കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ വിപണിയില്‍ ഏറ്റവും കൂടുതല്‍ ചെലവായത് ക്ലീനിങ് ഉത്പന്നങ്ങളാണ്. ഇതിനൊപ്പം മാസ്‌ക്കും ഗ്ലൗസും സാനിറ്റൈസറും എല്ലാമായി കൊറോണയെ തുരത്താന്‍ നമ്മള്‍ മുന്നില്‍ തന്നെയുണ്ട്. വീടിന്റെ മുക്കും മൂലയുമെല്ലാം തുടച്ച് വെടിപ്പാക്കുമ്പോഴും നമ്മള്‍ വൃത്തിയാക്കാന്‍ മറക്കുന്ന ചിലയിടങ്ങളുണ്ട്. 

1. കാര്‍ സ്റ്റിയറിങ്

ഓഫീസിലേയ്ക്കും വീട്ടിലേയ്ക്കും കടയിലും ഹോസ്പിറ്റലിലുമെല്ലാം പോകുന്നത് സ്വന്തം വണ്ടിയിലാണോ? എങ്കില്‍ വണ്ടിയുടെ സ്റ്റിറിങ് അണുവിമുക്തമാക്കാന്‍ മറക്കേണ്ട. നമ്മള്‍ ഈ പറഞ്ഞ എല്ലാ ഇടങ്ങളിലും പോയി വന്ന ശേഷം ആദ്യം തൊടുന്നത് സ്റ്റിറിങ് വീലിലും കീയിലും ആണല്ലോ. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് സാനിറ്റൈസിങ് വൈപ്പ്‌സ് കൊണ്ട് സ്റ്റീറിങ് ക്ലീന്‍ ചെയ്യാന്‍ മറക്കേണ്ട. 

2. ഹെഡ്‌ഫോണ്‍

ഉറങ്ങുമ്പോള്‍ മുതല്‍ ജോഗിങ്ങിനോ നടക്കാന്‍ പോകുമ്പോഴോ വെറുതേ ഇരിക്കുമ്പോഴോ എല്ലാം ഹെഡ്‌ഫോണ്‍ വച്ച് പാട്ടുകേള്‍ക്കാന്‍ 90 ശതമാനം ആളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഒരിക്കലും ക്ലീന്‍ ചെയ്യാത്ത ഈ ഹെഡ്‌ഫോണുകള്‍ രോഗാണുക്കളുടെ ഇഷ്ട സ്ഥലമാണ്. എല്ലാ ദിവസവും സാനിറ്റൈസര്‍ വൈപ്പ്‌സ് ഉപയോഗിച്ച് ഹെഡ്‌ഫോണുകള്‍ ക്ലീനാക്കാം.

3. റിമോട്ട്

ടി.വി. എ.സി.. അങ്ങനെ വീട്ടിലെ റിമോട്ടുകള്‍ എല്ലാവരുടെയും കൈകളിലൂടെ കടന്നുപോകുന്നവയാണ്. മിക്കവരും പുറത്ത് പോയി വന്നാലുടന്‍ കൈകള്‍ കഴുകാതെ ആദ്യം കൈയിലെടുക്കുന്നതും ഇത് തന്നെ. അതുകൊണ്ട് ദിവസവും റിമോട്ടും ക്ലീന്‍ ചെയ്യാന്‍ മറക്കേണ്ട. 

4. സ്വിച്ചുകള്‍

നമ്മുടെ കൈ എപ്പോഴും തൊടുന്ന സ്ഥലമാണ് വീട്ടിലെ പല സ്വിച്ചുകളും. പ്രത്യേകിച്ചും വീടിന് പുറത്തെ ഡോര്‍ ബെല്‍ സ്വച്ചുകള്‍. ഡെലിവറി ബോയിസ്, ഹൗസ് ഹെല്‍പിനുള്ളവര്‍, അങ്ങനെ ധാരാളം ആളുകള്‍ ഡോര്‍ ബെല്‍ സ്വിച്ചില്‍ തൊടുന്നുണ്ടാവും. അതുകൊണ്ട് ഇവ ക്ലീന്‍ ചെയ്യാന്‍ മടിക്കേണ്ട. ക്ലീനിങ് മിശ്രിതമോ സാനിറ്റൈസറോ പേപ്പര്‍ ടൗവ്വലിലോ മൈക്രോഫൈബര്‍ തുണിയിലോ സ്പ്രേ ചെയ്ത ശേഷം അവ ഉപയോഗിച്ച് സ്വിച്ചുകള്‍ ക്ലീനാക്കാം. തുണിയില്‍ നനവില്ലെന്ന് ഉറപ്പ് വരുത്തണം.

5.  പേമെന്റ് കാര്‍ഡുകള്‍ (ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍)

കൊറോണവൈറസ് പടര്‍ന്നു പിടിച്ചതോടെ ക്യാഷ്‌ലെസ് ട്രാന്‍സാഷന്‍സ് കൂടുതലാണ്. ഇതിനുപയോഗിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ക്ലീന്‍ ചെയ്യാറുണ്ടോ.. ഇവ പലതരം സ്ഥലങ്ങളില്‍ തൊടുന്നവയാണ്. കടയിലുള്ളവരുടെ കൈകള്‍, നമ്മുടെ കൈകള്‍ കാര്‍ഡ് റീഡര്‍.. അങ്ങനെ. ഇവ സാനിറ്റൈസ് ചെയ്യണമെന്ന് ചുരുക്കം.

6. റഫ്രിജറേറ്റര്‍ ഹാന്‍ഡില്‍

നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം റഫ്രിജറേറ്ററിന്റെ ഹാന്‍ഡിലില്‍ ഒരു തുണിയോ ചുറ്റി വയ്ക്കാറുണ്ട്. ഭക്ഷണമൊക്കെ പറ്റിയ കൈകൊണ്ട് തൊട്ട് വൃത്തികേടാവാതിരിക്കാന്‍ തന്നെ. എന്നാല്‍ ഈ തുണി ഇടയ്ക്ക് ക്ലീനാക്കാന്‍ മറക്കേണ്ട. ഇത്തരം സ്ഥലങ്ങളില്‍ തൊടുന്നതിന് മുമ്പ് കൈകളും സാനിറ്റൈസ് ചെയ്യാം. കവര്‍ ചെയ്യാത്ത ഹാന്‍ഡിലാണെങ്കില്‍ സാനിറ്റൈസിങ് വൈപ്പ്‌സ് കൊണ്ട് ദിവസവും തുടച്ച് വൃത്തിയാക്കാം.  

Content Highlights: Coronavirus safety tips, these things you probably are not cleaning in your house