സാഹിത്യവേദി എന്നു കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സിലെത്തുന്ന ചിത്രങ്ങളുണ്ട്. അത് സാഹിത്യപ്രവര്‍ത്തനത്തിന്റെയും സാംസ്‌കാരികപ്രവര്‍ത്തനത്തിന്റെയുമൊക്കെ ചിത്രങ്ങളാകും. വിദ്യാര്‍ഥികളുടെ സാഹിത്യവേദിയാണെങ്കില്‍ കനംകുറച്ച്, ഇത്തിരി വര്‍ണം ചേര്‍ത്ത ആശയങ്ങളും ചിത്രങ്ങളും തെളിയും. ഇത്തരം അടുക്കിവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കപ്പുറത്തേക്ക് മനസ്സിനെ കൊണ്ടെത്തിക്കണമെന്ന് നമ്മെ പഠിപ്പിക്കുകയാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ സാഹിത്യവേദി പ്രവര്‍ത്തകര്‍. 

സാഹിത്യത്തിനും സാംസ്‌കാരികപ്രവര്‍ത്തനത്തിനും പഠനത്തിനുമൊപ്പം അല്ലെങ്കില്‍ അതിനെക്കാളെല്ലാം മീതെ അവര്‍ സ്നേഹത്തിന്റെ സിലബസ് അടയാളപ്പെടുത്തുന്നു. ഓരോ ജീവിതത്തിനുമേലും പന്തലിച്ച കരിമേഘങ്ങളില്‍ സ്നേഹത്തിന്റെ, നന്മയുടെ, ചൈതന്യത്തിന്റെ പ്രകാശത്താല്‍ വിള്ളലുണ്ടാക്കുന്നു. 'നെഹ്റുവി'ന്റെ സാഹിത്യവേദിക്കാരുടെ ഈ സമാനതകളില്ലാത്ത പാഠ്യേതരപ്രവര്‍ത്തനത്തിന് മുമ്പില്‍ സാഹിത്യംതന്നെ കൈയടിക്കുകയാണ്. 

കോളേജിലെ അധ്യാപകന്‍ കൂടിയായ എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് ആണ് സാഹിത്യവേദിയുടെ ചെയര്‍മാന്‍. മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവര്‍ത്തനം. സാഹിത്യവേദിയുടെ ഇപ്പോഴത്തെ സെക്രട്ടറി മൂന്നാംവര്‍ഷ മലയാളം ബിരുദവിദ്യാര്‍ഥി എ.ശരത് ആണ്.

veedu
നെഹ്‌റു കോളേജിലെ സാഹിത്യവേദി പ്രവര്‍ത്തകര്‍

ഒന്‍പതാമത്തെ വീട്

നാടിന്റെ പല പ്രശ്നങ്ങളിലും ഇടപെടുകയും സ്നേഹത്തിന്റെ കൈയൊപ്പ് ചാര്‍ത്തുകയും ചെയ്യുന്ന സാഹിത്യവേദി ഏറ്റവും മുന്‍ഗണന നല്‍കുന്നത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് വീടെടുത്ത് കൊടുക്കുന്നതിലാണ്. എട്ടു വീട് ഇതിനകം പണിതു നല്‍കി. ഇപ്പോള്‍ ഒന്‍പതാമത്തെ വീടിന്റെ നിര്‍മാണം നടക്കുന്നു. ബോവിക്കാനത്തെ ഉണ്ണികൃഷ്ണനാണ് ആദ്യത്തെ വീടുവച്ചു നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ചെഴുതിയ എന്‍മകജെ നോവലിന് റോയല്‍റ്റി കിട്ടിയപ്പോള്‍ അംബികാസുതന്‍ അതത്രയും ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് നല്‍കി. ആ തുക കൈമാറുമ്പോഴാണ് ഒറ്റമുറിക്കൂരയില്‍ കഴിയുന്ന ഉണ്ണികൃഷ്ണന് വീട് വെച്ചുകൊടുക്കണമെന്ന് അദ്ദേഹത്തിന് തോന്നിയത്. അത് സാഹിത്യവേദി യോഗത്തില്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു ഉണ്ടായത്. 

പുസ്തകങ്ങള്‍ താഴെവെച്ച് പെണ്‍കുട്ടികളുള്‍പ്പെടെയുള്ള സാഹിത്യവേദി പ്രവര്‍ത്തകര്‍ സിമന്റും പൂഴിയുമെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. അതിരാവിലെയെത്തി പാതിരാത്രിവരെ നീളുന്ന നിര്‍മാണപ്രവൃത്തി. പണത്തിന്റെയും പണിയുടെയും രൂപത്തില്‍ സ്നേഹം പ്രളയമായപ്പോള്‍ ഉണ്ണികൃഷ്ണന് ഒന്നാംക്ലാസ് വീടുയര്‍ന്നു. വീടിന്റെ താക്കോല്‍ദാനത്തിന് സുരേഷ് ഗോപി എം.പി. എത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ സാഹിത്യവേദിയുടെ ഇതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനത്തെ കനപ്പെടുത്തി. 

പിന്നീടങ്ങോട്ട് വീടുകള്‍ ഒന്നൊന്നായി ഉയര്‍ന്നു. പലവീടുകള്‍ക്കും സുരേഷ് ഗോപിയുടെ സഹായം കിട്ടി. രണ്ടാമതായി തൈക്കടപ്പുറത്തെ അഫ്സലിനും പിന്നാലെ മയ്യിച്ചയിലെ അംഗിത, കല്ലക്കട്ടയിലെ ഹസീന, അതിയാമ്പൂരിലെ ധന്യ, കയ്യൂരിലെ പവിത്രന്‍, ചീമേനിയിലെ ആര്‍ഷ എന്നിവര്‍ക്കും വീടുകള്‍ നിര്‍മിച്ചുനല്‍കി. എട്ടാമത്തേത് അമ്പലത്തറയിലെ സ്നേഹവീടാണ്. 

ഒന്‍പതാമത്തെ വീട് പള്ളിക്കര ഗ്രാമപ്പഞ്ചായത്തിലെ കളിങ്ങോത്ത് ഉയരുന്നു. എല്ലുനുറുങ്ങുന്ന അസുഖമുള്ള ശില്പയ്ക്കാണ് വീടു നിര്‍മിച്ചു നല്‍കുന്നത്. ഓട്ടോ ഡ്രൈവര്‍ ഗംഗാധരന്റെ മകളാണ് ശില്പ. ജന്മനാ കാഴ്ചയില്ല. ഒറ്റമുറിക്കൂരയിലാണ് താമസം. സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്‍പ്പെട്ടിട്ടുള്ള കുട്ടിയാണ് ശില്പ. വീടിന്റെ തറക്കല്ലിടാനെത്തിയത് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. മധു മുതിയക്കാല്‍ ചെയര്‍മാനായുള്ള നാട്ടുകാരുടെ കൂട്ടായ്മയും സാഹിത്യവേദിയെ സഹായിക്കാനെത്തുന്നു. 

'എന്റെ പ്രിയപ്പെട്ട കഥകള്‍' എന്ന പുസ്തകത്തിന് കിട്ടിയ പുരസ്‌കാരത്തുക ഒരുലക്ഷം രൂപ വീടുനിര്‍മാണത്തിനുള്ള ആദ്യസംഭാവനയായി ഡോ.അംബികാസുതന്‍ മാങ്ങാട് നല്‍കി. പിന്നാലെ എഴുത്തുകാരി ഡോ. ജെ.ദേവിക അരലക്ഷം നല്‍കി. എന്‍മകജെ നോവല്‍ സ്വര്‍ഗ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ കിട്ടിയ മുന്‍കൂര്‍ തുകയായിരുന്നു അത്. ഗോപിനാഥ് മുതുകാടും സഹായം നല്‍കാമെന്ന് പറഞ്ഞാണ് തിരിച്ചുപോയത്. പത്തുലക്ഷം രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. നാട്ടുകാരുടെയും പുറമെയുള്ളവരുടെയും അകമഴിഞ്ഞ സഹായം അഭ്യര്‍ഥിക്കുന്നു സാഹിത്യവേദി.

അമ്പലത്തറയിലെ സ്നേഹവീട്

സഹനത്തിന്റെയും സ്നേഹത്തിന്റെയും പൊന്‍പ്രഭയില്‍ ഉയര്‍ന്നതാണ് അമ്പലത്തറയിലെ സ്നേഹവീട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനും വിശ്രമിക്കാനുമുള്ള വലിയ ഇടം. കഴിഞ്ഞ വര്‍ഷം സാഹിത്യവേദിയുടെ ഓണസമ്മാനമാായിരുന്നു ഈ കെട്ടിടസമര്‍പ്പണം. 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ക്ലാസ്മുറികള്‍ക്ക് പുറത്തേക്ക് വന്ന സാഹിത്യവേദിക്കാരുടെ എട്ടാമത്തെ സംരംഭമാണ് അമ്പലത്തറയിലെ സ്നേഹവീട്. 50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം ഉയര്‍ത്തിയത്. 

സുരേഷ് ഗോപിയുടെ കൈത്താങ്ങില്‍ പൂര്‍ത്തിയായ കെട്ടിടമെന്ന വിശേഷണവും ഈ സ്നേഹവീടിനുണ്ട്. ആദ്യനില കോണ്‍ക്രീറ്റിലും വേനല്‍ച്ചൂട് അസഹ്യമാകാതിരിക്കാന്‍ രണ്ടാം നില ഓടുമേഞ്ഞുമാണ് സ്നേഹവീടിന്റെ നിര്‍മാണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സന്ധിയില്ലാ സമരം നടത്തുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസ അമ്പലത്തറയും ഉള്‍പ്പെടയുള്ളവരാണ് സ്നേഹവീട് നോക്കി നടത്തുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജന്മങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ദയാബായി ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവിടെ  എത്തിയിരുന്നു.

Content Highlights: charity work by kanjangad nehru college students