യാത്രകള്‍ ഹരമായിട്ടുള്ളവര്‍ വീടിനുള്ളില്‍ ചടഞ്ഞിരിക്കാന്‍ ആഗ്രഹിക്കില്ല. പുതിയ കാഴ്ച്ചകളും സ്ഥലങ്ങളുമൊക്കെയാവും അവരെ എന്നും ആകര്‍ഷിക്കുക. അത്തരത്തില്‍ യാത്രയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ദമ്പതികളുണ്ട്. യാത്ര ജീവിതത്തിന്റെ ഭാഗമായപ്പോള്‍ ചലിക്കുന്ന വീട് തന്നെ ഒരുക്കി ഇരുവരും. സ്‌കൂള്‍ ബസ് പരിഷ്‌കരിച്ചാണ് അതിശയിപ്പിക്കുന്ന വീടാക്കി മാറ്റിയത്. 

ഓസ്‌ട്രേലിയന്‍ ദമ്പതികളായ ഹന്നയും ഹാരിയുമാണ് കഥയിലെ താരങ്ങള്‍. ഇരുവരും യാത്രാപ്രിയര്‍ ആയതോടെ മൊബൈല്‍ വീടാവും തങ്ങള്‍ക്ക് സൗകര്യം എന്നു മനസ്സിലാക്കി. അങ്ങനെയാണ് പഴയ സ്‌കൂള്‍ ബസ് വിലയ്ക്ക് വാങ്ങി വീടാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി ഇരുപത്തിരണ്ടു ലക്ഷത്തോളം രൂപയാണ് ഇരുവരും ചെലവഴിച്ചത്. 

home

ഒറ്റനോട്ടത്തില്‍ ഒരു സാധാരണ ബസാണ്, അതിമനോഹരമായി ഒരുക്കിയിരിക്കുന്ന അകത്തളക്കാഴ്ച്ചകള്‍ അതിശയിപ്പിക്കും. ബസിന്റെ സീറ്റുകളും മറ്റു സംവിധാനങ്ങളുമെല്ലാം നീക്കം ചെയ്ത് യഥാര്‍ഥ വീടാക്കി മാറ്റുകയാണ് ചെയ്തത്. ഇരിപ്പിടങ്ങളും മിനി കിച്ചണും ഡൈനിങ് ഏരിയയും ബെഡ്‌റൂമും ടോയ്‌ലറ്റുമെല്ലാം ഈ ബസ് വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ വീടുകളിലെപ്പോലെ തന്നെയാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

വുഡന്‍ ഫ്‌ളോറിങ്ങാണ് ചെയ്തിരിക്കുന്നത്. വാഷ്‌ബേസിന്‍ ഏരിയയുടെ കാബിനറ്റില്‍ വുഡന്‍പോളിഷും കൗണ്ടര്‍ടോപ്പുകള്‍ വൈറ്റ് തീമിലും ചെയ്തിരിക്കുന്നു. മനോഹരമായ എല്‍ഇഡി ലൈറ്റുകള്‍ സജ്ജീകരിച്ച വെള്ളനിറത്തിലുള്ള സീലിങ്ങാണ് നല്‍കിയിരിക്കുന്നത്. മോടികൂട്ടാനായി ചുവര്‍ചിത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്. 

home

യാത്രകള്‍ക്കിടയില്‍ വിശ്രമം വേണ്ടപ്പോഴോ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ചോ ബസ് വീട്ടില്‍ സമയം ചെലവഴിക്കും. യാത്ര ചെയ്യുംമുമ്പ് ചില കാര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. ഡ്രോയറുകളെല്ലാം ലോക്ക് അല്ലേ എന്നും ഗാസും വെള്ളത്തിന്റെ കണക്ഷനും ഓഫ് അല്ലേ എന്നും ടോയ്‌ലറ്റ് വാതില്‍ അടച്ചിട്ടുണ്ടോ എന്നും കോഫീമെഷീന്‍ സിങ്കിനുള്ളില്‍ വച്ചോ എന്നും ബെഡിനടുത്തായി ഗ്ലാസിലോ മറ്റോ വെള്ളം വച്ചിട്ടില്ലല്ലോ എന്നെല്ലാമാവും അത്. 

എന്തായാലും ഇരുവരുടേയും ബസ്​വീടിനെ നിരവധി പേരാണ് അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. യാത്രകള്‍ക്കിടയില്‍ താമസിക്കാന്‍ ഹോട്ടലിനു നല്‍കുന്ന പണം ലാഭമാക്കാം എന്നും യാത്ര ചെയ്തു കൊണ്ട് ജീവിക്കാന്‍ ഇതിലും മികച്ച വഴിയില്ല എന്നുമൊക്കെ പോകുന്നു കമന്റുകള്‍. 

Content Highlights:  Couple remodels school bus into mobile home