയുന്നു.

Content Highlights: Couple transform council bus into family home on wheels