മണ്ണടത്ത് തറവാട് |ഫോട്ടോ: പി.പി ബിനോജ്
‘‘മറക്കണോ പഴയതൊക്കെ ഞാൻ മറക്കണോ എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്’’ -ഇത് പറയുന്ന അഞ്ഞൂറാനെ മറക്കാൻ മലയാളിക്കാവില്ല. കാരണം അഞ്ഞൂറാനെയും മക്കളെയും ആനപ്പാറ അച്ചാമ്മയെയുമൊക്കെ നെഞ്ചേറ്റിയവരാണ് സിനിമാപ്രേമികൾ. ആ നീളൻ കോലായയിലെ ചാരുകസേരയിൽ ഗൗരവംവിടാതെ മുറുക്കിക്കൊണ്ടിരിക്കുന്ന അഞ്ഞൂറാന്റെ നോട്ടവും അത്രമേൽ തീവ്രമായിരുന്നു.
എന്നാൽ സിനിമക്കാരുടെ മനസ്സിലിടം പിടിച്ചത് മറ്റൊന്നാണ്. ‘സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന’ ബോർഡുവെച്ച അഞ്ഞൂറാന്റെ ആ വീട്. നാടകാചാര്യൻ എൻ.എൻ. പിള്ളയ്ക്കൊപ്പം മലയാള സിനിമയിലെ ഇരുത്തംവന്ന നടൻമാർ മത്സരിച്ചഭിനയിച്ച ‘ഗോഡ് ഫാദർ’ സിനിമയിലെ പ്രധാനലൊക്കേഷനായിരുന്നു ‘മണ്ണടത്ത് തറവാട്’. സിനിമയിറങ്ങി 31 വർഷത്തിനുശേഷവും പയ്യാനക്കലിലെ മണ്ണടത്ത് തറവാട് ലൊക്കേഷനാക്കാനായി ഇന്നും സിനിമക്കാർ എത്തുന്നു.
.jpg?$p=8405b42&w=610&q=0.8)
എൻ.എൻ. പിള്ളവഴി ‘ഗോഡ് ഫാദറി’ലേക്ക്
ഗോഡ് ഫാദറാണ് മണ്ണടത്ത് തറവാട്ടിൽ ചിത്രീകരിച്ച ആദ്യസിനിമ. അതിനുമുമ്പേ സുറുമയിട്ട കണ്ണുകൾ എന്ന സിനിമയ്ക്കായി ചോദിച്ചിരുന്നെങ്കിലും നൽകിയില്ല. എൻ.എൻ. പിള്ള പ്രധാനകഥാപാത്രമാകുന്ന സിനിമയെന്ന കാരണത്താലാണ് ചീത്രീകരണത്തിന് വീട് വിട്ടുനൽകിയതെന്ന് തറവാട്ടംഗമായ ദ്രൗപദി ഓർത്തെടുക്കുന്നു. പത്തുദിവസത്തെ ഷൂട്ടിങ്ങായിരുന്നു ഇവിടെയുണ്ടായിരുന്നത്. സിനിമയിലെ പ്രധാന ഫ്രെയിമായ ഗേറ്റിന് അല്പം മാറ്റമുള്ളതൊഴിച്ചാൽ ബാക്കിയെല്ലാം ഇന്നും അതേപടിതന്നെ. ഷൂട്ടിങ്ങിനിടെ എൻ.എൻ. പിള്ളയെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരിയെയും അടുത്തുപരിചയപ്പെടാൻ കഴിഞ്ഞെന്ന് ദ്രൗപദി പറയുന്നു. പിന്നീട് ഒട്ടേറെസിനിമകൾ ചിത്രീകരിച്ചെങ്കിലും ഗോഡ്ഫാദർ വീടെന്നാണ് നാട്ടിൽ ഈ തറവാട് അറിയപ്പെടുന്നത്.
ലളിത പറഞ്ഞു, ഈ വീട് മതി
ഗോഡ് ഫാദറിന്റെഷൂട്ടിങ്ങിനെത്തിയപ്പോൾ കെ.പി.എ.സി. ലളിതയുടെ ഉള്ളിൽ പതിഞ്ഞതാണ് മണ്ണടത്ത് തറവാട്ടിലെ ഓരോ ഫ്രെയിമും. പുതിയചിത്രത്തിന് ലൊക്കേഷൻ തേടിനടന്ന ഭരതനോട് ഈ തറവാടിെന്റ കാര്യം ലളിത പറഞ്ഞു. വന്നുകണ്ട ഭരതനും ഇഷ്ടമായി. അങ്ങനെ പിറന്ന സിനിമയാണ് ‘പാഥേയം’. പിന്നീട് കുണുക്കിട്ട കോഴി, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, രുദ്രാക്ഷം, തറവാട്, സൂര്യൻ, കാക്കി, ഇന്നാണ് ആ കല്യാണം, കഥ തുടരുന്നു, പ്ലാറ്റ്ഫോം നമ്പർ 1 തുടങ്ങി ബറ്റാലിയൻ 06 എന്ന സിനിമവരെ എത്തിനിൽക്കുന്നു മണ്ണടത്ത് തറവാടിന്റെ ഖ്യാതി.
പ്ലാറ്റ് ഫോം നമ്പർ 1 - ന്റെ ചിത്രീകരണത്തിനെത്തിയ ജാക്കി ഷ്റോഫ് കുടുംബാംഗത്തെപ്പോലെയാണ് പെരുമാറിയതെന്ന് തറവാട്ടംഗങ്ങൾ പറയുന്നു. ഇതിനിടയിൽ അഗ്നിദേവനെന്ന സിനിമയുടെ ചിത്രീകരണത്തിന് ചോദിച്ചെങ്കിലും അന്ന് തറവാട്ടിൽ പൂജ നടക്കുന്നതിനാൽ കൊടുക്കാൻ സാധിക്കാത്തത് ഒരു സങ്കടമായി അവശേഷിക്കുന്നെന്നും തറവാട്ടിലെ അംഗങ്ങൾ പറഞ്ഞു.
മണ്ണടത്ത് തറവാട്
150 വർഷത്തിലേറെ പഴക്കമുള്ള മണ്ണടത്ത് തറവാട് പയ്യാനക്കൽ- മീഞ്ചത്ത റോഡിൽ ദയാനഗറിലാണ്. രണ്ടുനിലകളിലായി 14 മുറികളുണ്ട്. സാമൂതിരിയുടെ ബന്ധുക്കളിൽ നിന്ന് മണ്ണടത്ത് ഗോപാലനാണ് വീട് വാങ്ങുന്നത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ബാബുവിന്റെ കൈകളിലേക്ക്. നിലവിൽ ബാബുവിന്റെ ഭാര്യ ദ്രൗപദി, മക്കളായ ജൈജു, റോഷ്നി എന്നിവരാണ് ഈ വീട്ടിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..