ടുക്കിയും പെറുക്കിയുമൊക്കെ വീടിന്റെ മുക്കും മൂലയും ചിട്ടയായി ഒതുക്കി വച്ചു കഴിഞ്ഞാല്‍ ഒരു സംതൃപ്തി തോന്നാത്തവരുണ്ടാകില്ല. അലങ്കോലപ്പെട്ടു കിടക്കുന്ന ചുറ്റുപാടിനെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നത് മാനസിക സൗഖ്യത്തെക്കൂടി മെച്ചപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമ്മര്‍ദത്തില്‍ നിന്നും എളുപ്പത്തില്‍ മുക്തമാകാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ വൈകാതെ വീട് വൃത്തിയാക്കല്‍ തുടങ്ങിക്കോളൂ. 

അടുക്കും ചിട്ടയുമില്ലാത്ത അന്തരീക്ഷത്തില്‍ നിന്നു വരുന്നവരില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലും ഇതുവഴി സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. മിക്കയാളുകളും ജോലിസ്ഥലത്തെ സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസത്തിനായി വീട്ടിലെത്തുന്നവരാണ്. എന്നാല്‍ വൃത്തിയില്ലാത്ത വീട് സമ്മര്‍ദത്തിന്റെ അളവ് വീണ്ടും കൂട്ടുകയാണ് ചെയ്യുകയെന്ന് വിദഗ്ധര്‍ പറയുന്നു. 

ദിവസത്തില്‍ ഇരുപതു മിനിറ്റെങ്കിലും വീട് വൃത്തിയാക്കുന്നതിലൂടെ മാനസിക സന്തോഷം നേടിയെടുക്കാന്‍ കഴിയുമത്രേ. നിലം തുടയ്ക്കുന്നതു പോലെ അത്യാവശ്യം കായികാധ്വാനം വേണ്ട ജോലികളാണെങ്കില്‍ ഒപ്പം നെഗറ്റീവ് ചിന്തകളും പമ്പ കടക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 

ഇനി മാനസിക സൗഖ്യം മാത്രമല്ല ശാരീരിക ഉന്മേഷത്തിനും വീട് വൃത്തിയാക്കല്‍ മികച്ച വഴിയാണെന്ന് ഇന്ത്യാന യൂണിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ ആക്റ്റിവിറ്റി ഡിപ്പാര്‍ട്‌മെന്റ് മുമ്പ് കണ്ടെത്തിയിരുന്നു. വൃത്തിയുള്ള അകത്തളങ്ങളില്‍ കഴിയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആക്റ്റീവ് ആയിരിക്കുമത്രേ. തീര്‍ന്നില്ല വീട് വൃത്തിയാക്കുന്നതിലൂടെ പൊടിപടലങ്ങളെ തുരത്തുക വഴി പൊടിയില്‍ നിന്നുള്ള അലര്‍ജി പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാകും. 

മുടങ്ങാതെ വീട് വൃത്തിയാക്കുന്നത് സമ്മര്‍ദം അകറ്റാനുള്ള വഴിയാണെങ്കിലും ജോലിത്തിരക്കുകള്‍ മൂലം പലര്‍ക്കും അതു സാധ്യമാകണമെന്നില്ല. കഴിയുമ്പോഴെല്ലാം അകത്തളങ്ങളെ അടുക്കിപ്പെറുക്കി സമ്മര്‍ദത്തെ കാറ്റില്‍ പറത്തിക്കോളൂ.

Content Highlights: cleaning is good for your mental health