ഭര്‍ത്താവ് സിറാജിന്റെ സ്റ്റുഡിയോയില്‍ ആവശ്യം കഴിഞ്ഞ് കളയുന്ന കപ്പുകളും പോട്ടുകളും പ്ലാസ്റ്റിക്ക് പാത്രങ്ങളും ഇഷ്ടം പോലെയുണ്ട്. ഇതൊക്കെ എന്തുചെയ്യും എന്നായിരുന്നു നിഷാറാണിയുടെ ആലോചന. കള്ളിച്ചെടികള്‍ വളര്‍ത്താനുളള ഐഡിയ വന്നതിങ്ങനെയാണ്. 'വെറുതേ ഒരു നേരമ്പോക്കിന് തുടങ്ങിയതാണ്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കള്ളിച്ചെടികളുടെ ഭംഗി കണ്ട് വില്‍ക്കാമോ എന്ന് ചോദിച്ചുതുടങ്ങി. വീട്ടിലുണ്ടാക്കുന്ന കള്ളിമുള്‍ച്ചെടികള്‍ വാങ്ങാനാളുണ്ടെന്നറിഞ്ഞതോടെ സംരംഭം തുടങ്ങിയാലോ എന്നായി ചിന്ത.'
പത്ത് വര്‍ഷമായി നിഷാറാണി കള്ളിമുള്‍ച്ചെടികള്‍ വില്‍ക്കുന്നു. വെള്ളത്തണ്ട് ഇനത്തില്‍പെട്ടവ (സെക്യുലന്റ്) ഇരുപതില്‍ അധികവും മുള്ളുള്ള കള്ളിച്ചെടികള്‍ മുപ്പതിലധികവും പൂക്കളുള്ള കള്ളിച്ചെടികള്‍ ഏഴിനവും അടങ്ങിയ ശേഖരമാണ് തിരൂരിലെ വീട്ടിലുള്ളത്. 'മുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെ ഓരോ മദര്‍ പ്ലാന്റിന് വില വരും.'
എങ്ങനെ
'സ്റ്റുഡിയോയില്‍ കെമിക്കല്‍ കൊണ്ടുവരുന്ന പാത്രത്തിലായിരുന്നു ആദ്യം ചെടികള്‍ നട്ടത്. പിന്നീട് പാത്രങ്ങളുടെ അടപ്പ് , ടിഫിന്‍ ബോക്‌സ്, ചായക്കപ്പ്, പൊട്ടിയ മഗ്ഗ്, സെറാമിക് പോട്ട്, എന്നിവയിലെല്ലാം തൈകള്‍ നട്ടു. ചെടികള്‍ വളര്‍ന്നുവരുന്നതിനനുസരിച്ച് അവയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നവയാണ് നേഴ്‌സറിയില്‍ നടുന്നത്. ചെടി ആറ് മാസം വളര്‍ച്ച പൂര്‍ത്തിയാക്കിയാല്‍ വീണ്ടും അവയില്‍ നിന്ന് തൈകളെടുക്കാം. ഒരു ചെടിയില്‍ നിന്ന് അമ്പത് തൈകള്‍ വരെ ലഭിക്കും. ചകിരിച്ചോറും മണലും ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിലാണ് ചെടികള്‍ നടുന്നത്. വെള്ളം വളരെ കുറച്ചുമതി കള്ളിച്ചെടികള്‍ക്ക്. ആഴ്ചയില്‍ ഒരു ദിവസം അത്യാവശ്യത്തിന് മാത്രം നനയ്ക്കാം. വെള്ളം അധികമാകാനും പാടില്ല. അതുകൊണ്ട് കൂടുതല്‍ മഴയുള്ള സമയങ്ങളില്‍ പുറത്തുവെയ്ക്കാന്‍ പാടില്ല. ആഴ്ചയിലൊരിക്കലെങ്കിലും വെയില്‍ കൊള്ളിക്കണം. നല്ല വെളിച്ചമുള്ള എവിടെയും കള്ളിച്ചെടികള്‍ വളര്‍ത്താം.
കള്ളിച്ചെടിയില്‍ ഭൂരിഭാഗം ഇനങ്ങളും മുള്ളുള്ളവയാണ്. അതിനാല്‍ ചെടി കൈകാര്യം ചെയ്യുമ്പോള്‍ മുള്ളു കൊള്ളാതെ സൂക്ഷിക്കണം. ഇതിന് പരിചരിക്കുമ്പോള്‍ ഗ്ലൗസ് ഉപയോഗിച്ചാല്‍ മതി. സാധാരണയായി രോഗകീടബാധകള്‍ കള്ളിച്ചെടികളെ ബാധിക്കാറില്ലെങ്കിലും വെള്ളം അധികമായാല്‍ ചെടികള്‍ ചീഞ്ഞുപോകും. ചീയല്‍ രോഗം കണ്ടാല്‍ ഉടന്‍തന്നെ നല്ല ഭാഗം അടര്‍ത്തിയെടുത്ത് മറ്റ് ചട്ടിയില്‍ (റീപോട്ടിംഗ്) വളര്‍ത്തണം.
വിപണി
മുന്നൂറ് രൂപ മുതല്‍ കള്ളിച്ചെടികള്‍ വിലയുണ്ട്. നിഷാറാണി ഇപ്പോള്‍ പുറത്തുനിന്ന് കൊണ്ടുവരുന്ന സെറാമിക് പോട്ടുകളിലാണ് ചെടികള്‍ വില്‍പ്പന നടത്തുന്നത്. ഓണ്‍ലൈനായി സെറാമിക് പോട്ടുകള്‍ വാങ്ങാം. പ്രതിമാസം 30000 രൂപ മുതല്‍ 50000 രൂപവരെ വരുമാനമുണ്ടാക്കാന്‍ പറ്റും.
താല്‍പര്യമുള്ളവര്‍ക്ക് കള്ളിച്ചെടികളെക്കുറിച്ചും കാറ്റക്‌സ് കൃഷിയെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുക്കാനും പരിചരണ രീതികളും മറ്റും പഠിപ്പിക്കാനും നിഷാറാണി റെഡി. ഓണ്‍ലൈന്‍ വഴിയും ചെടികള്‍ അയച്ചുകൊടുക്കാറുണ്ട്. ശാസ്ത്രീയമായ പരിശീലനത്തോടെ ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും നടത്തി തന്റേത് മാത്രമായ ഒരു പുതിയ ഇനം കള്ളിച്ചെടി വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് നിഷാറാണി.
കള്ളിമുള്‍ച്ചെടി കൃഷി ചെയ്യാന്‍
വീട്ടിനകത്ത് നേരമ്പോക്കിനും വരുമാനത്തിനും ആശ്രയിക്കാവുന്ന ഒരു കൃഷിയും വിനോദവുമാണ് കള്ളിച്ചെടി വളര്‍ത്തല്‍ അഥവാ കാറ്റക്‌സ് കൃഷി. വലിയ മുതല്‍മുടക്കോ പരിചരണങ്ങളോ ഇല്ലാതെ ഇവ വളര്‍ത്താം. ജോലിക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും നല്ലൊരു ആദായമാര്‍ഗവുമാണ്. ആഢംബര വീടുകള്‍ കേരളത്തില്‍, ലക്ഷ്വറി ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രധാന ആകര്‍ഷണമാണ് കള്ളിച്ചെടികള്‍. വീട് മനോഹരമാക്കാന്‍ മാത്രമല്ല ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയും ടേബിള്‍ അലങ്കാരമായും കള്ളിച്ചെടികളെ ആശ്രയിക്കാറുണ്ട്.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Cactus plant business in home