ബിൽഡ് നെക്സ്റ്റിന്റെ അമരക്കാരായ ദിലീപ് പി.ജി., ഗോപീകൃഷ്ണൻ വി., ഫിനാസ് നാഹ, നിർമൽ ജോർജ് എന്നിവർ
ഒരു വീട് വയ്ക്കുന്നതിന് മുമ്പ് ടൂള്‍ കിറ്റ് സൂക്ഷിക്കാന്‍ സ്ഥലം എവിടെയാണെന്ന് വേണ്ടതെന്ന് നിശ്ചയിക്കാറുണ്ടോ? അടുക്കളയിലെ ഭക്ഷണം തയ്യാറാക്കുന്ന സ്ലാബിന് എത്ര ഉയരം വേണെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു വീട് പണിയുമ്പോള്‍ ഇത്തരം സൂക്ഷ്മമായ കാര്യങ്ങള്‍ കൃത്യമായി കണക്കുകൂട്ടി, സാങ്കേതികവിദ്യയുടെ സഹായത്തോടെ അവ സേവനമായി എത്തിക്കുകയാണ് നാല് യുവ സുഹൃത്തുക്കള്‍. ഭവന നിര്‍മാണരംഗത്ത് കുറഞ്ഞനാളുകള്‍ക്കുള്ളില്‍ കേരളത്തില്‍ സ്വന്തം സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ബില്‍ഡ്നെക്സ്റ്റ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി.
കെട്ടിടനിര്‍മാണം എളുപ്പമുള്ളതാക്കി മാറ്റുക, നിലവിലെ നിര്‍മാണരീതിയിലെ പോരായ്മകള്‍ പരിഹരിച്ച് നിര്മാണമേഖലിയില് മാറ്റമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബില്‍ഡ്നെക്സ്റ്റിന്റെ തുടക്കം. പാലക്കാട് സ്വദേശി ഗോപികൃഷ്ണന്, മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫിനാസ് നഹ, നിര്‍മല്‍ ജോര്‍ജ്, ദിലീപ് എന്നിവരാണ് ബില്‍ഡ്നെക്സ്റ്റിന്റെ അമരക്കാര്‍. ഐ.ഐ.എം. ബാംഗ്ലൂരിലെ ബാച്ച്മേറ്റാണ് ഗോപീകൃഷ്ണനും ഫിനാസും. ഐ.ഐ.ടി. ഖരഗ്പുരില്‍ നിന്ന് ആര്‍ക്കിടെക്റ്റില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡല്‍ ജേതാവുമാണ് ഗോപീകൃഷ്ണന്. ഇരുവരുടെയും സുഹൃത്തുക്കള്‍ കൂടിയായ നിര്‍മല്‍, ദിലീപ് ഗോപിയും ഫിനാസും ഒപ്പം കൂട്ടുകയായിരുന്നു.
ഒരു വീട്ടില്‍ താമസിക്കുന്ന ആളുകളുടെ അഭിരുചിക്ക് അനുസരിച്ച്, ആവശ്യങ്ങള്‍ യഥോചിതം കണ്ടറിഞ്ഞുള്ള നിര്‍മാണരീതിയാണ് ഇവര്‍ അവലംബിക്കുന്നത്. ഉപദേശം മാത്രമല്ല, വീട് നിര്‍മാണത്തില്‍ ആര്‍ക്കിടെക്റ്റ്, ഇന്റീരിയര്‍ ഡിസൈനര്‍, കോണ്ട്രാക്ടര്, സിവില്‍ എന്‍ജിനീയര്‍ എന്നിവരുടെയെല്ലാം സേവനം ഇവര്‍ ഉറപ്പുവരുത്തുന്നു.
.jpg?$p=f0b49be&w=610&q=0.8)
എറണാകുളം മരംപള്ളി സ്വദേശി സെയ്ഫുവിന്റെ വീട്
ബില്‍ഡ് നെക്സ്റ്റിന്റെ തുടക്കം
2015-ലാണ് ബില്‍ഡ്നെക്സ്റ്റിന് തുടക്കം കുറച്ചത്. 2019 മുതല്‍ കമ്പനി വീട് നിര്‍മാണത്തിലേക്ക് കടന്നു. കെട്ടിടനിര്‍മാണ സാമഗ്രഹികളുടെ ഓണ്‍ലൈന്‍ വിപണിയായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട്, വീട് നിര്‍മാണം സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പമാക്കുന്ന പ്ലാറ്റ്ഫോമായി ബില്‍ഡ് നെക്സ്റ്റ് മാറി.
വീട് നിര്‍മിക്കുമ്പോള്‍ സാധാരണക്കാരനും ശരിയായ ഉപദേശങ്ങള്‍ നല്‍കുക എന്നതാണ് ഈ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ വീട് നിര്‍മാണത്തില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതു കൂടാതെ ചെലവും കുറയ്ക്കാന്‍ കഴിയും. നിലവിലുള്ള ഭൂരിഭാഗം നിര്‍മാണ സംവിധാനങ്ങളും ഉപഭോക്താവിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നവയും മോശം അനുഭവം സമ്മാനിക്കുന്നവയുമാണെന്ന് ഗോപീകൃഷ്ണന് അഭിപ്രായപ്പെട്ടു. ''അറിവില്ലായ്മ മൂലവും ലഭ്യതക്കുറവ് മൂലവും ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ വാങ്ങാന്‍ പലപ്പോഴും ആളുകള്‍ നിര്‍ബന്ധിതരാകുന്നു. അതിനൊരു തിരുത്താണ് ഞങ്ങള്‍ കൊണ്ടുവന്നത്. ആളുകള്‍ക്ക് എവിടെനിന്നും സാധനങ്ങള്‍ വാങ്ങാം. അവ നിര്‍മാണസ്ഥലത്ത് കൃത്യമായി എത്തിയെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും''-ഗോപീകൃഷ്ണന് പറഞ്ഞു. ഇതുവരെ ബില്‍ഡ്നെക്സ്റ്റിന്റെ നേതൃത്വത്തില്‍ 150-തോളം വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. നിലവില്‍ കോയമ്പത്തൂരിലും കേരളത്തിലുമാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍.
.jpg?$p=71e446e&w=610&q=0.8)
സേവനങ്ങള്‍ ഒറ്റ കുടക്കീഴില്
ചരക്ക് നീക്കത്തിന് നേതൃത്വം നല്കുന്ന സേവനദാതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബില്‍ഡ്നെക്സ്റ്റ് എളുപ്പത്തില്‍ വീട് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ചു നല്കുന്നു. പ്രാദേശിക വിപണിയുമായും വമ്പന്‍ ചരക്ക് സേവനദാതാക്കളുമായും ബന്ധമുള്ള ഇവര്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഗുണമേന്മ കൂടിയ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുന്നത്.
വീട് പണിത് കഴിയുമ്പോള്‍ അതിനുള്ളില്‍ ആവശ്യമില്ലാത്തതായി ഒരു സ്ഥലവും ഉണ്ടാകുകയില്ല. കിറുകൃത്യമായ പ്ലാനിങ് ആണ് ഇതിന് കാരണം. വീട്ടിലെ ഓരോ സാധനങ്ങളും സൂക്ഷിക്കുന്നതിന് കൃത്യമായ സ്ഥല നിര്‍ണയം ഉണ്ടായിരിക്കും. അതിനാല്‍ വീടിനുള്ളില്‍ ഒരു സ്ഥലവും വെറുതെ ഒഴിഞ്ഞ് കിടക്കുകയുമില്ല. കൊറിയര്‍ സര്‍വീസ് ദാതാക്കള്‍ മുതല്‍ ട്രക്ക് ഉടമകളുമായി വരെ നിരന്തരം ബന്ധം കാത്തുസൂക്ഷിക്കുന്നതിനാല്‍ സാധനങ്ങളുടെ കയറ്റിറക്ക് എളുപ്പമാകുന്നു. ഏറ്റവും കുറഞ്ഞ ചെലവിലാണ് സാധനങ്ങള്‍ ഇറക്കി നല്‍കുന്നതെന്നതും ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ നേട്ടമാണ്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിന് ഏകജാലക സംവിധാനമാണ് ബില്‍ഡ്നെക്സ്റ്റ് മുന്നോട്ട് വയ്ക്കുന്നത്. സാങ്കേതികവിദ്യയിലെ നൂതനകണ്ടുപിടിത്തങ്ങളായ വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ അനുഭവവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
.jpg?$p=b103e4b&w=610&q=0.8)
കോയമ്പത്തൂര്‍, കേരളം എന്നിവടങ്ങളില്‍ ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബില്‍ഡ്നെക്സ്റ്റ് നേതൃത്വം നല്‍കുന്നത്. അടുത്തിടെ 35 ലക്ഷം ഡോളറിന്റെ(ഏകദേശം 28 കോടിരൂപ) മൂലധന ഫണ്ടിങ് ബില്‍ഡ്നെക്സ്റ്റ് സ്വന്തമാക്കിയിരുന്നു. ഫെവികോള്‍, ഡോ. ഫിക്സിറ്റ്, എം. സീല്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മധുമാല വെഞ്ച്വേഴ്സാണ് പ്രീ സീരീസ് എ റൗണ്ടിലുള്ള നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവടങ്ങളിലേക്ക് കൂടി കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍ ഇപ്പോള്‍.
''സ്വതന്ത്രമായി കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം ഡെവലപ്പേഴ്സിന്റെ ഒപ്പം ചേര്‍ന്ന് പങ്കാളികളായും പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളെക്കുറിച്ചും അവയുടെ ഡിസൈനിങ്ങിനെക്കുറിച്ചും ഓരോ വീടുകളുടെയും പ്രവര്‍ത്തനത്തെക്കുറിച്ചും പഠിക്കുന്നതിന് ഗവേഷകരുടെ ഒരു കൂട്ടായ്മ ബില്‍ഡ് നെക്സ്റ്റിനൊപ്പമുണ്ട്. ഒരു സ്ഥലം കണ്ടുകഴിയുമ്പോള്‍ അത് വിശകലനം ചെയ്ത് വീടിന്റെ രൂപത്തെക്കുറിച്ച് ധാരണയുണ്ടാക്കുകയാണ് ആദ്യം ചെയ്യുക. വീടിനുള്ളിലെ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും കൃത്യമായി കണക്കുകൂട്ടിയാണ് ഡിസൈന്‍ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് വീടിന്റെ ഏത് മൂലയിലും വൈഫൈ കണക്ഷന് ലഭിക്കുന്നുണ്ടോ, വാഡ്രോബിന്റെ വലുപ്പം എത്രവേണം, ടൂള്‍കിറ്റ് സൂക്ഷിക്കേണ്ടതെവിടെ തുടങ്ങി ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ പോലും അതീവശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഭാവിയിലുണ്ടാകാനുള്ള മാറ്റങ്ങള്‍കൂടി മുന്നില്‍ കണ്ടാണ് വീടിന്റെ നിര്‍മാണം. ഉദാഹരണത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം, റോബോട്ടിക് വാക്വം ക്ലീനര്‍ ഉപയോഗിക്കാന്‍ പറ്റുന്നവിധമുള്ള ഡിസൈന്‍ എന്നിവയെല്ലാം പ്രത്യേകതയാണ്''-ഗോപീകൃഷ്ണന് പറഞ്ഞു. വീടിന്റെ ഡിസൈനിങ്ങും നിര്‍മാണവും രണ്ട് തട്ടില്‍ കാണാതെ, അവ രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയാണ് ബില്‍ഡ്നെക്സ്റ്റ് പിന്തുടരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..