പ്രതീകാത്മക|photo: MATHRUBHUMI
സ്ഥലപരിമിതികൊണ്ടും ഡിസൈനിങ് രീതികൊണ്ടും നമ്മുടെ നാട്ടിലെ ഭൂരിഭാഗം വീടുകളും രണ്ടുനിലകളാണ്. വീട്ടിൽ താമസം തുടങ്ങുമ്പോഴാണ് പല പ്രായോഗിക ബുദ്ധിമുട്ടുകളും തലപൊക്കുന്നത്. അത്തരത്തിലൊന്നാണ് രണ്ടാംനിലയിലേക്കുള്ള പടികൾ കയറാനും ഇറങ്ങാനും വീട്ടിലെ മുതിർന്നവർ നേരിടുന്ന പ്രയാസം. പലപ്പോഴും പടികളിൽനിന്നുവീണ് അപകടങ്ങളുമുണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ചെയർ ലിഫ്റ്റ്.
എന്താണ് ചെയർ ലിഫ്റ്റ്
വൈദ്യുതമോട്ടോറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു കസേരയെന്ന് ലളിതമായി ചെയർ ലിഫ്റ്റിനെ വിശേഷിപ്പിക്കാം. പടികൾ കയറാതെ കൈവരികളിൽ ഘടിപ്പിക്കുന്ന ചെയർ ലിഫ്റ്റ് വഴി താഴത്തെനിലയിൽനിന്ന് മുകളിലെ നിലയിലേക്ക് പോകാനാകും. പ്രായമായവർക്ക് ഏറെ പ്രയോജനകരമാണ് ഈ ഉപകരണം.
പടികളുടെ വശത്തുകൂടിയുള്ള കൈവരിയിലാണ് പാളം (റെയിൽ) പിടിപ്പിക്കുന്നത്. കസേരയിൽ ഇരിക്കുന്ന ആൾക്കുതന്നെ ചെയർ ലിഫ്റ്റിനെ നിയന്ത്രിക്കാനാകും. കസേരയിൽത്തന്നെയുള്ള ബട്ടൺ അമർത്തിപ്പിടിച്ചാൽ ചെയർ ലിഫ്റ്റ് സഞ്ചരിച്ചുതുടങ്ങും. 125 കിലോഗ്രാം ഭാരംവരെ വഹിക്കാൻ ഉപകരണത്തിനുകഴിയും. ബാറ്ററിയിലാണ് പ്രവർത്തനം. കസേരയിലിരിക്കുന്ന ആളുടെ കാൽ നിലത്തുതട്ടിയാൽ ചെയർ ലിഫ്റ്റ് സ്വയം നിൽക്കുന്ന സെൻസറടക്കമുള്ള സുരക്ഷാസംവിധാനങ്ങളുമുണ്ട്.
ഓട്ടോമാറ്റിക് ചാർജിങ് സംവിധാനമാണുള്ളത്. മുകളിലും താഴെയുമായി രണ്ടു ചാർജിങ് പോയന്റുകളുണ്ടാകും. 350 വാട്ടിന്റെ ഡി.സി. മോട്ടോറിന്റെ കരുത്തിലാണ് പ്രവർത്തനം. മിനിറ്റിൽ 7.2 മീറ്റർ ദൂരമാണ് വേഗം. ചെയർ ലിഫ്‌റ്റിൽ നിന്ന് നേരിട്ട് നിലത്തേക്കും ഇറങ്ങാനാകും.
സ്റ്റെയർ ലിഫ്റ്റ്, സ്റ്റെയർ ചെയർ എന്നിങ്ങനെയും ഇവ അറിയപ്പെടുന്നു.രണ്ടുതരം ചെയർ ലിഫ്റ്റുകളാണ് വിപണിയിലുള്ളത്. നേരെയുള്ള പടികൾ കയറാൻ ഉപയോഗിക്കുന്ന സ്ട്രെയിറ്റ് ചെയർ ലിഫ്റ്റും ഒന്നിലധികം നിലകളിലേയ്ക്കുള്ള പടികൾ കയറാൻ ഉപയോഗിക്കുന്ന കേവ്ഡ് ചെയർ ലിഫ്റ്റും. ചെയർ ലിഫ്റ്റ് സഞ്ചരിക്കുന്ന പാളത്തിന്റെ കാര്യത്തിലാണ് ഇവ രണ്ടുംതമ്മിൽ വ്യത്യാസമുള്ളത്. താഴേക്ക് സഞ്ചരിക്കുമ്പോഴുള്ള വേഗം നിയന്ത്രിക്കാനുള്ള ഉപകരണവും ഇതിലുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്
സുനിൽ കൂടത്തിങ്ങൽ
സിവിൽ എൻജിനിയർ, കോഴിക്കോട്
Content Highlights: home, chairlift,lift,homeplans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..