എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് അഭിമുഖമായി പഴമയുടെ തലയെടുപ്പും പ്രൗഢിയുമാര്‍ന്ന ഒരു മൂന്നുനില മാളിക കാണാം. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഈ തറവാടിന് പ്രായം അത്ര തോന്നുകയേ ഇല്ല. പ്രൗരപ്രമുഖനായിരുന്ന ചെറുകുടി മാട്ടുവയല്‍ ചെറിയക്കന്‍ (സി.എം.സി.) നിര്‍മിച്ച കുന്നത്ത് എന്ന പേരിലുള്ള ചെറുകുടി മാട്ടുവയല്‍ തറവാടാണിത്.

കവാടത്തില്‍ രണ്ടാള്‍പൊക്കത്തിലുള്ള തൂണുകളില്‍ ശൗര്യത്തോടെ മുന്നോട്ടാഞ്ഞ് നില്‍ക്കുന്ന സിംഹപ്രതിമകളാണ് വീട്ടിലേക്ക് നിങ്ങളെ സ്വാഗതംചെയ്യുക. വിശാലമായ മുറ്റം കടന്നെത്തുന്നത് തുളസിത്തറയ്ക്കരുകില്‍. പൂമുഖത്തേക്ക് കയറാന്‍ വീടിന്റെ നടുഭാഗത്ത് മാത്രമല്ല പടികള്‍. ഇരു കോണുകളിലും പിന്നെ സ്വീകരണമുറിയിലേക്ക് കയറാന്‍ പാകത്തില്‍ തെക്കുംവടക്കും ചവിട്ടുപടികളുണ്ട്. 500 ചതുരശ്രയടിയിലധികം  വരുന്നതാണ് പൂമുഖം. മദിരാശിയില്‍നിന്നെത്തിച്ച ടൈലുകള്‍ പൂമുഖത്തിന് ശോഭ പകരുന്നു. ഒറ്റപ്ലാവില്‍ കൊത്തുപണികളില്‍ തീര്‍ത്ത എട്ടുതൂണുകളാണ് മച്ചിനെ താങ്ങിനിര്‍ത്തുന്നത്. അകത്തേക്ക് പ്രവേശിക്കാന്‍ ഏഴുവാതിലുകള്‍. മൂന്നെണ്ണം നടുഭാഗത്തും നാലെണ്ണം വശങ്ങളിലും.

താഴത്തെ നിലയില്‍ മുന്‍ഭാഗത്ത് മാത്രം 20 ജനലുകള്‍. അത്രതന്നെ മുകളിലും. ജനല്‍കൈവരികള്‍ പിച്ചളയില്‍ തീര്‍ത്തവ. പൂമുഖം കടന്നാല്‍ വിസ്താരമേറിയ ഇടനാഴി. മുന്തിയഇനം മര ഉരുപ്പടിയില്‍ തീര്‍ത്ത മച്ചും മദിരാശി ടൈല്‍ പാകിയ തറയും ഇടനാഴിയെ കുളിരണിയിക്കുന്നു. അകത്തുകയറിയാല്‍ ചൂടറിയില്ല. ഇരുഭാഗത്തുനിന്നും മുകളിലേക്ക് കയറാന്‍ മരപ്പടികള്‍. മൂന്നുനിലകളിലായി 15 മുറികള്‍. ഉഴിച്ചില്‍, തിരുമ്മല്‍ തുടങ്ങിയവയ്ക്കായി മുകളില്‍ പ്രത്യേകമുറി. 

അമ്പതിലധികം പേര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കാന്‍ പാകത്തിലുള്ള ഊണ്‍മുറി അടുക്കളയോട് ചേര്‍ന്ന്. മുകളിലെ നീളമേറിയ വരാന്തയില്‍നിന്നാല്‍ കടല്‍ക്കാറ്റിന്റെ സുഖം. എലത്തൂര്‍ അങ്ങാടിയും റെയില്‍വേസ്റ്റേഷനും ഇവിടിരുന്ന് കാണാം. തെക്ക് വശത്ത് തറവാടിനോട് ചേര്‍ന്ന് നെല്ല് സംഭരിക്കാന്‍ നിര്‍മിച്ചിരുന്ന ഒരു വീടിനോളംതന്നെ വലിപ്പമുള്ള കളപ്പുര കുറച്ചുകാലംമുമ്പാണ് പൊളിച്ചുനീക്കിയത്. 

കൊടുങ്ങല്ലൂര്‍ ചേറ്റുവ ഭാഗത്തുനിന്ന് തലക്കുളത്തൂരില്‍ എത്തിയവരാണ് ചെറിയക്കന്റെ മുന്‍ഗാമികള്‍. പിന്നെ ഇവര്‍ എലത്തൂരിലേക്ക് വന്നു. തൈവളപ്പില്‍ മാട്ടുവയല്‍ ആയിരുന്നു ആദ്യതറവാട്. ചെറിയക്കന്റെ നാലാംതലമുറയാണ് ചെറുകുടി മാട്ടുവയലിലെ ഇപ്പോഴത്തെ താമസക്കാര്‍. ചെറിയക്കന്റെ മകന്‍ ചന്തുക്കുട്ടിയുടെ മൂത്തമകന്‍ ബാബു ജയപ്രകാശിന്റെ മക്കളായ ശരണ്യയും ശുഭയുമാണ്  തറവാട്ടിലുള്ളത്. മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തായിരുന്നു തറവാട്. ഭാഗം നടന്നപ്പോള്‍ സ്ഥലവിസ്തൃതി കുറഞ്ഞു. ഏഴോളം ആനകളുണ്ടായിരുന്നു. വയനാട്ടില്‍നിന്നുകൊണ്ടുവന്ന ആനകളെ ഇവിടത്തെ തൊടിയില്‍വെച്ച് പരിശീലിപ്പിച്ചിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. 

അന്ന് നാട്ടിലെ തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും തീര്‍പ്പും മധ്യസ്ഥതയും കല്പിച്ചിരുന്നത് ഇവിടെവെച്ച്. അധികാരികളും മൂപ്പന്മാരും തറവാട്ടുമുറ്റത്ത് ഒത്തുകൂടിയായിരുന്നു തീര്‍പ്പ്. നാട്ടുകാരണവരായി ചെറിയക്കനും ഉണ്ടാകും. മാട്ടുവയല്‍ തറവാടിനോളം തന്നെ പ്രശസ്തമാണ് എലത്തൂര്‍ സി.എം.സി. സ്‌കൂള്‍. നാടിന്റെ വിദ്യാഭ്യാസാഭിവൃദ്ധിക്കായുള്ള ചെറിയക്കന്റെ സമര്‍പ്പണമാണ് മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം. 

സിനിമാക്കാരുടെ ഇഷ്ടവീട്

മലയാള സിനിമയുടെ കോഴിക്കോട്ടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് ഇന്നും ചെരുകുടി മാട്ടുവയല്‍ തറവാട്. മുപ്പതിലധികം ചലചിത്രങ്ങളുടെ ചിത്രീകരണ വേദിയായിട്ടുണ്ട് ഈ വീട്. മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിവരുടെ ആദ്യകാല സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പലതും പിറവിയെടുത്തത് ഇവിടെയാണ്. ഇത്തിരിപ്പൂവേ ചുവന്നപൂവെ, അഭയം തേടി, കിളിച്ചുണ്ടന്‍ മാമ്പഴം, ഡ്രാമ, ലീല, അരികെ തുടങ്ങി അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ലൗ എഫ്എം വരെ നീളുന്നതാണ് ചെറുകുടി മാട്ടുവയല്‍ തറവാടിന്റെ ചലചിത്രപ്പെരുമ. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: cherukudi mattuvayal tharavadu