2018 കേരളത്തിന്റെ അതിജീവനകാലം എന്നുകൂടിയാകും ചരിത്രത്തില്‍ ഇടംപിടിക്കുക. ഭീകരപ്പെടുത്തുന്ന പ്രളയകാല ചിത്രങ്ങളും ഓര്‍മകളും ഒരുകാലത്തും മറക്കാനാവില്ല. ഇപ്പോഴും സ്വന്തമെന്നു പറയാനുള്ളതെല്ലാം ഒലിച്ചുപോയി ആശ്രയമില്ലാതെ കഴിയുന്നവര്‍ പലരുമുണ്ട്. അത്തരത്തിലുള്ള ചിലര്‍ക്ക് അനുഗ്രഹമാവുകയാണ് ഇടുക്കിയിലെ ക്യാബിന്‍ ഹൗസ് എന്ന പദ്ധതി.
പുരോഹിതനായ ജിജോ കുര്യനും നാട്ടില്‍നിന്നുള്ള വൊളന്റിയര്‍മാരും ചേര്‍ന്നാണ് അശരണരായവര്‍ക്ക് ഒരു കൂര എന്ന സ്വപ്‌നത്തിനായി തുനിഞ്ഞിറങ്ങിയത്. പലവിധ പ്രശ്‌നങ്ങളാല്‍ മറ്റു സഹായങ്ങള്‍ ലഭ്യമാകാത്തവര്‍ക്കു വേണ്ടിയാണ് ഇവര്‍ ക്യാബിന്‍ ഹൗസ് നിര്‍മ്മിക്കുന്നത്. ക്യാബിന്‍ ഹൗസ് സങ്കല്‍പത്തെക്കുറിച്ച് ജിജോ കുര്യന്‍ മാതൃഭൂമി ഡോട് കോമിനോട് മനസ്സു തുറക്കുന്നു.
'' പ്രളയകാലം തൊട്ട് ഇടുക്കിയുടെ പുനരധിവാസത്തിനായി പരിശ്രമിക്കുന്നവരാണ് ഞങ്ങളെല്ലാം. ക്യാബിന്‍ ഹൗസുകള്‍ താത്കാലിക പുനരധിവാസത്തിലെ ഒരു ചെലവുകുറഞ്ഞ സാധ്യതയാണ്. കൃത്യമായ രേഖകളില്ലാതെ ഭൂമിയില്‍ കഴിയുന്നവര്‍ ഇവിടെ ധാരാളമുണ്ട്. ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ സര്‍ക്കാര്‍ സഹായങ്ങളുംമറ്റും വൈകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ക്യാബിന്‍ ഹൗസ് എന്ന സങ്കല്‍പത്തിലേക്ക് എത്തിച്ചേര്‍ന്നത്.
പരിചരിക്കാന്‍ ആരോരുമില്ലാത്ത മുതിര്‍ന്നവര്‍, ഭര്‍ത്താവ് നഷ്ടപ്പെട്ട അമ്മയും കുഞ്ഞുങ്ങളും തുടങ്ങി തീര്‍ത്തും അശരണരായവര്‍ക്കാണ് ക്യാബിന്‍ ഹൗസ് നിര്‍മ്മിക്കുന്നത്. അത്തരത്തിലുള്ളവരെ തിരഞ്ഞെടുത്ത് അവര്‍ക്കായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തും. ആശയം പറഞ്ഞപ്പോഴേക്കും ആര്‍ജിബി ആര്‍ക്കിടെക്ട്‌സ് സൗജന്യമായി ഡിസൈന്‍ ചെയ്തു തരാമെന്ന് ഏറ്റു,ഒപ്പം അവരുടെ ആര്‍ക്കിടെക്ട് വിദ്യാര്‍ഥികളുടെ സഹായവും നിര്‍മാണ പ്രവര്‍ത്തനങ്ങളിലുടനീളം ഉണ്ടായിരുന്നു. നാട്ടിലുള്ളവരില്‍ നിന്നു വളന്റിയര്‍മാരെ കണ്ടെത്തുകയും ചെയ്തു.''
വീട് ഒരു ആര്‍ഭാടമല്ല ആവശ്യമാണ് എന്ന ദര്‍ശനമാണ് ക്യാബിന്‍ ഹൗസിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. സന്മനസ്സുള്ള സുഹൃത്തുക്കള്‍ ഉള്ള കാലത്തോളം ക്യാബിന്‍ ഹൗസ് പദ്ധതി ആവശ്യപ്പെട്ടവരിലേക്ക് എത്തും. വീട് ഒരു വട്ടം പെയിന്റ് ചെയ്യാനുള്ള തുക കൊണ്ട് പ്ലാസ്റ്റിക് ഷെഡുകളില്‍ കഴിയുന്നവര്‍ക്ക് ഒരു കൂടൊരുക്കാമെന്നും അദ്ദേഹം പറയുന്നു.
തൊഴിലുറപ്പു പണിക്കാര്‍ ഉള്‍പ്പെടെ പങ്കുചേര്‍ന്നാണ് വീട് നിര്‍മാണം ആരംഭിക്കുന്നത്. പത്തുദിവസം കൊണ്ടു പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വീടിന്റെ നിര്‍മാണത്തിനായി ഒന്നരലക്ഷത്തോളമാണ് ചെലവു വരുന്നത്. സിറ്റ്ഔട്ട്, ഒരു ബെഡ്‌റൂം, ഓപ്പണ്‍ കിച്ചണ്‍, ടോയ്‌ലറ്റ് എന്നിവയാണ് വീട്ടിലുള്ളത്. മൂന്നോ നാലോ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് രണ്ടു മുറികളുള്ള വീടാണ് നിര്‍മിക്കുന്നത്.
ക്യാബിന്‍ ഹൗസ് ഉണ്ടെന്നു കരുതി എന്നെങ്കിലും അവര്‍ക്ക് സ്വപ്‌നത്തിലുള്ളൊരു വീട് നഷ്ടമാകരുതെന്ന് ആഗ്രഹവും ഇവര്‍ക്കുണ്ട്. അതു മുന്നില്‍ക്കണ്ട് ഓടുകൊണ്ടാണ് മേല്‍ക്കൂര പാകിയത്. സിമന്റ് ബ്രിക്കുകള്‍ കൊണ്ടാണ് അടിത്തറ കെട്ടിയത്, സിമന്റ് ബോര്‍ഡുകള്‍ കൊണ്ടും സിമന്റ് ബ്രിക്കുകള്‍ കൊണ്ടും ചുവരും ചെയ്തു. ഓടിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് സ്റ്റീല്‍ കമ്പികള്‍ കൊണ്ടാണ്.
അടിത്തറയ്ക്ക് അധികം ഭാരം ഏല്‍ക്കാത്ത വിധത്തിലാണ് വീടിന്റെ മൊത്തത്തിലുള്ള നിര്‍മാണം. ഇതിനകം തന്നെ രണ്ടു ക്യാബിന്‍ ഹൗസുകളുടെ നിര്‍മ്മാണം ഇടുക്കിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യത്തേതിനു പതിനഞ്ചു ദിവസം എടുത്തെങ്കില്‍ രണ്ടാമത്തെ വീട് പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി.
പുതുവര്‍ഷത്തോട് അനുബന്ധിച്ച് മൂന്ന് ക്യാബിന്‍ ഹൗസുകള്‍ കൂടി കൈമാറാനിരിക്കുന്നു. താക്കോല്‍ദാനം വലിയ പരിപാടിയായി നടത്തുന്ന ചടങ്ങും ഇവിടെയില്ല. ദാനം നല്‍കുന്നുവെന്ന തോന്നല്‍ അവരില്‍ ഉണ്ടാകാതിരിക്കാനാണിത്. പാലുകാച്ചി തീര്‍ത്തും സ്വകാര്യമായ ചടങ്ങോടെയാണ് ഗൃഹപ്രവേശം ആരംഭിക്കുന്നത്.
Content Highlights: cabin house in idukki Low Cost home